വി ഡി സവർക്കറെ ഇന്ദിരാഗാന്ധി 'ഭാരതത്തിന്റെ വിശിഷ്ട പുത്രൻ' എന്നു വിളിച്ചിരുന്നോ?

By Web TeamFirst Published Dec 17, 2019, 1:13 PM IST
Highlights

'വീർ സവർക്കർ ബ്രിട്ടീഷുകാരെ സധൈര്യം എതിർത്തുകൊണ്ട് നടത്തിയ പോരാട്ടങ്ങൾക്ക് നമ്മുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിലുള്ള പങ്ക് അവിസ്മരണീയമാണ്', ഇന്ദിര എഴുതി.

കോൺഗ്രസ് വക്താക്കളിൽ പലരും ബിജെപിയെ സവർക്കറുടെ പേരും പറഞ്ഞ് പലപ്പോഴും കളിയാക്കാറുണ്ട്. വി ഡി സവർക്കർ സ്വാതന്ത്ര്യസമരക്കാലത്തെ തന്റെ ജയിൽ വാസത്തിൽ നിന്ന് മോചിതനാകാൻ വേണ്ടി ബ്രിട്ടീഷ് ഭരണകൂടത്തിന് പലവുരു മാപ്പെഴുതി നൽകിയിട്ടുണ്ട് എന്നത് കോൺഗ്രസ് എക്കാലത്തും ഉന്നയിച്ചുപോരുന്ന ആക്ഷേപമാണ്. ഈയടുത്ത്, "മാപ്പുപറയാൻ ഞാൻ രാഹുൽ സവർക്കറല്ല, രാഹുൽ ഗാന്ധിയാണ് " എന്ന് ആഞ്ഞൊരു അടിയടിച്ചത് സാക്ഷാൽ രാഹുൽ ഗാന്ധിയാണ്.

എന്നാൽ ഇപ്പോൾ, കോൺഗ്രസിന്റെ ഈ ആക്ഷേപത്തിന് പരിചപിടിക്കാൻ പോന്ന ഒരായുധം കിട്ടിയിട്ടുണ്ട് ബിജെപിക്ക്. അത് 1980 -ൽ എഴുതപ്പെട്ട ഒരു കത്താണ്. എഴുതിയതോ കോൺഗ്രസിലെ ഉരുക്കുവനിതയും, രാഹുൽ ഗാന്ധിയുടെ അമ്മൂമ്മയുമായ ഇന്ദിരാ ഗാന്ധിയും. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച പ്രധാനമന്ത്രിമാരിൽ ഒരാളും, ഇന്ത്യയുടെ ഒരേയൊരു വനിതാ പ്രധാനമന്ത്രിയുമാണ് ഇന്ദിര. ഇപ്പോൾ ഈ കത്ത് വെളിച്ചത്തുകൊണ്ടുവന്നിരിക്കുന്നത് ബിജെപി ജനറൽ സെക്രട്ടറി റാം മാധവ് ആണ്. ഈ കത്ത് സ്വാതന്ത്ര്യവീർ സവർക്കർ രാഷ്ട്രീയ സ്മാരക് എന്ന സംഘടനയുടെ സെക്രട്ടറിയായിരുന്ന പണ്ഡിറ്റ് ബാഖ്‌ലെയ്ക്കാണ് ഇന്ദിര അന്നെഴുതിയത്. 

ഇന്ദിരയുടെ എഴുത്തിൽ പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്. "നിങ്ങൾ 1980 മെയ് 10 -നെഴുതിയ കത്ത് കിട്ടിബോധിച്ചിരിക്കുന്നു. വീർ സവർക്കർ ബ്രിട്ടീഷുകാരെ സധൈര്യം എതിർത്തുകൊണ്ട് നടത്തിയ പോരാട്ടങ്ങൾക്ക് നമ്മുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിലുള്ള പങ്ക് അവിസ്മരണീയമാണ്. ഭാരതത്തിന്റെ ഈ വിശിഷ്ട പുത്രന്റെ ജന്മവാർഷികം ആഘോഷിക്കാനുള്ള തങ്ങളുടെ ഉദ്യമങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു, എന്ന്" ഇന്ദിരാ ഗാന്ധി. 

 'റേപ്പ് ഇൻ ഇന്ത്യ' പരാമർശത്തിന്റെ പേരിൽ പൊന്തിവന്ന വിവാദങ്ങൾക്ക് മറുപടി പറയുന്ന കൂട്ടത്തിൽ സവർക്കറുടെ പേര് ഉദ്ധരിച്ചുകൊണ്ട് പ്രതിരോധിച്ച രാഹുലിന്റെ നടപടി മഹാരാഷ്ട്രയിലെ കോൺഗ്രസ് സഖ്യകക്ഷിയായ ശിവസേനയിൽ നിന്നുതന്നെ കടുത്ത പ്രതിഷേധം ക്ഷണിച്ചു വരുത്തിയിരുന്നു.  ' മാപ്പു പറയാൻ ഞാൻ സവർക്കറല്ല' എന്ന് രാഹുൽ പറഞ്ഞതിന് പിന്നാലെ തന്നെ രാഹുലിനെ അക്രമിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സവർക്കറുടെ ബന്ധുക്കളും രംഗത്തെത്തിയിരുന്നു.  

ആ വിവാദങ്ങൾ കെട്ടടങ്ങുന്നതിനിടെ, ഇന്ന് രാവിലെയാണ് റാം മാധവ്  തന്റെ ട്വിറ്റർ ഹാൻഡിലിലൂടെ "സവർക്കറുടെ ജന്മവാർഷികത്തിൽ ഇന്ദിരാഗാന്ധിയുടെ സന്ദേശം" എന്ന അടിക്കുറിപ്പോടെ ഈ കത്ത് പങ്കുവെച്ചത്. 
  

Indira Gandhi's message on Savarkar's birth centenary pic.twitter.com/mfEXZO2Gvb

— Ram Madhav (@rammadhavbjp)
click me!