സ്വന്തം പൂന്തോട്ടത്തില്‍ സുജിതയുടെ പരീക്ഷണം, പഴയ തുണികളിനി ചെടിച്ചട്ടിയാക്കാം, ഹാര്‍പിക് ബോട്ടിലോ, പൗഡര്‍ ടിന്നോ ഒന്നും കളയുകയേ വേണ്ട

By Nitha S VFirst Published Dec 17, 2019, 12:37 PM IST
Highlights

ഗ്രോബാഗിനേക്കാള്‍ ഭംഗിയുള്ള തുണി കൊണ്ടുള്ള പൂച്ചട്ടികള്‍ ഉണ്ടാക്കി പൂന്തോട്ടം അലങ്കരിച്ചിരിക്കുകയാണ് ഇവിടെ. ഈ പൂച്ചട്ടി ഇഷ്ടമുള്ള നിറത്തിലും രൂപത്തിലും ഉണ്ടാക്കാം. കര്‍ട്ടന്‍, സാരി, പാന്റ്‌സ്, ബെഡ്ഷീറ്റ്, ബെഡ് കവര്‍, നൂല് കൊണ്ടുള്ള ചാക്ക്, പഴകിയ തുണികള്‍ എന്നിവ ഉപയോഗിച്ചാണ് തുണിച്ചട്ടി നിര്‍മിക്കുന്നത്. ഇതോടൊപ്പം പ്ലാസ്റ്റിക് കൂടുകളും ലെയര്‍ പോലെ ആക്കി ഇടാവുന്നതാണ്. ചെലവ് കുറവുമാണ്.

സ്വന്തം കൂട്ടുകാരിക്ക് വേണ്ടി ഉദ്യാനത്തില്‍ പരീക്ഷണങ്ങള്‍ നടത്തിയ സുജിതയ്ക്ക് ഇപ്പോള്‍ വെറുതെ പാഴാക്കിക്കളയാന്‍ അല്‍പം പോലും സമയമില്ല. നാല് വര്‍ഷമായി പൂച്ചെടികള്‍ കൊണ്ട് വീട് അലങ്കരിച്ചിരിക്കുകയാണ്. ഉദ്യാനപാലനവുമായി ബന്ധപ്പെട്ട് വിദേശത്തു നിന്നുള്ള വീഡിയോകള്‍ കണ്ടു മനസിലാക്കി വെറുതെ പരീക്ഷിച്ചു നോക്കിയതാണെങ്കിലും മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്ന പൂന്തോട്ടമൊരുക്കുന്ന കാര്യത്തില്‍ വിജയിച്ചിരിക്കുകയാണ് സുജിത സതീഷ് ഇപ്പോള്‍. ആവശ്യക്കാര്‍ക്ക് ചെടികള്‍ നല്‍കുന്നുമുണ്ട്.

'ഒരു സാധനവും ഞാന്‍ പാഴാക്കിക്കളയാറില്ല. ഹാര്‍പിക് ബോട്ടില്‍, പൗഡര്‍ ടിന്‍, ചിരട്ട എന്നിവയിലെല്ലാം ചെടികള്‍ വളര്‍ത്തുന്നുണ്ട്. അമ്മയ്ക്കും അനിയനും അത്യാവശ്യം നല്ല പൂന്തോട്ടമുണ്ട്. അധ്യാപികയായിരുന്ന ഞാന്‍ കേരളത്തിനകത്തും പുറത്തും പല സ്ഥലങ്ങളിലും ജോലി ചെയ്തിരുന്നു. ഭര്‍ത്താവ് ഇന്ത്യന്‍ വ്യോമസേനയില്‍ നിന്ന് വിരമിച്ചശേഷം നാട്ടില്‍ വന്ന് സ്ഥിരതാമസമാക്കി. കാസര്‍കോട് ജില്ലയിലെ ബളാല്‍ ആണ് സ്വദേശം' സുജിത പറയുന്നു.

 

പൊതുവേ എല്ലാത്തരം ചെടികളോടും ഇഷ്ടമാണ്. എന്നിരുന്നാലും ഓര്‍ക്കിഡുകള്‍, ജലസസ്യങ്ങള്‍, ആന്തൂറിയം എന്നിവ പരിചരിക്കാന്‍ പ്രത്യേക താല്‍പര്യം തന്നെയാണെന്ന് സുജിത പറയുന്നു. 'ഒരു പരിചരണവും ആവശ്യമില്ലാതെ നിറയെ പൂ തരുന്നവയാണ് ബോഗന്‍വില്ല ചെടികള്‍. ഡെന്‍ഡ്രോബിയം, ടൊളുമ്‌നിയ, കാറ്റലിയ, ഓണ്‍സീഡിയം, സിമ്പിഡിയം, ഗ്രൗണ്ട് ഓര്‍ക്കിഡുകള്‍, സാന്‍സിവേറിയ, ക്രോട്ടണ്‍സ്, അഡീനിയം, ആമ്പലുകള്‍, താമര, മറ്റു ജലസസ്യങ്ങള്‍, ഹൈഡ്രാഞ്ചിയ, ഹെലിക്കോണിയ, സിങ്കോണിയം, കലാഞ്ചിയ, വെള്ള കൊന്നപ്പൂ, മുല്ലകള്‍, ചെത്തികള്‍, ഹാങ്ങിങ്ങ് പ്ലാന്റ്‌സ്, മണി പ്ലാന്റ്... അങ്ങനെ പലയിനം ചെടികള്‍ എന്റെ വീട്ടില്‍ ഉണ്ട്.'

വ്യത്യസ്തമായ പരിചരണം നല്‍കുന്നവ

ആന്തൂറിയം, ഓര്‍ക്കിഡുകള്‍, അഡീനിയം, കാക്റ്റസ് എന്നിവയൊക്കെ സാധാരണ ചെടികളില്‍ നിന്നും വ്യത്യസ്തമായ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവയാണ്.

'ആന്തൂറിയത്തിന് ഓട്ടിന്‍കഷണങ്ങള്‍, തൊണ്ടിന്റെ കഷണങ്ങള്‍, കരി, മണല്‍, ഉണക്കചാണകം എന്നിവയാണ് പോട്ടിങ്ങ് മിശ്രിതമായി ഉപയോഗിക്കുന്നത്. പൊങ്ങിക്കിടക്കുന്ന ജലസസ്യങ്ങള്‍ കൊണ്ട് മുകള്‍ഭാഗം മൂടും. അഡീനിയത്തിന് മണ്ണും മണലും, ഓട് തരുപ്പായി പൊട്ടിച്ചതും ചാണകപ്പൊടിയുമാണ് ഉപയോഗിക്കുന്നത്.' സുജിത തന്റെ കൃഷിരീതി വിശദമാക്കുന്നു.

തുണികൊണ്ട് പൊതിഞ്ഞ സിമന്റ് പൂച്ചട്ടി

ഗ്രോബാഗിനേക്കാള്‍ ഭംഗിയുള്ള തുണി കൊണ്ടുള്ള പൂച്ചട്ടികള്‍ ഉണ്ടാക്കി പൂന്തോട്ടം അലങ്കരിച്ചിരിക്കുകയാണ് ഇവിടെ. ഈ പൂച്ചട്ടി ഇഷ്ടമുള്ള നിറത്തിലും രൂപത്തിലും ഉണ്ടാക്കാം. കര്‍ട്ടന്‍, സാരി, പാന്റ്‌സ്, ബെഡ്ഷീറ്റ്, ബെഡ് കവര്‍, നൂല് കൊണ്ടുള്ള ചാക്ക്, പഴകിയ തുണികള്‍ എന്നിവ ഉപയോഗിച്ചാണ് തുണിച്ചട്ടി നിര്‍മിക്കുന്നത്. ഇതോടൊപ്പം പ്ലാസ്റ്റിക് കൂടുകളും ലെയര്‍ പോലെ ആക്കി ഇടാവുന്നതാണ്. ചെലവ് കുറവുമാണ്.

 

ഇതുണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍ സിമന്റ് കൂട്ട്, സിമന്റ് ഇളക്കാനുള്ള ബക്കറ്റ്, കലര്‍ത്തി യോജിപ്പിക്കാന്‍ തടിക്കഷണം, ടവല്‍ വിരിക്കാനായി പരന്ന അടിഭാഗമുള്ള ഒരു പാത്രം, പഴയ ടവല്‍ എന്നിവയാണ്. ടവല്‍ ചതുരക്കഷണമായി മുറിക്കാം. ആവശ്യമുണ്ടെങ്കില്‍ നടുവില്‍ ദ്വാരമിടാം.

പാത്രം ടവ്വലില്‍ ഒട്ടിപ്പിടിക്കാതിരിക്കാനായി പ്ലാസ്റ്റിക് കവര്‍ അല്ലെങ്കില്‍ ദിനപത്രം ഉപയോഗിക്കാം. കൈകളില്‍ ഗ്ലൗസ് ഉപയോഗിക്കാം. ദോശമാവിന്റെ പരുവത്തില്‍ സിമന്റ് കൂട്ട് ഉണ്ടാക്കും. ടവ്വല്‍ നനച്ച് പിഴിഞ്ഞ് സിമന്റ് മിശ്രിതത്തില്‍ ഇടുക. ടവലിന്റെ മുഴുവന്‍ ഭാഗങ്ങളും സിമന്റില്‍ പൊതിഞ്ഞിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. അതിനുശേഷം പാത്രം കമിഴ്ത്തി വെച്ച് ഷീറ്റോ പേപ്പറോ വെച്ച് മൂടണം.

 

ടവല്‍ എടുത്ത് നിങ്ങള്‍ ഉപയോഗിക്കാന്‍ തിരഞ്ഞെടുത്ത ഷീറ്റ് കൊണ്ട് മൂടിയ പാത്രത്തിന് മുകളിലൂടെ വിരിയ്ക്കുക. ടവല്‍ മുഴുവന്‍ സിമന്റ് കൊണ്ട് മൂടിയാല്‍ ആവശ്യം പോലെ ഞൊറികള്‍ പോലെ ആകൃതിയുണ്ടാക്കി സിമന്റ് പൊടി അല്‍പം വിതറി ടവല്‍ മിനുസപ്പെടുത്തണം. 24 മണിക്കൂര്‍ കഴിഞ്ഞ് നനയ്ക്കണം. 48 മണിക്കൂര്‍ തണലില്‍ വയ്ക്കുക. അതിനുശേഷം നിങ്ങള്‍ക്ക് ഇഷ്ടമുള്ള നിറത്തിലുള്ള പെയിന്റടിച്ച് ഭംഗിയാക്കി നന്നായി ഉണക്കിയെടുത്താല്‍ തുണികൊണ്ടു പൊതിഞ്ഞ സിമന്റ് പൂച്ചട്ടി തയ്യാറായി.

 

അതുപോലെ തന്നെ ഓര്‍ക്കിഡുകള്‍ വളര്‍ത്തുമ്പോള്‍ പി.വി.സി പൈപ്പില്‍ ചകിരികൊണ്ട് കയര്‍ ചുറ്റി ഉയരമുള്ള സ്ഥലത്ത് പിടിപ്പിച്ചത് നേര്‍ത്ത കമ്പിയില്‍ തൂക്കിയാല്‍ സ്ഥലപരിമിതി, വളര്‍ത്താനുള്ള മാധ്യമത്തിന്റെ കുറവ് എന്നീ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് സുജിത പറയുന്നു. വിവിധ തരത്തിലുള്ള ബോട്ടിലുകള്‍ക്ക് പെയിന്റ് അടിച്ചാല്‍ നല്ല ഭംഗിയുമാണ്.

 

പ്ലാസ്റ്റിക് ബോട്ടിലുകള്‍ ശേഖരിച്ച് മുറിച്ച് തിരിയിട്ട് സ്വന്തമായി വെള്ളം നനയ്ക്കുന്ന സെല്‍ഫ് വാട്ടറിങ്ങ് പോട്ടുകളും ഉണ്ടാക്കി വെച്ചിട്ടുണ്ട്.

ചെടികള്‍ക്ക് വളമായി പഴത്തൊലി അരിഞ്ഞതോ ഉണക്കിപ്പൊടിച്ചതോ ഉപയോഗിക്കാം. അല്ലെങ്കില്‍ പഴത്തൊലി 10 ദിവസം വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് ആ വെള്ളം നേര്‍പ്പിച്ചതോ ഉപയോഗിക്കാം. അതുകൂടാതെ പഴത്തൊലി, ഉള്ളിത്തോല്‍, മുട്ടത്തോട്, തേയിലച്ചണ്ടി എന്നിവ തിളപ്പിച്ചാറ്റി നേര്‍പ്പിച്ചത് തളിച്ചുകൊടുക്കാം.

ഒച്ചുകളെ അകറ്റാന്‍ ഷാംപൂ വേപ്പെണ്ണയില്‍ ചേര്‍ത്തു നേര്‍പ്പിച്ചു തളിക്കുകയാണ് പതിവ്. ഓര്‍ക്കിഡിന്റെ ചട്ടികള്‍ നേര്‍ത്ത കെട്ടുകമ്പികള്‍ ഉപയോഗിച്ച് തൂക്കിയിട്ടാല്‍ ഒച്ചുകള്‍ കയറി വരുന്നത് തടയാം. വെള്ളത്തില്‍ വളരുന്ന ചെടികള്‍ക്ക് പഴത്തൊലി, ചാണകം, കടലപ്പിണ്ണാക്ക്, മുട്ടത്തോട് എന്നിവ കിഴിയാക്കി കുഴിച്ചിടുന്നത് നല്ലതാണെന്ന് സുജിത അനുഭവത്തില്‍ നിന്ന് പറയുന്നു.


 

click me!