'ഞങ്ങള്‍ക്ക് മരിച്ചാല്‍ മതി, ഇങ്ങനെ ജീവിക്കണ്ട' രാജ്യം വിട്ടോടേണ്ടിവന്ന കുഞ്ഞുങ്ങള്‍ പറയുന്നു

By Web TeamFirst Published Dec 17, 2019, 12:10 PM IST
Highlights

''ഒരു മനുഷ്യനും അവന്‍റെ സ്വന്തം രാജ്യത്തുനിന്നും ഓടിപ്പോകണം എന്ന് ആഗ്രഹിക്കില്ല. ഒരുപാടൊരുപാട് അഭയാര്‍ത്ഥിക്കുഞ്ഞുങ്ങളെ ഞാനിവിടെ കാണാറുണ്ട്. വളരെ മോശം അവസ്ഥയിലാണ് അവരോരോരുത്തരും കഴിയുന്നത്. അതുപോലെതന്നെ അവര്‍ക്ക് നല്ല ചികിത്സ കിട്ടുന്നില്ല. ആവശ്യത്തിന് ഡോക്ടര്‍മാരില്ല, ആവശ്യത്തിന് നഴ്‍സുമാരില്ല, കഴിക്കാന്‍ വേണ്ട ഭക്ഷണമില്ല.''

സ്വന്തം രാജ്യത്തുനിന്നും ഒട്ടും തയ്യാറാകാത്ത ഒരു നിമിഷം എല്ലാം വിട്ടെറിഞ്ഞ് ഓടിപ്പോകേണ്ടി വരിക എന്നത് ആര്‍ക്കും താങ്ങാനാവുന്ന കാര്യമല്ല. അന്നുമുതല്‍ നമ്മുടേത് എന്ന് കരുതിയിരുന്ന ഒന്നും നമ്മുടേതല്ല എന്ന ബോധ്യമാണ്. അത്രനാളുമുണ്ടായിരുന്ന ഒന്നുമില്ല. ഭക്ഷണമോ, വസ്ത്രമോ, കിടപ്പാടമോ, കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസമോ ഒന്നുംതന്നെ... തൊട്ടുമുന്നിലെ നിമിഷം വരെയെന്തായിരുന്നോ, എന്തുണ്ടായിരുന്നോ അതെല്ലാം റദ്ദ് ചെയ്യപ്പെട്ടിരിക്കുന്നു. ഇതിനെക്കുറിച്ചൊന്നും തിരിച്ചറിയാന്‍പോലും പ്രായമില്ലാത്ത കുഞ്ഞുങ്ങള്‍ക്കാകട്ടെ അവരുടെ ബാല്യം എന്നേക്കുമായി നഷ്‍ടപ്പെടുന്നു. 

'ഏഴോ എട്ടോ വയസ്സുള്ള കുട്ടികളോട് സംസാരിക്കുമ്പോള്‍ അവനും പറയുകയാണ് എനിക്ക് എങ്ങനെയെങ്കിലും ഒന്ന് മരിച്ചാല്‍ മതി എന്ന്. ജീവിതത്തിലൊരിക്കലും ഞാന്‍ കരുതിയിരുന്നില്ല ഈ പ്രായത്തിലുള്ള കുട്ടികളില്‍നിന്ന് ഇങ്ങനെ കേള്‍ക്കേണ്ടി വരുമെന്ന്' -പറയുന്നത് സാമൂഹിക പ്രവര്‍ത്തകയും സൈക്കോളജിസ്റ്റുമായ ആഞ്ജല. 

ക്യാമ്പിന്‍റെ ഒരു ഭാഗം

 

ഗ്രീസിലെ ലെസ്ബോസ് മോറിയ ക്യാമ്പില്‍ കഴിയുന്നത് കുടിയേറിയെത്തിയ ഏഴായിരത്തോളം വരുന്ന അഭയാര്‍ത്ഥിക്കുട്ടികളാണ്. മിക്കവാറും പേരും ഓടിവന്നിരിക്കുന്നത് യുദ്ധം തകര്‍ത്തുകളഞ്ഞ രാജ്യത്ത് നിന്ന് ജീവനുംവാരി കയ്യില്‍പ്പിടിച്ച്. അതില്‍ ഭൂരിഭാഗം കുഞ്ഞുങ്ങളും കടന്നുപോകുന്നത് വളരെ മോശം മാനസികാവസ്ഥകളിലൂടെയാണ്. ക്യാമ്പുകളില്‍ താല്‍ക്കാലികമായുണ്ടാക്കിയ സ്‍കൂളില്‍ നിന്ന് പഠിച്ച ഇംഗ്ലീഷില്‍ ഇവര്‍ സംസാരിക്കുന്നു. സക്കറിയ എന്ന അഭയാര്‍ത്ഥിയാണ് ഈ സ്‍കൂളുണ്ടാക്കിയെടുത്തിരിക്കുന്നത്. 

''ഒരു മനുഷ്യനും അവന്‍റെ സ്വന്തം രാജ്യത്തുനിന്നും ഓടിപ്പോകണം എന്ന് ആഗ്രഹിക്കില്ല. ഒരുപാടൊരുപാട് അഭയാര്‍ത്ഥിക്കുഞ്ഞുങ്ങളെ ഞാനിവിടെ കാണാറുണ്ട്. വളരെ മോശം അവസ്ഥയിലാണ് അവരോരോരുത്തരും കഴിയുന്നത്. അതുപോലെതന്നെ അവര്‍ക്ക് നല്ല ചികിത്സ കിട്ടുന്നില്ല. ആവശ്യത്തിന് ഡോക്ടര്‍മാരില്ല, ആവശ്യത്തിന് നഴ്‍സുമാരില്ല, കഴിക്കാന്‍ വേണ്ട ഭക്ഷണമില്ല.'' സക്കറിയ കുട്ടികളുടെ അവസ്ഥയെ കുറിച്ച് പറയുന്നു.  

പലതരം മാനസിക പ്രശ്‍നങ്ങളിലൂടെയും വേദനകളിലൂടെയുമാണ് ഈ കുട്ടികള്‍ കടന്നുപോകുന്നത് എന്നതിനുള്ള പ്രകടമായ തെളിവുകള്‍ ദിവസം തോറും ഉണ്ടാകുന്നു. ''ഒരു പതിനേഴുവയസ്സുകാരന്‍ സ്വയം മുറിവേല്‍പ്പിക്കുകയാണ് ചെയ്‍തത്. തനിച്ചാണ് അവനാ ക്യാമ്പിലെത്തിച്ചേര്‍ന്നത്. ഉറക്കം കിട്ടാത്ത തരത്തില്‍ അസ്വസ്ഥനായിരുന്നു അവന്‍. അവന്‍ ഒട്ടും നല്ല അവസ്ഥയിലല്ല. അവനിങ്ങനെ ജീവിക്കണം എന്ന് ആഗ്രഹമില്ല. ഇനിയും ഇനിയും ഇങ്ങനെ സ്വയം മുറിവേല്‍പ്പിക്കും എന്ന് തന്നെയാണവന്‍ പറയുന്നത്.'' ആഞ്ജല പറയുന്നു. 

സ്വയം മുറിപ്പെടുത്തുന്ന കുഞ്ഞുങ്ങള്‍

 

കഴിഞ്ഞ മൂന്നുമാസത്തിനുള്ളില്‍ സൈക്കോളജിസ്റ്റായ ആഞ്ജല പരിശോധിച്ചത് സ്വയം മുറിവേല്‍പ്പിച്ച ഇരുപതു കുട്ടികളെയും ആത്മഹത്യാശ്രമം നടത്തിയ രണ്ട് കുട്ടികളെയുമാണ്. ക്യാമ്പിലെത്തിയ കുട്ടികള്‍ അവരനുഭവിച്ചുവന്ന പ്രയാസങ്ങളില്‍നിന്നും പുറത്തുകടക്കാന്‍ ഒരുപാട് ബുദ്ധിമുട്ടുന്നതായി ആഞ്ജല പറയുന്നു. അവര്‍ക്ക് വേണ്ടത് അവര്‍ അനുഭവിച്ചതില്‍ നിന്നും പുറത്തുകടക്കാനുള്ള ഇടവും സമയവുമാണ്. അതിലൂടെ മാത്രമേ അവര്‍ക്ക് പഴയ മാനസികാവസ്ഥയിലേക്ക് തിരികെച്ചെല്ലാന്‍ കഴിയൂ. മോറിയ ക്യാമ്പ് അതിനുപറ്റിയ ഇടമല്ല. പ്രീ സ്‍കൂള്‍ പ്രായത്തിലുള്ള കുട്ടികള്‍ അവരുടെ തല ചുമരിലിടിക്കുകയും മുടിപിടിച്ചു വലിക്കുകയും ചെയ്യുന്ന കാഴ്‍ചകള്‍, പന്ത്രണ്ടോ പതിനേഴോ വയസ്സിനിടയിലുള്ള കുട്ടികള്‍ അവരവരുടെ ദേഹത്ത് തന്നെ മുറിവേല്‍പ്പിക്കുന്ന കാഴ്‍ചകള്‍, ഓരോ ദിവസവും അവര്‍ ശക്തമായി എനിക്ക് മരിക്കണം മരിക്കണം എന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്നു. 

ആത്മഹത്യക്ക് ശ്രമിച്ച ഒരു കുട്ടി തന്‍റെ അമ്മയ്‍ക്കൊപ്പം

 

സക്കറിയ ഇവിടെ കുട്ടികള്‍ക്ക് കല, ഭാഷ, സംഗീതം എന്നിവയിലുള്ള ക്ലാസുകള്‍ നല്‍കുന്നുണ്ട്. സ്കൂളിനായി ഒരിടം പോലുമില്ലാത്ത സ്ഥലത്തുനിന്നും ഒന്നുമില്ലായ്മയില്‍ നിന്നുമാണ് താന്‍ തുടങ്ങിയത്. ഇന്ന് മൂന്ന് ക്ലാസുകളിലായി ആയിരത്തോളം കുട്ടികള്‍ പഠിക്കുന്നുണ്ട്. ഇരുപതിലേറെ അധ്യാപകരുമുണ്ട് എന്ന് സക്കറിയ പറയുന്നു. 

ക്യാമ്പിലെ കുഞ്ഞുങ്ങള്‍ വരച്ച ചിത്രം

 

മാസങ്ങളായി തങ്ങള്‍ക്ക് അഭയത്തിനായി ഒരിടം കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇവിടെയുള്ളവര്‍ കഴിയുന്നത്. മഞ്ഞുകാലമെത്തി. പക്ഷേ, അതിനെ ചെറുക്കാനുള്ള വസ്ത്രങ്ങളോ ഷൂവോ ഒന്നും തന്നെ ഈ കുട്ടികള്‍ക്കില്ല. അവര്‍ക്ക് സുരക്ഷിതമായി കഴിയാനുള്ള ഒരിടമൊരുക്കാന്‍ തങ്ങള്‍ ശ്രമിക്കുകയാണെന്ന് ആഞ്ജല പറയുന്നു. അവരോട് അവരുടെ കഥ പറയാനാവശ്യപ്പെടുന്നു. അവര്‍ക്ക് കരുത്ത് നല്‍കാന്‍ ശ്രമിക്കുന്നു. സംഭവിച്ചതൊന്നും അവരുടെ തെറ്റല്ല എന്ന് അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നു. അവരെ മറ്റൊന്നും ഓര്‍ക്കാത്തവണ്ണം തിരക്കിലാക്കി നിര്‍ത്താന്‍ ശ്രമിക്കുന്നു. അവിടെയുള്ള സമയങ്ങളില്‍ പാടാന്‍, വരയ്ക്കാന്‍, കളിക്കാന്‍ ഒക്കെ അവരെ പ്രേരിപ്പിക്കുന്നു. അത് നല്ല മാറ്റമുണ്ടാക്കിയിട്ടുണ്ട്. അവരില്‍ പതിയെ പതിയെ കുഞ്ഞുകുഞ്ഞ് സന്തോഷം ഉണ്ടാകുന്നുണ്ട്. എന്തിരുന്നാലും എല്ലാം ഉപേക്ഷിച്ച്, എന്തിന് സ്വന്തം ബാല്യം പോലും ഇഷ്ടപ്പെട്ടൊരിടത്ത് ഉപേക്ഷിച്ചുപോന്ന കുഞ്ഞുങ്ങള്‍ തന്നെയാണവര്‍.

ലെസ്ബോയിലെയും സമീപത്തെ ദ്വീപുകളിലെയും 20,000 കുടിയേറ്റക്കാരെ ഏതെങ്കിലും പ്രദേശത്തേക്ക് മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികള്‍ അടുത്ത വര്‍ഷത്തോടെയെടുക്കാനാണ് ഗ്രീക്ക് ഗവണ്‍മെന്‍റ് ഇപ്പോള്‍ ശ്രമിക്കുന്നത്. അതുവരെയും ഇതേ അനിശ്ചിതാവസ്ഥയില്‍ തന്നെയാവും ഈ കുട്ടികള്‍.

click me!