ബ്രിട്ടീഷ് പ്രധാനമന്ത്രിയെ നിലപാട് കടുപ്പിക്കാൻ പ്രേരിപ്പിച്ചത് 5 ലക്ഷം പേരെങ്കിലും മരിക്കുമെന്ന പഠനഫലമോ?

By Babu RamachandranFirst Published Mar 18, 2020, 4:48 PM IST
Highlights

സാമൂഹികമായ അകലം പാലിക്കാതെ പ്രതിരോധം ഫലപ്രദമാവില്ല എന്ന പഠനത്തിലെ നിർദേശം മാനിച്ചാണ് ബാറുകളും, പബ്ബുകളും, ക്ലബ്ബുകളും ഒക്കെ അടച്ചിടാൻ ബ്രിട്ടീഷ് സർക്കാർ നിർദേശിച്ചത്. 

നീൽ ഫെർഗുസൺ എന്ന പ്രൊഫസറുടെ നേതൃത്വത്തിൽ നടന്ന പഠനം 1918 -ലെ സ്പാനിഷ് ജ്വരവുമായി കൊവിഡ് 19 -നെ താരതമ്യം ചെയ്തുകൊണ്ട് പറഞ്ഞത്, തടഞ്ഞില്ലെങ്കിൽ ബ്രിട്ടനിൽ മാത്രം അഞ്ചുലക്ഷം പേരുടെ ജീവനെടുക്കാനുള്ള ശേഷി അതിനുണ്ടെന്നാണ്. 

കൊവിഡ് 19 -നെതിരായ പ്രവർത്തനങ്ങൾ ബ്രിട്ടീഷ് സർക്കാർ തിങ്കളാഴ്ച മുതൽ പൂർവാധികം ശക്തമാക്കിയിരുന്നു. ബ്രിട്ടനിലെ സാമൂഹിക ജീവിതം പാടെ സ്തംഭിപ്പിക്കുന്ന തരത്തിലുള്ള നിയന്ത്രണങ്ങളാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പ്രഖ്യാപിച്ചത്. വ്യാപാരസ്ഥാപനങ്ങളിൽ പലതും അടച്ചിടാൻ ആവശ്യപ്പെട്ട പ്രധാനമന്ത്രി 70 നു മുകളിൽ പ്രായമുള്ള പൗരന്മാരോട് വീടുകളിൽ നിന്ന് പുറത്തിറങ്ങരുത് എന്നും ആവശ്യപ്പെട്ടു. 

ഇങ്ങനെ കടുത്ത നടപടികളിലേക്ക് നീങ്ങാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് സർക്കാർ ആഭിമുഖ്യത്തിൽ അടുത്തിടെ നടന്ന ഒരു കൊവിഡ് 19 സാധ്യതാ പഠനത്തിലെ കണ്ടെത്തലുകളാണ് എന്നാണ് അറിയാൻ കഴിയുന്നത്. കൊവിഡ് 19 രോഗത്തിന്റെ 'വേഴ്സ്റ്റ് കേസ് സിനാറിയോ' അഥവാ ഏറ്റവും മോശപ്പെട്ട സാധ്യതയാണ് അവർ പഠനത്തിന് വിഷയമാക്കിയത്. ലണ്ടനിലെ ഇമ്പീരിയൽ കോളേജിലെ മാത്തമറ്റിക്കൽ ബയോളജി വിഭാഗം തലവനായ നീൽ ഫെർഗുസന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ഈ പഠനം നടത്തിയത്. ഒരു പ്രതിരോധങ്ങളും സ്വീകരിച്ചില്ലായിരുന്നു എങ്കിൽ, ബ്രിട്ടനിൽ അഞ്ചുലക്ഷം പേരുടെയും അമേരിക്കയിൽ 22 ലക്ഷം പേരുടെയും മരണത്തിന് കൊവിഡ് 19 കരണമായിരുന്നേനെ എന്നാണ് ഈ സംഘം നടത്തിയ സാധ്യതാപഠനം പറയുന്നത്. 

സർക്കാർ ഇതുവരെ സ്വീകരിച്ചിരുന്ന പ്രതിരോധ നടപടികൾ പോലും ചുരുങ്ങിയത് രണ്ടര ലക്ഷത്തോളം പേരുടെയെങ്കിലും മരണത്തിൽ കലാശിക്കാനിടയുണ്ട് എന്നാണ് സംഘത്തിന്റെ പഠനം പറഞ്ഞിരിക്കുന്നത്. പുതിയ നിയന്ത്രണങ്ങളിൽ വളരെ കർശനമായ സാമൂഹിക അകലം പാലിക്കലുകളുണ്ട്. അതിന്റെ പേരിലാണ് ബോറിസ് ജോൺസൻ രാജ്യത്തെ ക്ലബ്ബുകളും ബാറുകളും സിനിമാശാലകളും പബ്ബുകളും ഒക്കെ അടച്ചിടുന്നതടക്കമുള്ള കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. 

ഈ നിയന്ത്രണങ്ങൾ ബ്രിട്ടീഷ് സമൂഹത്തിനുമേൽ സാമൂഹികവും, സാമ്പത്തികവുമായ കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എങ്കിലും, അങ്ങനെ ചെയ്യാതെ നിവൃത്തിയില്ലെന്ന് ഇമ്പീരിയൽ കോളേജിലെ ഇൻഫെക്ഷ്യസ് എപിഡമോളജി  മേധാവിയും സംഘത്തിന്റെ ലീഡ് കൺസൾട്ടന്റുമാരിൽ ഒരാളുമായ പ്രൊഫ. അസ്ര ഘനി പറഞ്ഞു.  ഗ്ലോബൽ ഹെൽത്ത് എപ്പിഡമോളജി മേഖലയിലെ അഗ്രഗണ്യന്മാരിൽ ഒരാളാണ് അദ്ദേഹം. 

ഈ വിദഗ്ധസംഘം നടത്തിയ പഠനത്തിന്റെ ഫലങ്ങൾ സൂചിപ്പിച്ച വളരെ മോശപ്പെട്ട സാധ്യതകളാണ് രാജ്യത്തെ നയങ്ങൾ സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുന്ന കേന്ദ്രങ്ങളുടെ കണ്ണുതുറപ്പിച്ചത് എന്ന് കരുതുന്നു. രാജ്യത്തെ ഒരു സംഘം ആരോഗ്യപ്രവർത്തകർ ജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്കായി നെട്ടോട്ടമോടുകയും, രോഗികളെ പരിചരിക്കുകയും, ലക്ഷണമുള്ളവരെ പരിശോധിക്കുകയും, പൊതുജനങ്ങളിൽ നിന്ന് മാറ്റിനിർത്തുകയും ഒക്കെ ചെയ്യുമ്പോൾ മറ്റൊരു വഴിക്ക് അതിന്റെയൊക്കെ ഗുണഫലങ്ങളെ അട്ടിമറിക്കുന്ന രീതിയിൽ രോഗസാധ്യതയുള്ളവർ സമൂഹത്തിൽ ഇടപഴകാനുള്ള മാർഗ്ഗങ്ങൾ തുറന്നുവെക്കുന്നത് ശരിയല്ല എന്നാണ് പഠനം നടത്തിയ വിദഗ്ധർ പറഞ്ഞത്. 
സാമൂഹികമായ അകലം പാലിക്കാതെ പ്രതിരോധം ഫലപ്രദമാവില്ല എന്ന പഠനത്തിലെ നിർദേശം മാനിച്ചാണ് ബാറുകളും, പബ്ബുകളും, ക്ലബ്ബുകളും ഒക്കെ അടച്ചിടാൻ ബ്രിട്ടീഷ് സർക്കാർ നിർദേശിച്ചത്. അവരുടെ നിർദ്ദേശാനുസരമാണ് ഈ മാരകമായ പകർച്ചവ്യാധി പൂർണ്ണ നിയന്ത്രണത്തിൽ ആകും വരെ സാമ്പത്തിക നഷ്ടം സഹിച്ചും കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ നടപ്പിൽ വരുത്താൻ ബ്രിട്ടീഷ് ഗവൺമെന്റ് ഈ ഘട്ടത്തിൽ തയ്യാറെടുത്തിരിക്കുന്നത്. 

 

click me!