ഫോണില്ല, നെറ്റില്ല, 25 ദിവസം ഒന്നുമറിയാതെയുള്ള ട്രിപ്പ്; ഒടുവിൽ തിരികെ വന്നുപെട്ടത് കൊറോണാവൈറസിന്റെ നടുവിൽ

By Babu RamachandranFirst Published Mar 18, 2020, 1:04 PM IST
Highlights

25 ദിവസങ്ങൾക്കു ശേഷമവർ, കൊളറാഡോയിൽ തങ്ങളുടെ ചങ്ങാടങ്ങൾ തിരിച്ചടുപ്പിച്ചപ്പോൾ, റാഫ്റ്റിങ് കമ്പനിയുടെ പ്രതിനിധി ബ്ലെയിൻ അവരോട്  ചോദിച്ചു, "നാട്ടിൽ നടന്നത് വല്ലതും  നിങ്ങൾ അറിഞ്ഞിരുന്നോ?

സാക്ക് എൽഡർ ഒരു റാഫ്റ്റിങ് പ്രാന്തനാണ്. ഫൈബർ റാഫ്റ്റും എസ്‌യുവിയിൽ ഇട്ടുകൊണ്ട് സാക്ക് ഏതെങ്കിലും വഴിക്ക് ഇറങ്ങിപ്പോയാൽ, പിന്നെ അടുത്ത നാലഞ്ചാഴ്ച ആശാനെ ഒരു തരത്തിലും ബന്ധപ്പെടാൻ പറ്റില്ല. ഫോണോ, ഇന്റർനെറ്റോ ഒന്നുമില്ലാത്ത ഏതെങ്കിലുമൊക്കെ കാട്ടുമുക്കിലെ ചോലകളിൽ തന്റെ റാഫ്റ്റിൽ തുഴഞ്ഞു തുഴഞ്ഞുപോകു. ഏതെങ്കിലുമൊക്കെ മലമുകളിൽ ടെന്റടിച്ച് ക്യാമ്പ് ചെയ്യും. ഈ ലോകത്തോട് യാതൊരു ബന്ധവുമില്ലാതെ അങ്ങനെ  കറങ്ങി നടക്കും ആശാൻ. "ഇതെന്തു പോക്കാണിഷ്ടാ..? പോയാൽ പിന്നെ ഒരഡ്രസ്സുമില്ലല്ലോ" എന്ന് പലരും അയാളോട് ചോദിക്കാറുണ്ട്. അതെ, റാഫ്റ്റിംഗിന്റെ ലോകത്ത് തികഞ്ഞ ഏകാന്തതയാണ്. കുത്തിയൊലിക്കുന്ന ചോലവെള്ളം, ചൂളം കുത്തുന്ന കാട്, അതിന്റെതായ ഒച്ചകൾ.. അതുമാത്രമാണ് അവിടെ സാക്കിന് കൂട്ടുള്ളത്. മദിപ്പിക്കുന്ന ആ ഏകാന്തതതയുടെ വന്യസൗന്ദര്യത്തെ ഏറെ ഇഷ്ടപ്പെടുന്ന ഒരു വിചിത്രജന്മമാണ് സാക്ക്. 

കാടിനുള്ളിലേക്ക് കയറിപ്പോയി, മരത്തിൽ ചാരിക്കിടന്നുറങ്ങി, അങ്ങനെ മുപ്പതുവർഷം നീണ്ട സുദീർഘനിദ്രയ്‌ക്കൊടുവിൽ ഉറങ്ങിയുണർന്ന റിപ്പ് വാൻ വിങ്കിളിന്റെ കഥപറഞ്ഞാണ്, പലരും അവനെ കളിയാക്കാറുള്ളത്. പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അമേരിക്കൻ സാഹിത്യകാരനായ വാഷിംഗ്ടൺ ഇർവിങ്ങിന്റെ വിഖ്യാതമായ കഥാപാത്രമാണ് റിപ്പ് വാൻ വിങ്കിൾ.  കഥയിൽ അയാൾ ഒരു ഡച്ചുകാരനാണ്. ഭാര്യയുടെ ഭേദ്യത്തിൽനിന്നു രക്ഷപ്പെടാനാണ് റിപ്പ് വാൻ വിങ്കിൾ തന്റെ സന്തത സഹചാരിയായ നായുമൊത്ത് മലകയറുന്നത്.

മലയരയർ കൊടുത്ത വീഞ്ഞും കുടിച്ച് കാട്ടിനുള്ളിലെ മരച്ചോട്ടിലിരുന്നുറങ്ങിപ്പോകുന്നു വിങ്കിൾ. അതിശക്തമായ ആ വീഞ്ഞിന്റെ വീര്യത്തിൽ മത്തുപിടിച്ചുറങ്ങിപ്പോകുന്ന അയാൾ പിന്നെ ഇരുപതു വർഷം കഴിഞ്ഞാണ് ഉണരുന്നത്. അപ്പോഴേക്കും, നാട്ടിൽ അവിശ്വസനീയമായ മാറ്റങ്ങൾ പലതും നടന്നുകഴിഞ്ഞിരുന്നു. താൻ പിന്നിട്ടു വന്ന നാട് പിന്നീട് വിങ്കിളിന് തിരിച്ചറിയാൻ പോലും ആകാത്തവിധം മാറിയിട്ടുണ്ടായിരുന്നു. റാഫ്റ്റിംഗിനെന്നും പറഞ്ഞു പോയി, പത്തു മുപ്പതു ദിവസം അക്ഷരാർത്ഥത്തിൽ 'ഓഫ് ദ ഗ്രിഡ്' ആയി കഴിഞ്ഞ ശേഷം തിരികെ വരുന്ന സാക്കിനോടും പലരും അതുതന്നെ ചോദിക്കും,  "തിരിച്ചുവരുമ്പോഴേക്കും, ഈ ലോകം നിനക്ക് തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിൽ മാറിയാൽ നീ എന്തുചെയ്യും?"

പതിവായി കേൾക്കുന്ന ഈ ചോദ്യത്തെ സാക്ക് എന്നും ചിരിച്ചു തള്ളിയിട്ടേയുള്ളൂ. ഇക്കണ്ടകാലത്തിനിടെ അവൻ എത്രയോ റാഫ്റ്റിങ് ട്രിപ്പിന് പോയി വന്നിരിക്കുന്നു. ഒരിക്കലും, ഒന്നും സംഭവിച്ചിട്ടില്ല ഇതുവരെ. എന്നാൽ, ഇത്തവണ ആ ചോദ്യം അറംപറ്റിയ പോലെ ആയിപ്പോയി. അവന്റെ ട്രിപ്പ് തുടങ്ങുന്നത് ഫെബ്രുവരി 19 -നാണ്. ഒറ്റയ്ക്കായിരുന്നില്ല ഇത്തവണത്തെ ട്രിപ്പ്. കൂടെ 12 റാഫ്റ്റിങ് പ്രാന്തന്മാർ വേറെയുമുണ്ടായിരുന്നു. അത് 25 ദിവസം നീണ്ടുനിൽക്കുന്ന ഒരു പ്ലാൻഡ് അഡ്വെഞ്ചർ ആയിരുന്നു. ലക്‌ഷ്യം, ഗ്രാൻഡ് കാന്യനിലൂടെ കൊളറാഡോ നദി വഴി റാഫ്റ്റ് ചെയ്യുക. അത് നമ്മുടെ അഗസ്ത്യാർകൂടം അല്ലെങ്കിൽ എവറസ്റ്റ് ട്രിപ്പ് ഒക്കെ പോലെ വർഷാവർഷം ചുരുക്കം ചിലർക്ക് മാത്രം പോകാൻ അനുമതി കിട്ടുന്ന ഒന്നാണ്. അവിടെ ഇതിന് നറുക്കെടുപ്പുവരെ ഉണ്ട്. ഇത്തവണ, അതിനുള്ള ഭാഗ്യം സിദ്ധിച്ചത് സാക്കിന്റെ ടീമിനായിരുന്നു. ചൈനയിലെ കൊറോണാ കേസുകൾ പതുക്കെ കുറയാൻ തുടങ്ങിയിട്ടുണ്ടായിരുന്നു.അമേരിക്കയിലേക്ക് കൊവിഡ് 19 കാലെടുത്തു വച്ചിട്ടുണ്ടായിരുന്നില്ല എങ്കിലും സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രെവെൻഷൻ, ജപ്പാനിലേക്കും ഹോങ്കോങ്ങിലേക്കുമുള്ള യാത്രക്കാർക്ക് ലെവൽ 1 പ്രായോഗിക മുൻകരുതലുകൾ എടുക്കാനുള്ള മുന്നറിയിപ്പുകൾ കൊടുത്തിരുന്നു. അത്രമാത്രം. അമേരിക്കയിലെ മറ്റു പൗരന്മാരെപ്പോലെ, അവർക്കും  അത് അപ്പോഴും ഏതോ ചൈനീസ് ഫീവർ മാത്രമായിരുന്നു എന്നർത്ഥം 

 

 

മാർച്ച് 14 വരെ നീണ്ടുനിന്ന റാഫ്റ്റിങ് ട്രിപ്പിനിടെ തങ്ങളുടെ നാട്ടിൽ നടന്നത് ഒന്നും തന്നെ സാക്കും സംഘവും അറിഞ്ഞതേയില്ല. ഒടുവിൽ ട്രിപ്പ് വിജയകരമായിത്തന്നെ പൂർത്തിയാക്കി, തിരികെ ഇഹലോകത്തിലേക്ക് കണക്ടഡ് ആയപ്പോഴാണ് അവർ നാട്ടിൽ കൊറോണാവൈറസ് വിതച്ച മഹാമാരിയെപ്പറ്റി, അമേരിക്കക്കാരുടെ ജീവിതത്തിൽ ആ പകർച്ചവ്യാധി വരുത്തിയ മാറ്റങ്ങളെപ്പറ്റി, അമേരിക്കയിൽ പ്രസിഡന്റ് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെപ്പറ്റി ഒക്കെ അറിയുന്നത്. ഒരു പക്ഷേ, ആ വിവരമറിയാൻ ഈ ലോകത്തിൽ ഇനി അവർ മാത്രമേ ബാക്കിയുണ്ടാവുകയുള്ളൂ. 

 

 

25 ദിവസങ്ങൾക്കു ശേഷമവർ, കൊളറാഡോയിൽ തങ്ങളുടെ ചങ്ങാടങ്ങൾ തിരിച്ചടുപ്പിച്ചപ്പോൾ, റാഫ്റ്റിങ് കമ്പനിയുടെ പ്രതിനിധി ബ്ലെയിൻ അവരോട്  ചോദിച്ചു, "നാട്ടിൽ നടന്നത് വല്ലതും  നിങ്ങൾ അറിഞ്ഞിരുന്നോ?" ഇല്ല. അവരാരും തന്നെ യാതൊന്നും തന്നെ അറിഞ്ഞിരുന്നില്ല. തങ്ങൾ പിന്നിൽ വിട്ടുപോന്ന നഗരം രോഗഗ്രസ്തമായത് അവർ അറിഞ്ഞിരുന്നില്ല. തങ്ങളുടെ ഉറ്റവരിൽ ചിലർ ആ അപൂർവജ്വരത്തിന്റെ കയ്യും പിടിച്ചുകൊണ്ട് തങ്ങളെ വിട്ടകന്നു വിവരവും അവരാരും അറിഞ്ഞിരുന്നില്ല എന്ന സത്യം അവർ ബ്ലെയിനിനോട് പറഞ്ഞു. നെടുകെ ഒന്ന് നിശ്വസിച്ചുകൊണ്ട് ബ്ലെയിൻ പറഞ്ഞു തുടങ്ങി,"നിങ്ങൾ റാഫ്റ്റിങ്ങിന് വെള്ളത്തിലിറങ്ങിയതിനു ശേഷം, അമേരിക്കയെ, ലോകത്തെയാകെത്തന്നെ കൊറോണാവൈറസ് ബാധിച്ചു. ഇറ്റലി പൂർണ്ണമായും ലോക്ക് ഡൗണിൽ ആണ്. സ്റ്റോക്ക് മാർക്കറ്റ് നിലം പരിശായിക്കഴിഞ്ഞു. ഒരു വിധം പ്രൊഫഷണൽ സ്പോർട്സ് ഇവന്റുകളൊക്കെത്തന്നെയും റദ്ദാക്കപ്പെട്ടു കഴിഞ്ഞു. സ്‌കൂളുകളിൽ പലതും അനിശ്ചിതകാലത്തേക്ക് അടച്ചിരിക്കുകയാണ്. ക്രമാതീതമായി പെരുകിക്കൊണ്ടിരിക്കയാണ് കൊവിഡ് 19 സ്ഥിരീകരണങ്ങൾ. പല സെലിബ്രിറ്റികൾക്കും അസുഖബാധയുണ്ട്."

അത്രയും നേരം, ബ്ലെയിനിനെ വായും പൊളിച്ച് നോക്കിക്കൊണ്ടിരുന്ന പലരും അയാൾ പറഞ്ഞത് വിശ്വസിക്കാൻ കൂട്ടാക്കിയില്ല. അയാൾ തങ്ങളെ പറ്റിക്കാൻ ശ്രമിക്കുകയാണ്, എന്തോ 'പ്രാങ്ക്' ആണ് എന്ന് പലരും ധരിച്ചു. നാട്ടിൽ  കാര്യങ്ങൾ ഇങ്ങനെയൊക്കെയായ സ്ഥിതിക്ക് ചങ്ങാടങ്ങളും കൊണ്ട് ഒരു ട്രിപ്പുകൂടി പോയിട്ടുവന്നാലോ എന്ന് പലരും തമാശ പറഞ്ഞു. ഈ അവസ്ഥയിൽ കാന്യൻ ആയിരിക്കും നഗരങ്ങളെക്കാൾ സുരക്ഷിതം എന്നും ചിലർ പറഞ്ഞു. വൈറസ് ബാധയുടെ ചൈനയിലെ വിശേഷങ്ങളും കേട്ടുകൊണ്ടാണ് പലരും ട്രിപ്പിനിറങ്ങിയത്. അന്ന് അവരൊക്കെ വിചാരിച്ചത്, ചൈന ആ പകർച്ചവ്യാധിയെ അധികം താമസിയാതെ പിടിച്ചു കിട്ടുമെന്നും, ട്രിപ്പ് കഴിഞ്ഞു വരുമ്പോഴേക്കും കൊറോണാവൈറസ് ബാധ എന്നത് ഒരു പഴങ്കഥ ആയിട്ടുണ്ടാകും എന്നൊക്കെയാണ്. അത് ഇങ്ങനെ ഒരു മഹാമാരിയുടെ രൂപമാർജ്ജിച്ച് അമേരിക്കൻ നഗരങ്ങളെ വിഴുങ്ങാൻ വായും പൊളിച്ചു നിൽക്കയാണിപ്പോഴും എന്നത് അവർക്ക് വിശ്വസിക്കാൻ സാധിച്ചില്ല. 

ബേസ് ക്യാമ്പിൽ തങ്ങളുടെ വാഹനങ്ങളിലേക്ക് സാധനങ്ങൾ കയറ്റി, സ്വന്തം പട്ടണങ്ങളിലേക്ക് തിരികെ ഡ്രൈവിംഗ് തുടങ്ങിയിട്ടും പലരും തങ്ങളുടെ കാർ സ്റ്റീരിയോകൾ ഓഫാക്കിത്തന്നെ വെച്ചു. തങ്ങൾ അത്രയും നേരം മനസ്സിൽ കൊണ്ടുവന്ന ആ കാടിന്റെ ഭംഗിയെക്കുറിച്ചുള്ള ഓർമകളിലേക്ക്, ആ കാടൊച്ചകളിലേക്ക് കൊവിഡ് 19 മരണങ്ങളുടെ ഏങ്ങലടികൾ വരാതിരിക്കാൻ, സ്വസ്ഥതയുടെ സ്വൈരത്തിന്റെ ഏതാനും മണിക്കൂറുകൾ നിലനിർത്താൻ വേണ്ടിയായിരുന്നു അത്. തിരികെയുള്ള യാത്ര തുടങ്ങി ഒരു മണിക്കൂറിനകം അവരുടെ സെൽഫോണുകളിൽ സിഗ്നൽ വീണുതുടങ്ങി.
 

 

പിന്നെ ഉറ്റവരുടെ എസ്എംഎസ് സന്ദേശങ്ങളുടെ ഒരു പെരുമഴയായിരുന്നു. "ഈ മെസ്സേജ് കിട്ടിയാലുടൻ വിളിക്കുക" എന്ന് സാക്കിന്റെ അമ്മയുടെ സന്ദേശം. " അമ്മയ്ക്ക് കൊറോണാബാധയുണ്ടോ എന്ന് സംശയമുണ്ട് മോനെ, നീ വീട്ടിലേക്ക് വരണ്ട" എന്ന് മറ്റൊരാൾക്ക് മെസ്സേജ്.  "കാലിഫോർണിയയിലെ സൂപ്പർമാർക്കറ്റുകളുടെ ടോയ്‌ലറ്റ് പേപ്പർ റാക്കുകൾ കാലിയാണ്, നഗരത്തിൽ ടോയ്‌ലെറ്റ് പേപ്പർ ഷോർട്ടേജ് ആണ്. വരുന്നവഴി എവിടെ സൂപ്പർമാർക്കറ്റ് കണ്ടാലും നിർത്തി ടോയ്‌ലെറ്റ് പേപ്പർ കിട്ടുന്നത്ര വാങ്ങി വണ്ടിയിൽ നിറയ്ക്കണം. അരി, ബീൻസ്, ഡോഗ് ഫുഡ് എന്നിവയും എത്ര കിട്ടിയാലും വാങ്ങിക്കോളൂ..." എന്ന് റാഫ്റ്റിങ്ങ് ടീമിലെ അംഗമായ തോമസിന്റെ അമ്മയുടെ മെസ്സേജ്. "ടോയ്‌ലറ്റ് പേപ്പർ ഷോർട്ടേജോ? അതെങ്ങനെയാണ് ഉണ്ടാകുന്നത്?" ഇത്രയും കാലം കാലിഫോർണിയയിൽ താമസിച്ചിട്ടും തോമസ് അങ്ങനെ ഒരു സംഭവം ആദ്യമായിട്ട് കേൾക്കുകയായിരുന്നു. വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. 

ഇടക്ക് ഒരു ഹോട്ടലിൽ തങ്ങിയ അവർ അവിടെ നിന്ന് വീടുകളിലേക്ക് വിളിച്ചു. റൂമിലേക്ക് ചെക്കിൻ ചെയ്യാൻ നേരം, റിസപ്‌ഷനിസ്റ്റിന്റെ വക പതിവില്ലാത്ത ഒരു താക്കീത്. "ടോയ്‌ലെറ്റിൽ റോൾ വെച്ചിട്ടുണ്ട്, ദയവായി മോഷ്ടിക്കരുത്..! "ആ ഹോട്ടലുകളിലെ ടെലിവിഷനുകളിൽ പഴയ കളികൾ മാത്രം. ലൈവായി ഒരു കളിയും വരുന്നില്ല. അപ്പോഴാണ്, നാട്ടിൽ കാര്യങ്ങൾ കൈവിട്ടുപോവുകയാണെന്ന് അവർ തിരിച്ചറിയുന്നത്. നാട്ടിൽ കഴിഞ്ഞ പത്തിരുപതു ദിവസമായി അസുഖത്തെക്കുറിച്ചുള്ള ആശങ്കകൾ മാത്രമാണ് പങ്കുവെക്കപ്പെടുന്നത് എന്നുകൂടി അറിഞ്ഞപ്പോഴാണ് ആ സംഘത്തിന് തങ്ങൾക്ക് ലഭിച്ച അവധിക്കാലത്തിന്റെ ഭാഗ്യം കൃത്യമായി മനസ്സിലായത്.  ഗ്രാൻഡ് കാനിയനിലെ കൊളറാഡോ നദിയിൽ റാഫ്റ്റ് ചെയ്തുകൊണ്ടിരുന്നപ്പോൾ ഈ ആശങ്കകളൊന്നും അറിയുക പോലും ചെയ്യാതെ എത്ര അജ്ഞതയിലാണ് തങ്ങൾ കഴിഞ്ഞു പോന്നത് എന്നവർ ഓർത്തു. ആ അജ്ഞത എത്ര സുന്ദരമായിരുന്നു എന്നും. 

 


കടപ്പാട് : ന്യൂയോർക്ക് ടൈംസ് 

click me!