കൊറോണയ്ക്ക് പരിഹാരം ചൈനീസ് സ്റ്റൈൽ 'ലോക്ക് ഡൌൺ' മാത്രമല്ല, ജനാധിപത്യ രാജ്യങ്ങൾക്ക് തായ്‌വാൻ നൽകുന്ന പാഠങ്ങൾ

By Web TeamFirst Published Mar 18, 2020, 10:58 AM IST
Highlights


ചൈനയിലെ 'ഒരു പാർട്ടി, ഒരു നേതാവ്' സിസ്റ്റമാണ് കുത്തഴിഞ്ഞ ജനാധിപത്യങ്ങളെക്കാൾ ഫലപ്രദമായി കൊവിഡ് 19 വ്യാപനത്തെ തടയുക എന്നാണ് ചൈനാമോഡലിന്റെ ആരാധകർ പറയുന്നത്.

"ചൈന കൊവിഡ് 19 -നെ പിടിച്ചുകെട്ടിയത് നോക്കൂ? ഇറ്റലിയും അമേരിക്കയും ഇറാനുമൊക്കെ കൊറോണയ്ക്കു മുന്നിൽ പകച്ചു നിൽക്കുന്നത് നോക്കൂ...! " ഇതാണ് ഇപ്പോൾ പരക്കെ ഉയർന്നു കേൾക്കുന്ന ഒരു താരതമ്യം. കൊവിഡ് 19 പോലെ ഒരു മഹാമാരി വെട്ടാൻ വരുന്ന പോത്തുപോലെ പെട്ടെന്ന് സമൂഹത്തിലേക്കിറങ്ങിയാൽ അതിന്റെ മുന്നിൽ ജനാധിപത്യത്തിന്റെ വേദങ്ങളെക്കാൾ ഫലം ചെയ്യുക പീപ്പിൾ റിപ്പബ്ലിക് ഓഫ് ചൈനയിലെ 'ഒരു പാർട്ടി, ഒരു നേതാവ്' മോഡലിലുള്ള അച്ചടക്കമുള്ള സംവിധാനങ്ങളാണ് എന്നാണ് ചൈനീസ് മോഡലിന്റെ കുഴലൂത്തുകാർ കിട്ടിയ അവസരത്തിൽ തട്ടിമൂളിക്കുന്നത്. ഇന്ത്യയോ അമേരിക്കയോ ഒക്കെ പോലുള്ള ജനാധിപത്യങ്ങൾ ഒട്ടും അച്ചടക്കമില്ലാത്ത ഒരു സമൂഹത്തിനെയാണ് സൃഷ്ടിക്കുന്നത് എന്നും അങ്ങനെ ഒരു സമൂഹം സർക്കാർ നൽകുന്ന നിർദേശങ്ങളെ അട്ടിമറിക്കുന്നത്കൊണ്ട് പ്രതിരോധങ്ങളുടെ ഫലസിദ്ധി തുലോം തുച്ചമാകും എന്നുമൊക്കെയാണ് പ്രചാരണങ്ങൾ.  

 

 

എന്നാൽ ഈ കൊട്ടിഘോഷിക്കപ്പെടുന്ന ചൈനീസ് മോഡലിന് ഒരു കുഴപ്പമുണ്ട്. തുടക്കത്തിൽ ചില വിമതസ്വരങ്ങൾ ഉയർന്നതിനെ വിമർശനങ്ങൾ ഉയർന്ന ദിവസങ്ങൾക്കുള്ളിലാണ് ഷി ജിൻപിങ് ഗവൺമെന്റ് ഈ സമൂഹത്തിൽ നിന്ന് തന്നെ അപ്രത്യക്ഷമാക്കിയത്. ആദ്യമായി  കൊവിഡ് 19 -നെപ്പറ്റി പരസ്യമായി മിണ്ടിയ ഡോക്ടറെ പൊലീസ്  ആശുപത്രിയിൽ നിന്ന് കസ്റ്റഡിയിലെടുത്തു കൊണ്ടുപോയി ഭീഷണിപ്പെടുത്തി. രണ്ടു ദിവസം തടവിൽ പാർപ്പിച്ച ഡോക്ടർ പിന്നീട് കൊവിഡ് 19 ബാധിച്ചു തന്നെ മരിച്ചു. ചൈനയിലെ ആശുപത്രികൾ നേരിട്ട് സന്ദർശിച്ചപ്പോൾ താൻ കണ്ട ദുരിതം നിറഞ്ഞ കാഴ്ചകളെപ്പറ്റി തന്റെ യൂട്യൂബ് വീഡിയോകളിലൂടെ ജനങ്ങളെ അറിയിച്ച, സ്വതന്ത്ര മാധ്യമപ്രവർത്തകനും അറിയപ്പെടുന്ന മനുഷ്യാവകാശപ്രവർത്തകനും അഭിഭാഷകനുമൊക്കെയായ, ചെൻ ക്വിഷി അപ്രത്യക്ഷമായിട്ട് ഇന്നുവരെ എവിടെ എന്ന് യാതൊരു വിവരവും ലഭിച്ചിട്ടില്ല. തന്റെ മകനെ ഗവൺമെന്റ് ഉന്മൂലനം ചെയ്യാൻ സാധ്യതയുണ്ട് എന്നു പരാതിപ്പെട്ടുകൊണ്ട് ചെന്നിന്റെ അമ്മ രംഗത്തെത്തിയിരുന്നു. ഇപ്പോൾ അവരുടെ പരാതികളും എവിടെയും കേൾക്കാനില്ല.  അതിനു ശേഷം, ഈയടുത്ത ദിവസം, കൊറോണാ വൈറസിനെതിരെ പടവാളുമായിറങ്ങിയ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിനെ 'നഗ്നനായ കോമാളി' എന്നുവിളിച്ചതിന്റെ പേരിൽ പ്രസിദ്ധനായ റിയൽ എസ്റ്റേറ്റ് കമ്പനി മേധാവി റെൻ സിക്വിയാങ്ങിനെയും കാണാതായി. മുൻ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അംഗം കൂടിയായ അദ്ദേഹത്തെ ഗവൺമെന്റ് പർജ് ചെയ്തതാണ് എന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ ദിവസം അമേരിക്കൻ അന്താരാഷ്ട്ര മാധ്യമങ്ങളായ വാഷിംഗ്ടൺ പോസ്റ്റ്, ന്യൂയോർക്ക് ടൈംസ്, വാൾസ്ട്രീറ്റ് ജേർണൽ എന്നിവയുടെ അന്താരാഷ്ട്ര റിപ്പോർട്ടർമാരോടും രാജ്യം വിടാൻ ചൈനീസ് ഗവൺമെന്റ് ആവശ്യപ്പെട്ടുകഴിഞ്ഞു. ചുരുക്കിപ്പറഞ്ഞാൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ അനുമതിയോടെ മാത്രം വാർത്തകൾ അച്ചടിക്കുന്ന ഷിൻഹുവ പോലുള്ള മാധ്യമങ്ങൾ മാത്രമാണ് ചൈനയിൽ നിന്ന് ഇപ്പോൾ വാർത്തകൾ പുറത്തു വിടുന്നത്. 
 


 

അപ്പോൾ ഉയരുന്ന ചോദ്യമിതാണ്. സ്തുതിപാഠകർ വാഴ്ത്തിപ്പാടും പോലെ അത്ര ഉദാത്തമാണ് ചൈനയിലെ ആരോഗ്യസംവിധാനവും, കൊവിഡ് 19 പോരാട്ട തന്ത്രങ്ങളും ഒക്കെ എങ്കിൽ സ്വതന്ത്ര മാധ്യമപ്രവർത്തനങ്ങളെ ഇത്രകണ്ട് ഭയക്കുന്നതെന്തിനാണ് ചൈനീസ് ഗവൺമെന്റ്? വിമർശന സ്വരങ്ങളോട് എന്തിനാണ് സർക്കാരിന് ഇത്ര അസഹിഷ്ണുത. മടിയിൽ കനമില്ല ഷീ ജിൻപിങിനെങ്കിൽ, തന്നെ 'നഗ്നനായ കോമാളി' എന്ന് വിളിച്ച സ്വന്തം പാർട്ടി അംഗത്തെ ഈ ഭൂമുഖത്തുനിന്നുതന്ന അപ്രത്യക്ഷനാക്കുന്ന നടപടിക്ക് അദ്ദേഹത്തെപ്പോലൊരാൾ ചൂട്ടുപിടിക്കുന്നതെന്തിനാണ്?

ചൈനയിൽ നിന്ന് വന്നിട്ടുള്ള രോഗബാധയുടെയും, മരണത്തിന്റെയും, രോഗം ഭേദപ്പെട്ടതിന്റെയും ഒക്കെ കണക്കുകൾ ശരിയാണെങ്കിൽ, അതിനു പിന്നിലെ കഠിനാദ്ധ്വാനം അഭിനന്ദനാർഹമാണ്. എങ്കിൽപ്പോലും, അത് ചൈനയിൽ ഇന്ന് നിലനിൽക്കുന്ന ഏകാധിപത്യ പ്രവണതയ്ക്കും, ജനാധിപത്യ വിരുദ്ധതയ്ക്കും, അഭിപ്രായസ്വാതന്ത്ര്യമില്ലായ്കയ്ക്കും ഒന്നുമുള്ള അംഗീകാരമോ ന്യായീകരണമോ ആവുന്നില്ല. കഴിഞ്ഞ തവണ സാർസ് വന്നപ്പോൾ കാണിച്ച അതേ അലംഭാവവും, അതൊരു പകർച്ചവ്യാധി ആണെന്ന് അംഗീകരിക്കാനുള്ള വിമുഖതയും ഒക്കെ ലോകരാഷ്ട്രങ്ങളുടെ തന്നെ വിമർശനത്തിന് പാത്രമായതാണ്. ഒരു മാസം കഴിഞ്ഞു മാത്രമാണ് ചൈന കൊവിഡ് 19 മറ്റുരാജ്യങ്ങൾക്കു മുന്നിൽ സ്ഥിരീകരിക്കുന്നതും തങ്ങളുടെ വിമാനത്താവളങ്ങളിൽ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും. അതിനുള്ളിൽ, വുഹാനിലേക്ക് നിരന്തരം വന്നുപോയ്ക്കൊണ്ടിരുന്ന യാത്രക്കാർ വഴി ആ പകർച്ച വ്യാധി എത്തേണ്ടിടത്തൊക്കെ എത്തിക്കഴിഞ്ഞിരുന്നു. 

ഇവിടെയാണ്, ചൈനയിൽ നിന്ന് അധികം അകലെയല്ലാതെ സ്ഥിതിചെയ്യുന്ന, എന്നാൽ ജനാധിപത്യത്തിന്റെ കാര്യത്തിൽ ചൈനയ്ക്ക് എന്നും ഒരു നൂറ്റാണ്ടെങ്കിലും മുന്നിൽ നിൽക്കുന്ന തായ്‌വാൻ എന്ന രാജ്യം, തങ്ങളുടെ കൊവിഡ് 19 വിരുദ്ധ പോരാട്ടങ്ങളുടെ പേരിൽ ലോകത്തിന് മാതൃകയാകുന്നത്‌. ചൈനയിൽ നിന്ന് വെറും 130 കിലോമീറ്റർ മാത്രം അകലമാണ് തായ്വാനിലേക്കുള്ളത്. എന്നിട്ടും ഇന്നുവരെ വെറും 77 കേസുകളും ഒരു മരണവും മാത്രമാണ് തായ്‌വാനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ചൈനയിൽ ഇതുവരെ 80,894 കേസുകളും 3,237  മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നോർക്കുക.  വളരെ വിവേചനബുദ്ധിയോടെ നടത്തിയ നിരീക്ഷണങ്ങൾ, നേരത്തെ തന്നെ രോഗികളിൽ നടത്തിയ പരിശോധനകൾ, വിമാനത്താവളങ്ങളിൽ നടത്തിയ സ്‌ക്രീനിങ്ങുകൾ, ഡാറ്റ അധിഷ്ഠിത നിയന്ത്രണങ്ങൾ എന്നിവയുടെ ഫലപ്രദമായ ഏകോപനം വഴിയാണ് ഈ പകർച്ചവ്യാധിയെ പിടിച്ചു നിർത്താൻ തായ്വാന് സാധിച്ചത്. വുഹാനുമായി വളരെ അടുത്ത ബന്ധങ്ങളുള്ള ഒരു നഗരമാണ് തായ്‌പേയ്. എന്നിട്ടുപോലും തായ്‌പേയിലേക്ക് വുഹാനിൽ നിന്ന് രോഗം പകരുന്നത് പരമാവധി നിയന്ത്രിച്ചു നിർത്താൻ അവർക്കായി. ക്വാറന്റൈനിൽ ഉള്ളവരുടെ മൊബൈൽ ഫോണുകൾ ട്രാക്ക് ചെയ്തുകൊണ്ട് അവർ കൃത്യമായി നിർദേശങ്ങൾ പാലിക്കുന്നുണ്ട് എന്ന് തായ്‌വാനിലെ അധികാരികൾ ഉറപ്പുവരുത്തി. സാങ്കേതിക വിദ്യയുടെ ഫലപ്രദമായ ഉപയോഗം, കേന്ദ്രീകൃതമായ ഒരു കമാൻഡ് സെന്റർ വഴിയുള്ള ഫലപ്രദമായ നിരീക്ഷണ നിയന്ത്രണ ഏകോപനങ്ങൾ, ആരോഗ്യരംഗത്തെ ഒരേയൊരു സർവീസ് പ്രൊവൈഡറുടെ സാന്നിധ്യം, വളരെ വേഗത്തിൽ തീരുമാനമെടുക്കുന്ന ഭരണയന്ത്രം എന്നിവയാണ് തായ്‌വാന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചത്. 

അതുപോലെ തന്നെ ജനാധിപത്യത്തിൽ പുലരുന്ന ദക്ഷിണ കൊറിയ വൻതോതിൽ ടെസ്റ്റുകൾ നടത്തി രോഗികളെ നേരത്തെ മാറ്റി നിർത്തിയാണ് തങ്ങളുടെ  കൊവിഡ് 19 ബാധകളെ നിയന്ത്രിച്ചത്. നിയമങ്ങളെ കൃത്യമായി പിന്തുടരുന്ന സംസ്കാരം ജപ്പാനും, നിയമത്തോടുള്ള വിധേയത്വം സിംഗപ്പൂരിനും ബലമായി. അതായത് ചൈനയെപ്പോലെ ജനങ്ങളെ പിടിച്ചുകെട്ടിക്കൊണ്ടുള്ള ഒരു അടിച്ചേൽപ്പിക്കലിന്റെ പിൻബലമില്ലാതെയും കൊവിഡ് 19 -നെ ഫലപ്രദമായി നേരിടാം എന്നർത്ഥം. അപ്പോൾ പിന്നെ എന്തുകൊണ്ടാവും, ചൈന അത്തരത്തിലുള്ള പൊതുജനസൗഹൃദമായ മാർഗ്ഗങ്ങൾക്ക് പകരം ഏകാധിപത്യ പ്രവണതയുള്ള അടിച്ചേൽപ്പിക്കലുകൾക്ക് മുതിർന്നത്? 

click me!