കൊവിഡ് 19 കാലത്ത്, ലോക്ക് ഡൗൺ, സെക്ഷൻ 144, കർഫ്യൂ എന്നിവ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെ?

By Web TeamFirst Published Mar 30, 2020, 6:14 AM IST
Highlights

പലരുടെയും ധാരണ നിരോധനാജ്ഞയും  കർഫ്യൂവും ഒന്നാണ് എന്നാണ്. എന്നാൽ അങ്ങനെയല്ല.

കൊറോണാവൈറസ് ബാധ പടർന്നുപിടിച്ച സാഹചര്യത്തിൽ പ്രധാനമന്ത്രി മാർച്ച് 24 മുതൽ രാജ്യത്ത് 'ലോക്ക് ഡൗൺ' പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്ക് ഡൗൺ നടപ്പിലായതോടെ നാട്ടിൽ യാത്രയ്ക്കും, കച്ചവടത്തിനും എല്ലാം കടുത്ത നിയന്ത്രണങ്ങൾ വന്നിട്ടുണ്ട്. ധാരാളമായി കൊവിഡ് 19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത രാജ്യത്തിന്റെ പല ഭാഗങ്ങളിലും ലോക്ക് ഡൗണിനു പുറമേ, നിരോധനാജ്ഞ അഥവാ Section 144  കൂടി പ്രഖ്യാപിക്കുകയുണ്ടായി. അപ്പൂർവം ചിലയിടത്ത് കർഫ്യൂവും. 'സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു' അഥവാ 'സെക്ഷൻ 144 ' ആണ് അല്ലെങ്കിൽ 'കർഫ്യൂ നിലവിൽ വന്നു ' എന്നൊക്കെ പറഞ്ഞുകേൾക്കാം എന്നല്ലാതെ എന്താണ് ഈ സംഗതി എന്നതുസംബന്ധിച്ച് വ്യക്തതക്കുറവുണ്ട്. എന്തൊക്കെയാണ് ലോക്ക് ഡൗൺ, നിരോധനാജ്ഞ അഥവാ സെക്ഷൻ 144, കർഫ്യൂ എന്നിവ തമ്മിലുള്ള വ്യത്യാസങ്ങൾ ?

എന്താണ് ലോക്ക് ഡൗൺ?

ലോക്ക് ഡൗൺ സംബന്ധിച്ച് കൃത്യമായ മാനദണ്ഡങ്ങൾ ആഭ്യന്തരവകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. അതിൽ എന്തൊക്കെ ആകാം, എവിടെയൊക്കെ ആകാം, എന്തൊക്കെ പാടില്ല എന്ന് വളരെ വ്യക്തമായിത്തന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ, ആ പ്രഖ്യാപനങ്ങളെ അതാതു സംസ്ഥാന സർക്കാരുകളും, അവിടത്തെ പൊലീസ് സേനയും ഒക്കെ വ്യാഖ്യാനിച്ചതിൽ കാര്യമായ വ്യത്യാസങ്ങളുണ്ട്. അത് വ്യത്യസ്ത സംസ്ഥാനങ്ങളിൽ കാണുന്ന വ്യത്യസ്തമായ പ്രതികരണങ്ങളും നിയന്ത്രണങ്ങളും നിന്ന് വ്യക്തവുമാണ്. 

ലോക്ക് ഡൗണിനെപ്പറ്റി ആഭ്യന്തരവകുപ്പ് പറയുന്നതെന്താണ്?

അവശ്യ സാധനങ്ങൾക്കും സേവനങ്ങൾക്കും മാത്രമാണ് നിയന്ത്രണമില്ലാത്തത്. സംസ്ഥാനങ്ങളിലെ എല്ലാ ഗവണ്മെന്റ് ഓഫീസുകൾക്കും ഏറ്റവും ചുരുങ്ങിയ ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കാൻ നിർദേശമുണ്ട്. ബാങ്കിങ് സേവനങ്ങൾക്കുള്ള സാങ്കേതിക സഹായങ്ങൾ നൽകുന്ന ഐടി കമ്പനികൾ, എടിഎം എന്നിവയെ ആവശ്യസേവനമായി പ്രഖ്യാപിച്ചിട്ടുണ്ട്. പെട്രോളിയം ഉത്പന്നങ്ങൾ, ഭക്ഷ്യവസ്തുക്കൾ, മെഡിക്കൽ ഉത്പന്നങ്ങൾ എന്നിവയുടെ ഗതാഗതം അടിയന്തര സേവനങ്ങളുടെ ഭാഗമാക്കിയിട്ടുണ്ട്. 1897 -ലെ എപ്പിഡമിക് ആക്റ്റ് അനുസരിച്ചാണ് ലോക്ക് ഡൗൺ പ്രഖ്യാപനമുണ്ടായത്. ഇ കൊമേഴ്‌സ് ഉത്പന്നങ്ങളുടെ ഡെലിവറിയും ഇപ്പോൾ അവശ്യ സേവനങ്ങളുടെ ലിസ്റ്റിൽ വന്നിട്ടുണ്ട്. 

 

ഭക്ഷണമുണ്ടാക്കികഴിക്കാൻ വേണ്ട പലചരക്കുകൾ വാങ്ങുക, ആശുപത്രി സേവനങ്ങൾ, സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള പ്രഭാത വ്യായാമം, ആവശ്യസേവനങ്ങൾക്കായി ജോലിസ്ഥലത്തേക്ക്, എന്നിങ്ങനെയുള്ള യാത്രകൾക്ക് ലോക്ക് ഡൗൺ ബാധകമല്ല. അനാവശ്യമായി വാഹനങ്ങളുമായോ അല്ലാതെയോ ഒറ്റയ്ക്കോ സംഘം ചേർന്നോ പൊതുനിരത്തുകളിലും, നാലും കൂടിയ ഇടങ്ങളിലും, ബസ്റ്റോപ്പുകളും മറ്റും ചെന്ന് നിന്ന് വെടിപറയുന്നതും ചുറ്റിത്തിരികയുന്നതും ഒക്കെ കുറ്റകരമാണ്. ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ചാൽ ഒരു മാസത്തിൽ കൂടുതൽ നീണ്ടു നിന്നേക്കാവുന്ന തടവും, ഇരുനൂറു രൂപ പിഴയും, ചിലപ്പോൾ രണ്ടും കൂടിയും ചുമത്തപ്പെട്ടേക്കാം.  രാജ്യത്തെ ട്രെയിൻ, ബസ് സേവനങ്ങൾ പൂർണമായും നിർത്തിവെക്കപ്പെട്ടിട്ടുണ്ട്. അഞ്ചു പേരിൽ കൂടുതൽ ഒത്തുകൂടുന്നതിനും വിലക്കുണ്ട്. രണ്ടാൾ തമ്മിൽ രണ്ടു മീറ്റർ സാമൂഹിക അകലം പാലിക്കാൻ പൗരന്മാർക്ക് ബാധ്യതയുണ്ട് ലോക്ക് ഡൗണിൽ.

ലോക്ക് ഡൗണും(Lock Down) നിരോധനാജ്ഞയും(Unlawful Assembly or Section 144) തമ്മിലുള്ള വ്യത്യാസം?

കോഡ് ഓഫ് ക്രിമിനൽ പ്രോസീജ്യറിലെ (CrPC) സെക്ഷൻ 144 ആണ് നിരോധനാജ്ഞ. കലാപം, അക്രമാസക്തമായ പ്രതിഷേധം, കല്ലേറ് തുടങ്ങിയ സാഹചര്യങ്ങൾ ഒരു പ്രദേശത്ത് ഉണ്ടാകുകയാണെങ്കിൽ നിരോധനാജ്ഞ അല്ലെങ്കിൽ സെക്ഷൻ 144 പ്രഖ്യാപിക്കാം. പൊതുസ്ഥലത്ത് ജനങ്ങൾ സംഘടിക്കുന്നതാണ് ഈ നിയമത്തിലൂടെ ഒഴിവാക്കുന്നത്. നിരോധനാജ്ഞ പ്രഖ്യാപിക്കാൻ ജില്ലാ മജിസ്ട്രേറ്റിനാണ് അധികാരം. 

ലോക്ക് ഡൗൺ ഉള്ളതോ ഇല്ലാത്തതോ ആയ ഇടങ്ങളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു കഴിഞ്ഞാൽ പിന്നെ പരമാവധി സ്വന്തം വീടുകൾക്കുള്ളിൽ തന്നെ കഴിയാൻ ജനങ്ങൾ നിർബന്ധിതമാകും. നിരോധനാജ്ഞ എന്നത് കൊളോണിയൽ കാലഘട്ടത്തിന്റെ ബാക്കിപത്രമായ ഒരു നിയമമാണ്. അത് നടപ്പിലായാൽ അഞ്ചോ അതിൽ കൂടുതലോ ആളുകൾ എവിടെയെങ്കിലും ഒത്തു കൂടിയാൽ അത് നിയമലംഘനമായി കണക്കാക്കും. സംസ്ഥാന പൊലീസിന് ചില സവിശേഷ അധികാരങ്ങൾ നൽകുന്നൊരു നിയമമാണ് ഇത്. ഭരണഘടന ഒരു പൗരന് അനുവദിച്ചു നൽകിയിട്ടുള്ള അഭിപ്രായ സ്വാതന്ത്ര്യത്തെയും, സംഘടിക്കാനുള്ള സ്വാതന്ത്ര്യത്തെയും താത്കാലികമായെങ്കിലും റദ്ദാക്കുന്ന ഒരു നിയമമാണ് ഇത്. 

 

 

പൊതുസമാധാന താത്പര്യാർത്ഥമാണ് ഇങ്ങനെ താത്കാലികമായ നിയന്ത്രണങ്ങൾ പൗരാവകാശങ്ങൾക്കുമേൽ ഏർപ്പെടുത്താൻ ഇത്തരത്തിലുള്ള വിശേഷാൽ നിയമങ്ങൾ പൊലീസിനെ അനുവദിക്കുന്നത്. ക്രമസമാധാനനില പൂർവസ്ഥിതിയിൽ ആകുന്ന മുറയ്ക്ക് എത്രയും പെട്ടെന്ന് ഇത്തരം നിയന്ത്രണങ്ങളും പിൻവലിക്കണം എന്നാണ് സങ്കൽപം. എന്തൊക്കെയാണ് ഈ നിയന്ത്രണങ്ങൾ? നിരോധനാജ്ഞ നിലവിലുള്ള പ്രദേശങ്ങളിൽ ആയുധങ്ങൾ കൈവശം വെക്കുന്നത് കുറ്റകരമാണ്. ജനങ്ങൾ റോഡിൽ ഇറങ്ങാൻ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാം അടഞ്ഞു തന്നെ കിടക്കണം. ഒരു തരത്തിലുള്ള യോഗങ്ങളും, പ്രകടനങ്ങളും പാടില്ല. ഈ നിയമപ്രകാരം വേണമെന്ന് തോന്നുന്ന പക്ഷം മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ വരെ റദ്ദാക്കാം പൊലീസിന്. 

രണ്ടു മുതൽ ആറുമാസം വരെയാണ് സാധാരണ നിരോധനാജ്ഞയുടെ കാലാവധി. ലംഘിക്കുന്നവർക്ക് രാജ്യത്ത് കലാപമുണ്ടാക്കാൻ ശ്രമിച്ചു എന്ന കുറ്റം ചുമത്തി പരമാവധി മൂന്നു വർഷം കഠിനതടവ് ശിക്ഷയായി കിട്ടാനുള്ള വകുപ്പുണ്ട് ഇന്ത്യയിൽ. വളരെ സെൻസിറ്റീവ് ആയ പല പരിസരങ്ങളിലും, ഉദാ. പാർലമെന്റ് മന്ദിരം, സുപ്രീം കോടതി എന്നിവിടങ്ങളിൽ സദാ നിരോധനാജ്ഞ നിലവിലുണ്ട്.

നിരോധനാജ്ഞയിൽ നിന്ന് കർഫ്യൂവിലേക്ക് എത്തുമ്പോൾ 

പലരുടെയും ധാരണ നിരോധനാജ്ഞയും  കർഫ്യൂവും ഒന്നാണ് എന്നാണ്. എന്നാൽ അങ്ങനെയല്ല. ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞാൽ, സംഘർഷഭരിതമായ പ്രദേശങ്ങളിൽ ജനങ്ങൾ സംഘം ചേരുന്ന സാഹചര്യം ഒഴിവാക്കുന്ന നടപടിയാണ് നിരോധനാജ്ഞ. അധികൃതരുടെ അനുമതി ഇല്ലാതെ വീടിന് പുറത്തേക്ക് ഇറങ്ങുന്നതിന് വിലക്ക് ഏർപ്പെടുത്തുന്ന നിയമമാണ് കർഫ്യൂ.

 

ഒരു പ്രദേശത്തെ സാഹചര്യങ്ങൾ സംഘര്‍ഷഭരിതമാകുമ്പോൾ സർക്കാർ പ്രഖ്യാപിക്കുന്ന മറ്റൊരു നടപടിയാണ് കര്‍ഫ്യൂ. കലാപബാധിതമായ പ്രദേശങ്ങളിലെ ജനങ്ങള്‍ വീടുകളിൽ തന്നെ തുടരണമെന്നാണ് നിയമം അനുശാസിക്കുന്നത്. കർഫ്യൂ എന്നുപറഞ്ഞാൽ, സെക്ഷൻ 144 -നേക്കാൾ കുറേക്കൂടി കടന്ന നിയന്ത്രണങ്ങളാണ്. അധികൃതരുടെ അനുമതി ഇല്ലാതെ പൗരന്മാർക്ക് സ്വന്തം വീടിന് പുറത്തേക്ക് പോകാൻ സാധിക്കുകയില്ല. 

കർഫ്യൂ നടപ്പിലായാൽ, നമുക്ക് അതുവരെ കിട്ടിക്കൊണ്ടിരുന്ന അവശ്യസേവനങ്ങൾ പോലും നിയന്ത്രിക്കപ്പെട്ടേക്കും. 144 നിലനിൽക്കുമ്പോഴും പത്രം, പാൽ, എടിഎം, പലചരക്കുകട, പച്ചക്കറിക്കട എന്നിവ പ്രവർത്തിക്കും എങ്കിൽ, കർഫ്യൂ നിലവിൽ വന്നാൽ അവയ്ക്കും പൂട്ടുവീഴും. കർഫ്യൂ വന്നു കഴിഞ്ഞാൽ പോലീസും നിയമപാലകരും അല്ലാതെ മറ്റൊരു മനുഷ്യനെപ്പോലും റോഡിൽ കാണാൻ പാടുള്ളതല്ല. പുറത്തിറങ്ങി നടന്നു എന്ന കുറ്റത്തിനുപോലും നമ്മൾ മൂന്നു വർഷം വരെ ജയിലിൽ കിടക്കാൻ സാധ്യതയുണ്ട് ഈ നിയന്ത്രണം നിലവിലുള്ള സമയത്ത്. 

click me!