ഏഷ്യൻ വംശജരോട് കടുത്ത വിവേചനം, ന്യൂയോർക്കിലെ 'റൊമാന്റിക്' റെസ്റ്റോറന്റിനെതിരെ ആരോപണം

By Web TeamFirst Published Nov 10, 2022, 9:48 AM IST
Highlights

ഏഷ്യൻ വംശജയായ താനും തന്റെ കാമുകനും റെസ്റ്റോറന്റിൽ പോയി. എന്നാൽ, രണ്ടാമത്തെ നിലയിൽ ഇരിക്കാനാണ് അവർ തങ്ങളോട് ആവശ്യപ്പെട്ടത്.

ലോകത്തിലെ പല രാജ്യങ്ങളിൽ നിന്നും ഇന്ന് ഏഷ്യക്കാരെ വിവേചനത്തോടെ കാണുന്നതായി വാർത്തകൾ വരുന്നുണ്ട്. ന്യൂയോർക്കിൽ നിന്നും വരുന്നതും അത്തരം ഒരു വാർത്തയാണ്. ന്യൂയോർക്കിലെ തന്നെ ഏറ്റവും റൊമാന്റിക്ക് എന്ന് അറിയപ്പെടുന്ന ഒരു റെസ്റ്റോറന്റ് ഏഷ്യൻ ആളുകളെ വേർതിരിച്ച് കാണുന്നു എന്നും അവരോട് വിവേചനം കാണിക്കുന്നു എന്നുമാണ് ആരോപണം. 

One if by Land, Two if by Sea എന്ന റെസ്റ്റോറന്റിനെതിരെ ഇപ്പോൾ ആരോപണം ഉന്നയിച്ചിരിക്കുന്നത് ആനി എന്ന ടിക്ടോക്കറാണ്. ഒന്നാം നിലയിൽ നിന്നും വ്യത്യസ്തമായി ഏഷ്യൻ ആളുകൾക്ക് രണ്ടാമത്തെ നിലയിൽ വേറെ തന്നെയാണ് ഇരിക്കാനുള്ള സൗകര്യം എന്നാണ് ആനി പറയുന്നത്. 

ആർകിടെക്ചറൽ ഭം​ഗി കൊണ്ടും അറിയപ്പെടുന്ന റെസ്റ്റോറന്റ് ആണ് ഇപ്പോൾ ആരോപണം നേരിടുന്നത്. 'One if by Land, Two if by Sea റെസ്റ്റോറന്റ് വെള്ളക്കാരല്ലാത്ത ആളുകളോട് വിവേചനം കാണിക്കുന്നു, പ്രത്യേകിച്ച് ഏഷ്യൻ വംശജരോട്' എന്നാണ് ആനി ടിക്ടോക്കിൽ പറയുന്നത്. 

'ഏഷ്യൻ വംശജയായ താനും തന്റെ കാമുകനും റെസ്റ്റോറന്റിൽ പോയി. എന്നാൽ, രണ്ടാമത്തെ നിലയിൽ ഇരിക്കാനാണ് അവർ തങ്ങളോട് ആവശ്യപ്പെട്ടത്. ആ നിലയിലുണ്ടായിരുന്ന ഒരേ ഒരു ഏഷ്യൻ വംശജ ആയിരുന്നില്ല താൻ. രണ്ടാം നില ഒന്നാം നിലയിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. പണിതിരിക്കുന്നതും ലൈറ്റിം​ഗും വൈബും എല്ലാം അവിടെ വളരെ വ്യത്യസ്തമായിരുന്നു' എന്നും ആനി പറയുന്നു. 

'മറ്റ് ഏഷ്യൻ വംശജരുടെ കൂടെ ഇരുന്ന് ഭക്ഷണം കഴിക്കേണ്ടി വരുന്നതിൽ തനിക്ക് യാതൊരു പ്രശ്നവും ഇല്ല. എന്നാൽ, നിറത്തിന്റെയും വംശത്തിന്റെയും പേരിൽ ആളുകളോട് വിവേചനം കാണിക്കുന്നത് ചൂണ്ടിക്കാണിക്കാനാണ് താൻ ശ്രമിക്കുന്നത്. ഏഴ് വർഷമായി റെസ്റ്റോറന്റ് ഇത് തുടരുകയാണ്' എന്നും ആനി പറഞ്ഞു. 

ആനിയുടെ വീഡിയോയോട് പലരും സമാനമായ അനുഭവം ഉണ്ടായതായി പ്രതികരിച്ചു. 1973 -ലാണ് പ്രസ്തുത റെസ്റ്റോറന്റ് പണിതത്. ഏതായാലും റെസ്റ്റോറന്റ് ഇതുവരെയും ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല. 

click me!