
ദീപാവലി ആഘോഷങ്ങൾ എങ്ങും പൊടിപൊടിക്കുകയാണ്. ദീപങ്ങളുടെ ഉത്സവമായിട്ടാണ് ദീപാവലി അറിയപ്പെടുന്നത്. ഹിന്ദു, ജൈന, സിഖ് മതവിശ്വാസികൾ എല്ലാം തന്നെ ദീപാവലി ആഘോഷിക്കാറുണ്ട്. ദീപം തെളിയിച്ചും പടക്കം പൊട്ടിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തുമൊക്കെയാണ് ദീപാവലി ആഘോഷിക്കാറ്. ഉത്തരേന്ത്യയിലാണ് ദീപാവലി വലിയ ആഘോഷമായി മാറാറ്. നാട്ടിൽ നിന്നും മാറിനിൽക്കുന്നവരെല്ലാം നാട്ടിലെത്തുകയും വീട്ടുകാരോടൊപ്പം ചേർന്ന് ദീപാവലി ആഘോഷിക്കുകയും ചെയ്യാറുണ്ട്.
ദീപാവലിക്ക് പിന്നിൽ ഒരുപാട് ഐതിഹ്യങ്ങൾ പറയുന്നു. അപ്പോഴും തിന്മയുടെ മേൽ നന്മ നേടിയ വിജയം അഥവാ അന്ധകാരത്തിനെതിരെ വെളിച്ചം നേടിയ വിജയമായിട്ടാണ് ദീപാവലി ആഘോഷത്തെ കാണുന്നത്. ലക്ഷ്മി പൂജ, കാളി പൂജ തുടങ്ങിയ പേരുകളിലും ദീപാവലി ആഘോഷിക്കുന്നവരുണ്ട്. വിളക്ക് എന്ന് അർത്ഥം വരുന്ന ദീപം, നിര, കൂട്ടം എന്നൊക്കെ അർത്ഥം വരുന്ന ആവലി എന്നീ വാക്കുകൾ കൂടിച്ചേർന്നാണ് ദീപാവലി എന്ന വാക്ക് വന്നിരിക്കുന്നത്.
ഉത്തരേന്ത്യയിൽ അഞ്ച് നാളുകൾ നീണ്ടുനിൽക്കുന്ന ആഘോഷമാണ് ദീപാവലി. എന്നാൽ, അതേസമയം ദക്ഷിണേന്ത്യയിൽ ദീപാവലി ആഘോഷം പ്രധാനമായും ഒരു ദിവസം മാത്രമാണുള്ളത്. ഉത്തരേന്ത്യയിൽ ഈ അഞ്ച് നാളുകൾക്കും വിവിധ ഐതിഹ്യങ്ങളുമുണ്ട്. ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതിന്റെ ആഘോഷമാണ് ദീപാവലി എന്ന് വിശ്വസിക്കുന്നവരുണ്ട്. കേരളത്തിലെ ദീപാവലി ആഘോഷം ഇതുമായി ചേർന്നുപോകുന്നതാണ്.
അതുപോലെ തന്നെ പാലാഴിയിൽ നിന്നും ലക്ഷ്മിദേവി അവതരിക്കുകയും മഹാവിഷ്ണുവിനെ ഭർത്താവായി സ്വീകരിക്കുകയും ചെയ്ത ദിവസമാണ് ദീപാവലി ദിവസം എന്നൊരു വിശ്വാസവും ഉണ്ട്. അതേസമയം ഒഡിഷ, വെസ്റ്റ് ബംഗാൾ, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിൽ ഭദ്രകാളിക്ക് പ്രാധാന്യം കൊടുത്തുകൊണ്ടാണ് ദീപാവലി ആഘോഷങ്ങൾ നടക്കാറ്. ശ്രീരാമപട്ടാഭിഷേകം നടന്ന ദിവസം, ധന്വന്തരി ജയന്തി എന്നിവയോടെല്ലാം ദീപാവലി ആഘോഷത്തെ ബന്ധപ്പെടുത്താറുണ്ട്. അതേസമയം, ജൈനമത വിശ്വാസികൾ മഹാവീരൻ നിർവാണം പ്രാപിച്ചതുമായി ബന്ധപ്പെട്ടാണ് ദീപാവലിയെ കാണുന്നത്.