
മുംബൈ നഗരം ദീപാലങ്കാരങ്ങളാൽ തിളങ്ങിയപ്പോൾ, മോഷണം പോയതും നഷ്ടപ്പെട്ടതുമായ 800 മൊബൈൽ ഫോണുകൾ അവയുടെ യഥാർത്ഥ ഉടമകൾക്ക് തിരികെ നൽകി പൊലീസ് ആഘോഷത്തിന്റെ മാറ്റ് കൂട്ടി. നഷ്ടപ്പെട്ടതും മോഷ്ടിക്കപ്പെട്ടതുമായ വിലപിടിപ്പുള്ള വസ്തുക്കൾ കണ്ടെത്തി പൗരന്മാർക്ക് തിരികെ നൽകുക എന്ന ലക്ഷ്യത്തോടെ ഡിസിപി സോൺ 6 -ൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക കാമ്പയിനിൻ്റെ ഭാഗമായിരുന്നു ഇത്.
മുംബൈ പൊലീസിൻ്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ ഈ വിവരങ്ങൾ പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്: 'ഒരു പ്രത്യേക ദീപാവലി റിട്ടേൺ ഗിഫ്റ്റ്. നഷ്ടപ്പെട്ടതും മോഷ്ടിക്കപ്പെട്ടതുമായ സാധനങ്ങൾ കണ്ടെത്തി തിരികെ നൽകാനുള്ള ഒരു പ്രത്യേക കാമ്പയിനിൻ്റെ ഭാഗമായി, ഡിസിപി സോൺ 6 ഇന്ന് വീണ്ടെടുത്ത വിലപിടിപ്പുള്ള വസ്തുക്കൾ യഥാർത്ഥ ഉടമകൾക്ക് കൈമാറി, ഇത് മുംബൈക്കാരുടെ ജീവിതത്തിൽ സന്തോഷം നിറച്ചു. ഒരു പ്രത്യേക ചടങ്ങിൽ, സോൺ 6-ൻ്റെ അധികാരപരിധിയിലുള്ള പൊലീസ് സ്റ്റേഷനുകൾ വീണ്ടെടുത്ത 800 മൊബൈൽ ഫോണുകൾ ഉടമകൾക്ക് തിരികെ നൽകി.'
പൊലീസ് ഉദ്യോഗസ്ഥർ മൊബൈൽ ഫോണുകൾ ഉടമകൾക്ക് കൈമാറുന്നതിൻ്റെ ചിത്രങ്ങളും പോസ്റ്റിനൊപ്പം പങ്കുവെച്ചു. സാമൂഹ്യ മാധ്യമങ്ങളിൽ വലിയ കയ്യടിയാണ് ഇപ്പോൾ മുബൈ പൊലീസിന് ലഭിക്കുന്നത്. നെറ്റിസൺസ് മുംബൈ പോലീസിനെ അഭിനന്ദിച്ചു. ഇൻസ്റ്റഗ്രാം പോസ്റ്റിന് 2,000 -ത്തിൽ അധികം ലൈക്കുകളും നിരവധി കമന്റുകളും ഉണ്ട്. ഒരു യൂസർ പറഞ്ഞത്, 'എനിക്കിപ്പോഴും പ്രതീക്ഷയുണ്ട്. ഒരു മാസമായി തന്റെ ഫോൺ കളഞ്ഞുപോയിട്ട്' എന്നാണ്. മറ്റൊരു യൂസർ പറഞ്ഞത്: 'എൻ്റെ ഫോൺ ഏതാനും മാസങ്ങൾക്ക് മുൻപ് നഷ്ടപ്പെട്ടു, ഞാൻ അത് റിപ്പോർട്ട് ചെയ്‌തിരുന്നു. എൻ്റെ ആദ്യത്തെ ശമ്പളം കൊണ്ട് വാങ്ങിയതായിരുന്നു അത്, ഇപ്പോഴും എനിക്കത് മറക്കാനായിട്ടില്ല. എന്തായാലും, ദീപാവലി ആശംസകൾ' എന്നാണ്.