
ഉറക്കത്തിനിടയിൽ അറിയാതെ വയറ്റിൽ തറച്ചുകയറിയ 4 സെന്റിമീറ്റർ നീളമുള്ള തയ്യൽ സൂചി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഓസ്‌ട്രേലിയയിലെ ജോൺ ഹണ്ടർ ആശുപത്രിയിലെ ഡോക്ടർമാർ പങ്കുവെച്ച ഈ അപൂർവ്വ സംഭവം 'ജേണൽ ഓഫ് സർജിക്കൽ കേസ് റിപ്പോർട്ട്സി'ലാണ് പ്രസിദ്ധീകരിച്ചത്.
പെട്ടെന്നുണ്ടായ കഠിനമായ വയറുവേദനയെ തുടർന്നാണ് 50-കാരിയായ സ്ത്രീയെ ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ ശരീരത്തിൽ മറ്റു കുഴപ്പങ്ങളൊന്നും കണ്ടെത്തിയില്ലെങ്കിലും ഹൃദയമിടിപ്പ് മിനിറ്റിൽ 130 ആയി ഉയർന്ന നിലയിലായിരുന്നു.
തുടർന്ന് നടത്തിയ സി.ടി സ്കാനിൽ വയറിന്റെ ഇടതുഭാഗത്തായി 4 സെന്റിമീറ്റർ നീളമുള്ളൊരു ലോഹവസ്തു കണ്ടെത്തി. എന്നാൽ, ഇത് എങ്ങനെയാണ് വയറിനുള്ളിൽ എത്തിയതെന്ന് വ്യക്തമാക്കാൻ ആദ്യ ഘട്ടത്തിൽ രോഗിക്ക് കഴിഞ്ഞില്ല. നിരീക്ഷണത്തിന് ശേഷം വേദന കുറഞ്ഞതോടെ ഇവരെ വീട്ടിലേക്ക് തിരികെ അയക്കുകയും ചെയ്തു.
എന്നാൽ, തൊട്ടടുത്ത ദിവസം കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇത്തവണ എക്സ്-റേ എടുത്തു നോക്കിയപ്പോൾ ലോഹവസ്തു വയറിന്റെ താഴെ ഭാഗത്തേക്ക് മാറിയതായി കണ്ടെത്തി. ഈ സമയത്താണ് തയ്യൽ ജോലിക്കിടെ താൻ ഉറങ്ങിപ്പോയ വിവരവും, ഉറക്കത്തിൽ തയ്യൽ സൂചി ശരീരത്തിൽ തറച്ചുകയറിയതാകാം എന്ന കാര്യവും സ്ത്രീ ഓർത്തത്.
സങ്കീർണ്ണമായ ശസ്ത്രക്രിയ
സൂചി വയറിനുള്ളിലെ ആന്തരാവയവങ്ങൾക്കോ രക്തക്കുഴലുകൾക്കോ കേടുപാടുകൾ വരുത്താൻ സാധ്യതയുണ്ടെന്ന് മനസിലാക്കിയ ഡോക്ടർമാർ ഉടൻ തന്നെ ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്കിടെ ചെറുകുടലിന് സമീപം രക്തം കട്ടപിടിച്ചതായി കണ്ടെങ്കിലും സൂചി എവിടെയാണെന്ന് കൃത്യമായി കണ്ടെത്താൻ പ്രയാസമായിരുന്നു. തുടർന്ന് ഒന്നിലധികം എക്സ്-റേ ചിത്രങ്ങളുടെയും ലാപ്രോസ്കോപ്പിക് ഉപകരണങ്ങളുടെയും സഹായത്തോടെ നടത്തിയ പരിശോധനയിലാണ് സൂചിയുടെ സ്ഥാനം കണ്ടെത്തിയത്. Greater Omentum -ൽ ഒളിച്ചിരുന്ന സൂചി, മറ്റു അവയവങ്ങൾക്ക് കേടുപാടുകൾ വരുത്താതെ ഡോക്ടർമാർ വിജയകരമായി പുറത്തെടുത്തു.
ശസ്ത്രക്രിയയ്ക്ക് ശേഷം തൊട്ടടുത്ത ദിവസം തന്നെ സ്ത്രീ ആശുപത്രി വിട്ടു. പിന്നീട് വയറ്റിലെ മുറിവിൽ നേരിയ അണുബാധയുണ്ടായെങ്കിലും ആന്റിബയോട്ടിക് മരുന്നുകൾ കഴിച്ചതോടെ അത് ഭേദമായി.