
പല കാര്യങ്ങൾക്കും ലോക റെക്കോർഡുകൾ കിട്ടുന്ന കാര്യം നമുക്കറിയാം. അതുപോലെ ലോകത്തിലെ ഏറ്റവും നീളമുള്ള നായ എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇവിടെ ഒരു നായ. യുഎസ്സിലുള്ള സോയി എന്ന് പേരിട്ടിരിക്കുന്ന ലാബ്രഡോർ, ജർമ്മൻ ഷെപ്പേർഡ് മിക്സ് നായയാണ് ലോകത്ത് ജീവിച്ചിരിക്കുന്നവയിൽ ഏറ്റവും നീളം കൂടിയ നാവുള്ള നായ എന്ന റെക്കോർഡ് നേടിയിരിക്കുന്നത്.
12.7 സെന്റിമീറ്റർ അഥവാ 5 ഇഞ്ചാണ് സോയിയുടെ നാക്കിന്റെ നീളം. ബിസ്ബീ എന്ന നായയുടെ പേരിലായിരുന്നു നേരത്തെ പ്രസ്തുത റെക്കോർഡ്. 9.49 സെന്റീമീറ്റർ (3.74 ഇഞ്ച്) ആയിരുന്നു ബിസ്ബിയുടെ നാക്കിന്റെ നീളം. സാഡി, ഡ്ര്യൂ വില്ല്യംസ് എന്നിവരാണ് സോയിയുടെ ഉടമകൾ. ആറ് ആഴ്ച പ്രായമുള്ളപ്പോൾ തന്നെ സോയിയുടെ നാക്കിന്റെ നീളം സാധാരണയിലും കവിഞ്ഞ് കൂടുന്നതായി ശ്രദ്ധയിൽ പെട്ടിരുന്നു എന്ന് ഇവർ പറയുന്നു.
ആറ് ആഴ്ച പ്രായമുള്ളപ്പോഴാണ് സോയിയെ നമുക്ക് കിട്ടുന്നത്. അന്ന് പകർത്തിയ ചിത്രത്തിൽ തന്നെ സോയിയുടെ അസാധാരണമായ നാക്ക് കാണാമായിരുന്നു എന്ന് സാഡി ഗിന്നസ് വേൾഡ് റെക്കോർഡ്സിനോട് പറഞ്ഞു. നാവ് വളരുന്നത് പോലെ തന്നെ സോയിയും വളരും എന്നാണ് തങ്ങൾ കരുതിയിരുന്നത്. എന്നാൽ, അവളുടെ ശരീരം അതുപോലെ വളർന്നില്ല. നാവ് മാത്രമേ വളർന്നുള്ളൂ. ശരീരത്തെ അപേക്ഷിച്ച് അവളുടെ നാവ് വളരെ വലുതായിരുന്നു എന്നും ഉടമകൾ പറഞ്ഞു.
നേരത്തെ തന്നെ അയൽക്കാർക്കിടയിൽ പ്രശസ്തയാണ് സോയി. മിക്കവർക്കും അവളെ അറിയാം. മിക്കവരും അവളെ കാണാനായി വീട്ടിലെത്താറുണ്ട്. ചിലർ നടക്കാൻ പോകുമ്പോൾ അവളെ കൂടി കൂടെ കൂട്ടുന്നു. മൊത്തത്തിൽ എല്ലാവർക്കും അവളെ വലിയ കാര്യമാണ് എന്നും ഉടമകൾ പറഞ്ഞു.