
ഒരു നായയെ രക്ഷിക്കാൻ വളരെ അധികം സമയമെടുക്കേണ്ടി വന്ന ഒരു വാർത്തയാണിത്. നായയെ രക്ഷിക്കാൻ അത്രയും വൈകിയത് എന്തുകൊണ്ടാണ് എന്നല്ലേ? പാറക്കൂട്ടങ്ങൾക്കിടയിലേക്കാണ് നായ വീണുപോയത്. ആ പാറക്കൂട്ടങ്ങളുടെ അതേ നിറമാണ് നായയ്ക്കും. അടുത്തിടെയാണ്, യുകെയിലെ ഒരു കൂട്ടം രക്ഷാപ്രവർത്തകർ പാറയിൽ നിന്ന് 50 അടി താഴ്ചയിൽ വീണ ഒരു നായയെ കണ്ടെത്താനുള്ള തിരച്ചിൽ നടത്തിയത്.
എന്നിരുന്നാലും, നായയെ കാണാനും ഒരു പാറ പോലെ തന്നെ ആയതിനാൽ തിരച്ചിൽ ശ്രമങ്ങൾ കുറച്ചുനേരത്തേക്ക് സ്തംഭിച്ചു. ഡോർസെറ്റിലെ ഡർഡിൽ ഡോറിലായിരുന്നു നായ വീണത്. ചാരനിറത്തിലായിരുന്നു നായ. അതുപോലെ തന്നെയായിരുന്നു അവിടെയുണ്ടായിരുന്ന പാറക്കൂട്ടങ്ങളും. അതോടെയാണ് നായയെ വേർതിരിച്ചറിയാനാവാതെ പോയത്.
രക്ഷാപ്രവർത്തകരെ രണ്ട് ടീമുകളായി തിരിക്കേണ്ടി വന്നു. ഒരു ടീം പാറക്കെട്ടിന് മുകളിലും മറ്റൊന്ന് താഴെ മണലിലും പാറകളിലും നായയെ തിരഞ്ഞു. 20 പേരെ ഉൾപ്പെടുത്തി 45 മിനിറ്റ് നീണ്ട തിരച്ചിലിനൊടുവിൽ ഒരു വലിയ പാറയുടെ പിന്നിൽ അവളെ കണ്ടെത്തി. പാറക്കെട്ടിൽ നിന്ന് 50 അടി താഴ്ചയിലേക്ക് വീണെങ്കിലും നായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
മലഞ്ചെരിവിന്റെ മുകളിൽ നിന്ന് എടുത്ത നായയുടെ ഫോട്ടോ ഇന്റർനെറ്റിൽ പ്രചരിച്ചതോടെ കാണുന്നവരെ പോലും അത് ആശയക്കുഴപ്പത്തിലാക്കി. കാരണം പാറക്കൂട്ടങ്ങൾക്കിടയിൽ അവളെ കണ്ടെത്തുക എന്നത് വലിയ പ്രയാസം തന്നെ ആയിരുന്നു.
ഉടമയ്ക്ക് രണ്ട് നായകളുണ്ടായിരുന്നു എന്നും പാറക്കെട്ടിന് മുകളിൽ നിൽക്കവേ ഒരെണ്ണം താഴേക്ക് വീഴുകയുമായിരുന്നു എന്നും രക്ഷാപ്രവർത്തകർ പറയുന്നു. "അവളുടെ നിറം കാണാൻ പാറക്കെട്ടുകൾക്കിടയിൽ ബുദ്ധിമുട്ടായതിനാൽ ഞങ്ങൾ കുറെ നേരം അവളെ തിരഞ്ഞുകൊണ്ടിരുന്നു. പാറക്കെട്ടിൽ ഒരു സംഘം താഴേക്ക് നോക്കുകയും മറ്റൊരു സംഘം കടൽത്തീരത്ത് കൂടി നടക്കുകയും ചെയ്തു. ഒടുവിൽ അവൾ ചില പാറകൾക്കിടയിൽ ഒതുങ്ങിയിരിക്കുന്നതായി ഞങ്ങൾ കണ്ടെത്തി, അതിന് വളരെ സമയമെടുത്തു. അവൾ ഒരു പാറ പോലെ തന്നെ ആയിരുന്നു കാണാൻ” അദ്ദേഹം കൂട്ടിച്ചേർത്തു.
ഏതായാലും ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ രക്ഷാപ്രവർത്തകർ നായയെ രക്ഷിച്ചു.