
ജർമ്മനിയിൽ കാണാതായ ഒരു ആൺകുട്ടിയെ ഒരാഴ്ചയ്ക്ക് ശേഷം അഴുക്കുചാലിൽ ജീവനോടെ കണ്ടെത്തി. ജൂൺ 17 -ന് ഓൾഡൻബർഗിലെ തന്റെ ഫാമിലി ഗാർഡനിൽ നിന്നാണ് ജോ എന്ന എട്ടുവയസ്സുകാരനെ കാണാതായത്. വലിയ പൊലീസ് തിരച്ചിലാണ് ഇതേ തുടർന്നുണ്ടായത്. ഒടുവിൽ ശനിയാഴ്ച രാവിലെയാണ് കുട്ടിയെ കണ്ടെത്തിയത്. ഒരു വഴിയാത്രക്കാരൻ മാൻഹോളിൽ നിന്ന് ശബ്ദം കേൾക്കുകയായിരുന്നു. തുടർന്ന് നോക്കിയപ്പോഴാണ് ജോ അതിന്റെ അകത്തുള്ളതായി മനസിലാവുന്നത്.
കാണാതായ അന്ന് തന്നെ കുട്ടി അഴുക്കുചാലിൽ വീണിരുന്നു എന്നാണ് പൊലീസ് പറയുന്നത്. അഗ്നിശമനാ സേനാംഗങ്ങൾ കുട്ടിയെ അഴുക്കുചാലിൽ നിന്ന് പുറത്തെടുത്ത ശേഷം അവന്റെ വീട്ടിൽ നിന്ന് ഏകദേശം 300 മീറ്റർ അകലെയുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവന് ഹൈപ്പോഥെർമിയ ബാധിച്ചിരുന്നു. പക്ഷേ, കാര്യമായ പരിക്കുകളൊന്നുമില്ല.
എട്ട് വയസുകാരനായ ജോ ജീവനോടെയിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് പൊലീസ് വിവരം പുറത്ത് വിട്ടത്. “പൊതുജനങ്ങളിൽ നിന്നുള്ള സഹായത്തിന് നന്ദി, ഞങ്ങൾക്ക് ജോയെ ഒരു മാൻഹോളിൽ കണ്ടെത്താൻ കഴിഞ്ഞു,” പോലീസ് മേധാവി ജോഹാൻ കുഹ്മെ പറഞ്ഞു. "ഏറ്റവും പ്രധാനപ്പെട്ട കാര്യം, അവൻ ജീവിച്ചിരിപ്പുണ്ട് എന്നതാണ്. കണ്ടെത്തിയ ഉടൻ തന്നെ ഒരു ആശുപത്രിയിലേക്ക് അവനെ കൊണ്ടുപോയി, അവിടെ അവൻ സുരക്ഷിതനാണ്. ഇനി നമുക്ക് ആശ്വസിക്കാം" എന്നും പൊലീസ് പറഞ്ഞു.
ജോയ്ക്ക് കുഴപ്പമൊന്നുമില്ലെന്നും ആശ്വാസകരമായ അവസ്ഥയാണ് എന്നും അവന്റെ പിതാവ് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. എങ്ങനെയാണ് കുട്ടി അഴുക്കുചാലിൽ പെട്ടു പോയത് എന്നതിനെ കുറിച്ച് പല ഊഹോപോഹങ്ങളും നിലവിൽ ഉണ്ടായിരുന്നു. എന്നാൽ, കുട്ടി തനിയെ അതിലേക്ക് നുഴഞ്ഞു കയറുകയായിരുന്നു എന്നും പിന്നീട് തിരികെ വരാനായില്ല എന്നും പറയപ്പെടുന്നു.