കണ്ണ് നനയാതെ കാണാനാവില്ല; മഞ്ഞിൽ പൊതിഞ്ഞ് ഉടമയുടെ മൃതദേഹം, 4 ദിവസമായി അരികില്‍ നിന്നും മാറാതെ നായ

Published : Jan 27, 2026, 02:14 PM IST
video

Synopsis

ഹിമാചൽ പ്രദേശിലെ കനത്ത മഞ്ഞുവീഴ്ചയിൽ മരിച്ച ഉടമയുടെ മൃതദേഹത്തിന് നാല് ദിവസത്തോളം കാവലിരുന്ന് ഒരു പിറ്റ് ബുൾ. ഭക്ഷണം പോലും ഉപേക്ഷിച്ചാണ് ഈ കഠിനമായ കാലാവസ്ഥയിൽ ഉടമയുടെ ശരീരത്തിനരികില്‍ നായ ഇരുന്നത്. 

നായയെ പോലെ മനുഷ്യരെ സ്നേഹിക്കുന്ന, വിശ്വസ്തതയോടെ കാക്കുന്ന മറ്റൊരു മൃ​ഗത്തെ കണ്ടെത്തുക പ്രയാസമാണ്. അത് തെളിയിക്കുന്ന ഹൃദയഭേദകമായ ഒരു സംഭവമാണ് ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിലെ ഭർമൗറിൽ നിന്ന് പുറത്തുവരുന്നത്. കനത്ത മഞ്ഞുവീഴ്ചയാണ് ഹിമാചലിൽ, ആളുകൾക്ക് വീട്ടിൽ നിന്നും പുറത്തിറങ്ങുക എന്നത് തന്നെ അതീവദുഷ്കരമായ സാഹചര്യം. ആ സാഹചര്യത്തിൽ ഒരു പിറ്റ് ബുൾ നാല് ദിവസമായി മരിച്ചുപോയ തന്റെ ഉടമയെ ഉപേക്ഷിക്കാൻ സാധിക്കാതെ മൃതദേഹത്തിനരികിൽ തന്നെ നിൽക്കുന്ന രം​ഗമാണ് ഇപ്പോൾ ആളുകളുടെ ഹൃദയത്തിന് നോവായി മാറുന്നത്.

ഭർമൗറിലെ ഭർമാനി ക്ഷേത്രത്തിന് സമീപത്തുവച്ചാണ് വിക്ഷിത് റാണ, പിയൂഷ് എന്നീ രണ്ട് യുവാക്കളെ കാണാതായത്. കഠിനമായ കാലാവസ്ഥയിൽ മഞ്ഞുവീഴ്ചയിൽ കുടുങ്ങിയതിനെ തുടർന്ന് അവർ മരിച്ചതായി പിന്നീട് കണ്ടെത്തുകയായിരുന്നു. നാല് ദിവസത്തിന് ശേഷം രക്ഷാപ്രവർത്തകരും നാട്ടുകാരും സ്ഥലത്തെത്തിയപ്പോൾ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. പിയൂഷിന്റെ മൃതദേഹം മഞ്ഞുപാളികൾക്കടിയിൽ മൂടപ്പെട്ടിരുന്നു, പക്ഷേ അതിന് തൊട്ടടുത്തായി അദ്ദേഹത്തിന്റെ വളർത്തുനായ ഇരിപ്പുണ്ടായിരുന്നു.

ഈ നാല് ദിവസവും ഭക്ഷണം പോലും തേടാൻ പോവാതെ, ഒന്നും കഴിക്കാതെ ആ കനത്ത മഞ്ഞിൽ തന്റെ ഉടമയുടെ ജീവനറ്റ ശരീരത്തിനരികിൽ തന്നെ ഇരിക്കുകയായിരുന്നു വിശ്വസ്തനായ ആ നായ. കഠിനമായ കാലാവസ്ഥയിൽ നിന്നും മാത്രമല്ല, പ്രദേശത്തെ വന്യമൃ​ഗങ്ങളിൽ നിന്നും തന്റെ ഉടമയുടെ ശരീരത്തെ സംരക്ഷിക്കാനായിരിക്കാം അവനത് ചെയ്തത്. രക്ഷാപ്രവർത്തകർ മൃതദേഹം മഞ്ഞിൽ നിന്നും പുറത്തെടുക്കാൻ ശ്രമിച്ചപ്പോൾ നായ ആദ്യം അക്രമണകാരിയായി. എന്നാൽ, വളരെ സ്നേഹത്തോടെയും അനുനയത്തിന്റെ രീതിയിലും അതിനോട് പെരുമാറിയപ്പോഴാണ് വന്ന ആളുകൾ സഹായിക്കാൻ എത്തിയവരാണ് എന്ന് മനസിലായി നായ അവരോട് സഹകരിക്കുന്നതും മൃതദേഹം അവിടെ നിന്നും മാറ്റാനായതും.

 

 

സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പിന്നീട് പ്രചരിക്കുകയായിരുന്നു. കണ്ണ് നനയാതെ ഈ രം​ഗം കാണാനാവില്ല എന്നാണ് പലരും പ്രതികരിച്ചിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

ഡേറ്റിന് പോയ ആൾക്ക് ഭാര്യയും കുട്ടികളുമുള്ളതറിഞ്ഞ് ഞെട്ടി യുവതി, കള്ളി വെളിച്ചത്താക്കിയത് ചാറ്റ്ജിപിടി
ഭക്ഷണം കഴിച്ചാൽ എഴുന്നേറ്റ് പോണം, അധികനേരം ഇരുന്നാൽ 1000 രൂപ നൽകേണ്ടി വരും, റെസ്റ്റോറന്റിൽ നോട്ടീസ്