'സാറേ, ഇതൊരു കളിയാണ്, കളിയുടെ രസം കളയരുത്' ദേവീന്ദർ സിങ് അറസ്റ്റിനു മുമ്പ് ഡിഐജിയോട് പറഞ്ഞത് ഇങ്ങനെ

By Web TeamFirst Published Jan 17, 2020, 9:54 AM IST
Highlights

ശ്രീനഗർ-ജമ്മു ഹൈവേയിൽ സ്ഥിതിചെയ്യുന്ന ഒട്ടു ശാന്തമായൊരു ദക്ഷിണ കശ്മീരി ഗ്രാമമാണ് കാസിഗുണ്ട്. ദേവീന്ദർ സിങ്, ഹിസ്ബുൾ മുജാഹിദ്ദീൻ കമാണ്ടർ നവീദ് മുഷ്താഖ് എലിയാസ് 'ബാബു', അനുയായികളായ ആസിഫ്, ഇമ്രാൻ എന്നിവർ സഞ്ചരിച്ച i10 കാർ പൊലീസ് ചെക്ക് പോയിന്റിൽ കുടുങ്ങുന്നത്. 

തീവ്രവാദികളെ സഹായിച്ചതിന് പോലീസ് അറസ്റ്റുചെയ്ത ദേവീന്ദർ സിങ്ങിനെ ഇനി ചോദ്യം ചെയ്യാൻ പോവുന്നത് എൻഐഎ ആവും. തീവ്രവാദത്തിന് ശ്രീനഗറിൽ പ്രാദേശികമായി ലഭിക്കുന്ന ഫണ്ടിങ്ങിനെപ്പറ്റിയും സഹായങ്ങളെപ്പറ്റിയും എൻഐഎയുടെ അന്വേഷണം സമാന്തരമായി പുരോഗമിച്ചുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി ഈ അറസ്റ്റുണ്ടാകുന്നത്. അതുകൊണ്ട്, ദേവീന്ദർ സിങ്ങിന്റെ കേസ് കൂടി അതിൽ ഉൾപ്പെടുത്തിക്കൊണ്ട് അന്വേഷിക്കാനാണ് തീരുമാനം. ദേവീന്ദർ സിങ് തീവ്രവാദികളെ സഹായിച്ചതിന് പിന്നിലെ യഥാർത്ഥ ഉദ്ദേശ്യമെന്ത് എന്ന് കണ്ടെത്തലാകും  അന്വേഷണത്തിൽ എൻഐഎ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

ദേവീന്ദർ സിങ്ങിന്റെ ട്രാക്ക് റെക്കോർഡ് നോക്കിയാൽ ഒരു കാര്യം വ്യക്തമാണ്. കാശെന്നുകേട്ടാൽ മൂക്കും കുത്തി വീഴുന്നവനാണ് അയാൾ. മുമ്പൊരിക്കൽ താഴ്‌വരയിൽ വൻതോതിൽ കറുപ്പ് വേട്ട നടന്നപ്പോൾ, ഒടുവിൽ പിടിച്ചെടുത്തതിൽ വലിയൊരളവും ബ്ലാക്ക് മാർക്കറ്റിൽ വിറ്റുകാശാക്കി എന്നൊരു ആരോപണം സിങ്ങിനെതിരെ ഉയർന്നുവന്നിരുന്നു. ഇതിനു പുറമെ ഭീഷണിപ്പെടുത്തി പണം തട്ടുക, കാർ മോഷണം നടത്തുക, തീവ്രവാദികൾക്ക് സഹായങ്ങൾ നൽകുക എന്നിങ്ങനെയുള്ള സംഭവങ്ങളിലും സിങ്ങിന് പങ്കുണ്ടായിരുന്നു എന്നാണ് ഇപ്പോൾ പലരും രഹസ്യമായെങ്കിലും ആരോപിക്കുന്നത്.

പലരും ദേവീന്ദർ സിങ്ങിനെ പുൽവാമ അക്രമണവുമായിപ്പോലും ബന്ധിപ്പിച്ചുകൊണ്ടുള്ള ആരോപണങ്ങൾ ഉയർത്തുന്നുണ്ട്. ആക്രമണം നടക്കുമ്പോൾ ദേവീന്ദർ പൊലീസ് ഹെഡ് ക്വാർട്ടേഴ്സിൽ ആയിരുന്നു ജോലിചെയ്തിരുന്നത്. നാല്പതിലധികം സിആർപിഎഫ് ഭടന്മാർ അന്ന് കോൺവോയ്ക്ക് നേരെ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. എന്നാൽ ദേവീന്ദറിനെ പുൽവാമയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും അന്വേഷണോദ്യോഗസ്ഥർക്ക് ഇതുവരെ കിട്ടിയിട്ടില്ല.

ശ്രീനഗർ പൊലീസിലെ ഒരു ഉന്നതാധികാരി പേരുവെളിപ്പെടുത്തില്ല എന്ന ധാരണപ്പുറത്ത് ബിബിസിയോട് പറഞ്ഞത്, ദേവീന്ദർ സിങ് മാസങ്ങളോളമായി അന്വേഷണ ഏജൻസികളുടെ സംശയത്തിന്റെ നിഴലിൽ ആയിരുന്നു എന്നാണ്. "തീവ്രവാദികൾക്ക് നൽകുന്ന സഹായത്തിന്റെ പേരിൽ അയാൾ കുറച്ചുനാളായി നിരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു". ദേവീന്ദർ സിങ്ങിനെ അറസ്റ്റു ചെയ്ത അന്ന് നടന്ന സംഭവങ്ങളുടെ  നേർസാക്ഷ്യങ്ങളും ഇതേ ഉറവിടത്തിൽ അവർക്ക് കിട്ടിയിരുന്നു.

അതീവരഹസ്യമായ ഒരു ഓപ്പറേഷൻ

ശ്രീനഗർ-ജമ്മു ഹൈവേയിൽ സ്ഥിതിചെയ്യുന്ന ഒട്ടു ശാന്തമായൊരു ദക്ഷിണ കശ്മീരി ഗ്രാമമാണ് കാസിഗുണ്ട്. ദേവീന്ദർ സിങ്, ഹിസ്ബുൾ മുജാഹിദ്ദീൻ കമാണ്ടർ നവീദ് മുഷ്താഖ്, അനുയായികളായ ആസിഫ്, ഇമ്രാൻ എന്നിവർ സഞ്ചരിച്ച i10 കാർ പൊലീസ് ചെക്ക് പോയിന്റിൽ കുടുങ്ങുന്നത്. ചെക്ക് പോയന്റിൽ നടന്ന പരിശോധനയ്ക്കിടെ തന്റെ പേരും, പദവിയുമെല്ലാം വെളിപ്പെടുത്തിയ ഡിസിപി ദേവീന്ദർ സിങ് പറഞ്ഞത് കൂടെയുള്ള മൂന്നുപേരും തന്റെ അംഗരക്ഷകരാണെന്നാണ്. എന്നാൽ, ദേവീന്ദർ സിങ് ഒട്ടും പ്രതീക്ഷിക്കാത്ത ഒരാൾ കൂടി ആ ചെക്ക് പോയിന്റിൽ അപ്പോൾ സന്നിഹിതനായിരുന്നു. അത് ഡിഐജി അകുൽ ഗോയൽ ആയിരുന്നു.

ദേവീന്ദർ പറഞ്ഞ കഥ വിശ്വസിക്കാൻ കൂട്ടാക്കാതിരുന്ന അകുൽ ഗോയലിന് ആ കാറിലുണ്ടായിരുന്ന നവീദ് എന്ന ഹിസ്ബുൾ കമാണ്ടറുടെ മുഖം നല്ല പരിചയമുണ്ടായിരുന്നു. അദ്ദേഹം കൂടെയുണ്ടായിരുന്ന പൊലീസ് ഓഫീസർമാരോട് ആ i10 കാർ വിശദമായി പരിശോധിക്കാൻ പറഞ്ഞു. അതിൽനിന്ന് അഞ്ചു ഹാൻഡ് ഗ്രനേഡുകളും ഒരു എകെ 47 യന്ത്രത്തോക്കും കണ്ടെടുത്തതോടെ കാര്യങ്ങൾ വേറെ ലെവലിലേക്ക് നീങ്ങി. അകുൽ ഗോയൽ അവിടെ എത്തിയതിൽ ഒട്ടും യാദൃച്ഛികത ഉണ്ടായിരുന്നില്ല എന്നാണ് ഇപ്പോൾ കിട്ടുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. മൂന്ന് ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദികൾ ഒരു പൊലീസുകാരന്റെ സഹായത്തോടെ കാസിഗുണ്ട് വഴി ജമ്മുവിലേക്ക് കടക്കുന്നുണ്ട് എന്ന വിവരം കിട്ടിയതുകൊണ്ടുതന്നെയാണ് അദ്ദേഹം നേരിട്ട് ആ ചെക്ക് പോയന്റിൽ സന്നിഹിതനായിരുന്നത്.

ദേവീന്ദർ സിങ്ങിനൊപ്പം തീവ്രവാദികളെ കണ്ടതിനു പുറമെ, കാറിൽ നിന്ന് മാരകായുധങ്ങൾ കൂടി കിട്ടിയതോടെ, ഡിഐജി അതുൽ ഗോയൽ തന്റെ കൂടെയുണ്ടായിരുന്ന പൊലീസ് പാർട്ടിയോട് ഡിഎസ്പിയെ അറസ്റ്റുചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. അപ്പോൾ, ദേവീന്ദർ സിങ് ഇങ്ങനെ പറഞ്ഞത്രേ, "സാറേ, ഇതൊരു കളിയാണ്, കളിയുടെ രസം കളയരുത്..."

click me!