ആറുമാസം ബഹിരാകാശത്ത്, ഇനി ന്യൂട്ടൻ്റെ ആപ്പിൾ മരത്തിൻ്റെ വിത്തുകളുപയോഗിച്ച് പുതിയ ആപ്പിൾ മരങ്ങളും!

By Web TeamFirst Published Jan 17, 2020, 9:23 AM IST
Highlights

ഇപ്പോൾ ചെടികളായി വളർന്ന അവയിൽ ചിലത് ന്യൂട്ടൻ്റെ വീട്ടുവളപ്പിലും, ബാക്കി ഉള്ളവ മറ്റ് പല സ്ഥലങ്ങളിലായി വളരുന്നു.

ഐസക്ക് ന്യൂട്ടനെ കുറിച്ചോർക്കുമ്പോൾ ആദ്യം നമുക്ക് ഓർമ്മ വരിക, അദ്ദേഹത്തിൻ്റെ  ആപ്പിൾ മരവും, ആ ആപ്പിൾ മരം അദ്ദേഹത്തിന് സമ്മാനിച്ച ശാസ്ത്രത്തിലെ ഏറ്റവും വലിയ കണ്ടുപിടിത്തങ്ങളിൽ ഒന്നായ ഗുരുത്വാകർഷണ സിദ്ധാന്തവുമാണ്. ഐസക്ക് ന്യൂട്ടനെ ലോകമറിയുന്ന ശാസ്ത്രജ്ഞനാക്കിയ ആ ആപ്പിൾ മരം ഇപ്പോഴും അദ്ദേഹത്തിൻ്റെ വീട്ടുവളപ്പിൽ സംരക്ഷിക്കപ്പെടുന്നു. ഏകദേശം 330 വർഷത്തിനുശേഷം, അതേ ആപ്പിൾ മരത്തിൻ്റെ വിത്തുകൾ ഉപയോഗിച്ച് ഒരു പുതിയ വൃക്ഷം വളർത്താനുള്ള ശ്രമങ്ങൾ യുണൈറ്റഡ് കിംഗ്ഡത്തിലെ റോസ്‌ലിസ്റ്റണിൽ തുടങ്ങിക്കഴിഞ്ഞു.  

എന്നിരുന്നാലും, റോസ്‌ലിസ്റ്റണിൽ എവിടെയാണ് ഇവ വളരുന്നതെന്ന് ഇപ്പോഴും രഹസ്യമാണ്. യൂറോപ്യൻ ബഹിരാകാശ ഏജൻസിയിലെ ബഹിരാകാശയാത്രികനാണ് ടിം പീക്ക്.1687 -ൽ പ്രസിദ്ധീകരിച്ച ന്യൂട്ടൻ്റെ മഹത്തായ ഗ്രന്ഥങ്ങളിൽ ഒന്നായ പ്രിൻസിപിയ മാത്തമാറ്റിക്കയെ ആസ്പദമാക്കി 2015 -ൽ പഠനം നടത്തിയ സംഘത്തിലൊരാളായിരുന്നു പീക്ക്. 

ഗവേഷണത്തിൻ്റെ ഭാഗമായി ആപ്പിൾ മരത്തിൻ്റെ വിത്തുകൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അദ്ദേഹം കൊണ്ടുപോവുകയുണ്ടായി. ആ അന്തരീക്ഷത്തിൽ അവ ആറുമാസം ചെലവഴിച്ചു. ഭൂമിയുടെ ഗുരുത്വാകർഷണ ഫലം കണ്ടുപിടിക്കാൻ ന്യൂട്ടനെ സഹായിച്ച അതേ മരത്തിൻ്റെ വിത്തുകൾ, അങ്ങനെ ആറുമാസം ശൂന്യാകാശത്ത് ചിലവഴിച്ചു. 2016 -ൽ ഭൂമിയിലേക്ക് മടങ്ങിയെത്തിയ വിത്തുകളെ രണ്ടാമതും മുളപ്പിക്കാനുള്ള ശ്രമമായിരുന്നു പിന്നീട്. അങ്ങനെ വെറുതെ മുളപ്പിച്ചെടുക്കുകയല്ല അവർ ചെയ്തത്.

ആദ്യം അത്  സസെക്സ്സിലെ വൈൽഡ് ബൊട്ടാണിക്കൽ ഗാർഡനിലേക്ക് അയക്കപ്പെട്ടു. അവിടെ അവയെ 5 ഡിഗ്രി സെൽഷ്യസിൽ 90 ദിവസം സൂക്ഷിച്ചു. അങ്ങനെയാണ് വിത്തുകൾ മുള പൊട്ടിയത്. തീർന്നില്ല,  2017 -ൽ തളിരുകൾ വരാനായി 15 ഡിഗ്രി സെൽഷ്യസിൽ ഇവയെ ചൂടുപിടിപ്പിച്ചു. അങ്ങനെയാണ് നാമ്പുകൾ കിളിർത്തു വന്നത്. ഇപ്പോൾ ചെടികളായി വളർന്ന അവയിൽ ചിലത് ന്യൂട്ടൻ്റെ വീട്ടുവളപ്പിലും, ബാക്കി ഉള്ളവ മറ്റ് പല സ്ഥലങ്ങളിലായി വളരുന്നു. "ഈ ആപ്പിൾ ചെടികൾ വളരെ വിശേഷപ്പെട്ടതാണ്" പീക്ക് പറഞ്ഞു.  

ഇനിയും ഒരു പാട് ന്യൂട്ടന്മാർക്ക് ശാസ്ത്രത്തിലെ മഹത്തായ കണ്ടുപിടുത്തങ്ങൾ നടത്താനുള്ള ഒരു പ്രചോദനമാകട്ടെ ആ ആപ്പിൾ മരങ്ങൾ എന്ന്  പ്രതീക്ഷിക്കാം. 

click me!