
ഇന്ന് ഇന്ത്യയില്‍ ഏറെ പൊതുസമ്മതി നേടിയ ഒരു വാചകമാണ് 'ഇത് ഇഡിയുടെ കാലമാണ്' എന്നത്. ഇഡി എന്നാല്‍ സാക്ഷാല്‍ 'എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്' തന്നെ. ഭരണകൂടം ഇഡിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിട്ട് കാലമേറെയായി. എങ്കിലും ഭരണപക്ഷത്തോടൊപ്പമില്ലാത്ത രാജ്യത്തെ നിരവധി പ്രാദേശിക ദേശീയ നേതാക്കളും ഇന്ന് വിവിധ തരത്തിലുള്ള ഇഡിയുടെ അന്വേഷണം നേരിടുകയാണെന്ന് ദിവസേന പത്രങ്ങളിലൂടെ കടന്ന് പോകുന്ന ആര്‍ക്കും വ്യക്തമാകും. ഇതിനിടെയിലാണ് ഒരു വിവാഹാഘോഷവുമായി ബന്ധപ്പെട്ട് ഇഡി വരനെ ചോദ്യം ചെയ്തെന്ന വാര്‍ത്തയെത്തിയത്. ചോദ്യം ചെയ്തത് വരനെ മാത്രമല്ല, വിവാഹത്തില്‍ പങ്കെടുത്ത ബോളിവുഡ് നടന്‍ രൺബീർ കപൂറിനെ അടക്കമാണ്. ഇതോടെ 'മഹാദേവ് ഓൺലൈൻ ബുക്ക് ആപ്പ്' വാര്‍ത്താ പ്രധാന്യം നേടി. ചോദ്യം ചെയ്യലിനുള്ള കാരണമെന്താണെന്നല്ലേ? വിവാഹത്തിന്‍റെ ചെലവ് കാശ് മുഴുവനും പണമായി നല്‍കിയെന്നത് തന്നെ. ഇതിലെന്താണ് തെറ്റെന്ന് തോന്നുനുണ്ടെങ്കില്‍ ആ ചെലവ് കാശ് എത്രയെന്ന് കൂടിയറിയണം. അത് ഒന്നും രണ്ടും കോടിയല്ല, മറിച്ച് 200 കോടി രൂപയാണ്.
ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമിന്‍റെ പ്രമോട്ടർമാരിൽ ഒരാളായ സൗരഭ് ചന്ദ്രകറാണ് ഇഡി ചോദ്യം ചെയ്ത ആ വരന്‍. സൗരഭിന്‍റെ വിവാഹം കഴിഞ്ഞ ഫെബ്രുവരിയിൽ റാസൽഖൈമയിൽ വച്ചായിരുന്നു. ഇന്ത്യയില്‍ നിന്നുള്ള വിരുന്നുകാരെ റാസല്‍ഖൈമയിലേക്ക് കൊണ്ട് പോയതാകട്ടെ സ്വകാര്യ ജറ്റ് വിമാനങ്ങളില്‍. മുംബൈ ആസ്ഥാനമായുള്ള ഇവന്‍മാനേജ്മെന്‍റ് വിവാഹം അതിമനോഹരമായി കൈകാര്യം ചെയ്തു. എന്നാല്‍ ഇതിനെല്ലാറ്റിനും വേണ്ടി ചെലവായ കാശ്, പണമായി നല്‍കിയതാണ് ഇഡിയെ സംശയമുനയില്‍ നിര്‍ത്തിയത്. പ്രത്യേകിച്ചും ചെലവിനുള്ള 200 കോടിയും പണമായി കൈമാറിയെന്നത് ഇഡിയുടെ സംശയം വര്‍ദ്ധിപ്പിച്ചു. സെപ്റ്റംബർ 15 ലെ പ്രസ്താവനയിൽ, ഇവന്‍റ് മാനേജ്‌മെന്‍റ് സ്ഥാപനത്തിന് ഹവാല ഇടപാടുകൾ വഴി 112 കോടി രൂപ എത്തിച്ചെന്നും ഇത് കൂടാതെ 42 കോടി രൂപയുടെ ഹോട്ടൽ ബുക്കിംഗുകൾ യുഎഇ കറൻസിയിൽ പണമായി നല്‍കിയെന്നും ഇഡി പറയുന്നു. തുടര്‍ന്ന് ഇവന്‍റ് മാനേജ്‌മെന്‍റ് സ്ഥാപനവുമായി ബന്ധപ്പെട്ടവരുടെ സ്ഥലങ്ങളിൽ ഇഡി നടത്തിയ പരിശോധനയിൽ ഹവാല ഇടപാടുകളുടെയും കണക്കിൽ പെടാത്ത പണത്തിന്‍റെയും തെളിവുകൾ കണ്ടെത്തിയതായും ഏജൻസി അറിയിച്ചു.
യുവതിയുടെ വീണ് കിടന്ന സ്കൂട്ടർ ഉയര്‍ത്താന്‍ ശ്രമിച്ചയാൾ, സ്കൂട്ടറോടെ വെള്ളം നിറഞ്ഞ പാടത്തേക്ക് !
രാജ്യത്തെ പല സെലിബ്രിറ്റികള്‍ക്കും ഈ വാതുവെപ്പ് സ്ഥാപനവുമായി ഇടപാടുണ്ടെന്നും അവരുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ടെന്നും ഇഡി പറയുന്നു. ഓൺലൈൻ വാതുവെപ്പിന്‍റ് വരുമാനത്തിൽ നിന്നാണ് വിവാഹ ചെലവിനുള്ള പണം നൽകിയതെന്നും ഇഡി കൂട്ടിച്ചേര്‍ക്കുന്നു. റാപ്പിഡ് ട്രാവൽസ് നടത്തുന്നത് ധീരജ് അഹൂജയ്ക്കും വിശാൽ അഹൂജയ്ക്കും ഈ സംഘങ്ങളുമായി ബന്ധമുണ്ട്. വാതുവയ്പ്പുകളില്‍ നിന്നുള്ള അനധികൃത പണം ആഭ്യന്തര/അന്തര്‍ദേശീയ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ഉപയോഗിച്ചു. ഒപ്പം മഹാദേവ് ഓൺലൈൻ ബുക്ക് ആപ്പിന്‍റെ കള്ളപ്പണം വെളുപ്പിക്കൽ പ്രവർത്തനങ്ങളിൽ ഭാഗമായ മറ്റ് ചിലരെയും തിരിച്ചറിഞ്ഞതായി ഏജൻസി അവകാശപ്പെട്ടു. സൗരഭ് ചന്ദ്രകർ, രവി ഉപ്പൽ എന്നിവരാണ് ആപ്പിന്‍റെ പ്രധാന പ്രമോട്ടർമാർ എന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഛത്തീസ്ഗഡിലെ ഭിലായിൽ നിന്നുള്ള ഇവർ ദുബായിൽ നിന്നാണ് പ്രവർത്തിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് 39 സ്ഥലങ്ങളിൽ പരിശോധന നടത്തി 417 കോടി രൂപയുടെ അനധികൃത സ്വത്തുക്കൾ കണ്ടുകെട്ടിയതായി കേന്ദ്ര ഏജൻസി അറിയിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക