
വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള കഴിവ് മനുഷ്യന് മാത്രമാണ് ഉള്ളത് എന്ന് കരുതിയാൽ തെറ്റി. എല്ലാ ജീവജാലങ്ങൾക്കും വികാരങ്ങൾ ഉണ്ട്. പക്ഷേ, അവ പ്രകടിപ്പിക്കാനുള്ള കഴിവ് താരതമ്യേന കൂടുതൽ മനുഷ്യനാണ് എന്നാണ് സാധാരണഗതിയിൽ നാം കരുതുക.
എന്നാൽ, അങ്ങനെയല്ല എന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. വികാരവിചാരങ്ങൾ പ്രകടിപ്പിക്കാൻ മനുഷ്യനെക്കാൾ കൂടുതൽ കഴിവ് ആനകൾക്ക് ഉണ്ടെന്നാണ് പഠന റിപ്പോർട്ടുകളിൽ പറയുന്നത്. നമ്മുടെ ഉള്ളിലെ വികാരത്തെ മുഖത്ത് പല ഭാവങ്ങളായി പ്രകടിപ്പിക്കാൻ നമ്മെ സഹായിക്കുന്നത് മുഖത്തെ ന്യൂറോണുകളാണ്. ഈ ന്യൂറോണുകൾ മൃഗങ്ങളെക്കാൾ കൂടുതലുള്ളത് മനുഷ്യനാണ് എന്നാണ് പൊതുവിൽ പലരും കരുതിയിരുന്നത്. എന്നാൽ ജർമ്മനിയിലെ ഒരു കൂട്ടം ഗവേഷകർ നടത്തിയ പഠനത്തിൽ മനസ്സിലായത് മനുഷ്യനെക്കാൾ വികാര പ്രകടനത്തിൽ മുൻപന്തിയിൽ നിൽക്കുന്നത് ആനകൾ ആണെന്നാണ്. കാരണം ആനകളുടെ മുഖത്ത് മനുഷ്യരുടെ മുഖത്തുള്ളതിനേക്കാൾ കൂടുതൽ ന്യൂറോണുകൾ ഉണ്ടത്രേ.
ബെർലിനിലെ ഹംബോൾട്ട് യൂണിവേഴ്‌സിറ്റിയിലെ ലെന വി. കോഫ്‌മാനും അവരുടെ സഹ ഗവേഷകരും ചേർന്നാണ് ഈ കണ്ടെത്തൽ നടത്തിയത്. ആനയുടെ നാഡീവ്യവസ്ഥയെ കുറിച്ച് ഇവർ നടത്തിയ പഠനത്തിൽ അവയുടെ മുഖത്ത് ന്യൂറോണുകൾ കരയിലെ മറ്റ് സസ്തനികളേക്കാൾ കൂടുതലാണെന്ന് കണ്ടെത്തി.
നമുക്ക് പുഞ്ചിരിക്കാനും നെറ്റി ചുളിക്കാനും പുരികം ഉയർത്താനും മൂക്ക് ചുളിക്കാനും ഒക്കെ കഴിയുന്നത് ന്യൂറോണുകളുടെ സഹായത്തോടെയാണ്. ഇത്തരത്തിൽ നമ്മുടെ ഭാവപ്രകടനങ്ങളെ സഹായിക്കുന്നതിനായി 8,000 മുതൽ 9,000 വരെ ന്യൂറോണുകളാണ് നമ്മുടെ തലച്ചോറിൽ ഉള്ളത്. എന്നാൽ, ആനകളുടെ തലച്ചോറിൽ ഉള്ളത് 50,000-ത്തിലധികം ന്യൂറോണുകളാണ്.
ആനയുടെ മുഖത്തെ നാഡീകോശങ്ങളുടെ ഈ സമൃദ്ധി തുമ്പിക്കൈയുടെ വൈദഗ്ധ്യത്തിന് കാരണമാകുന്നു. ഏകദേശം 150,000 പേശികളും ടെൻഡോണുകളും അടങ്ങുന്ന വളരെ വൈവിധ്യമാർന്നതാണ് തുമ്പിക്കൈ. ഒരു മരത്തെ വേരോടെ പിഴുതെറിയാൻ അത് ശക്തമാണ്, പക്ഷേ അതേസമയം വളരെ സൗമ്യവുമാണ്. വളരെ ദുർബലമായ വസ്തുക്കളും ആനകൾക്ക് ഇതേ തുമ്പിക്കൈ കൊണ്ട് ഉയർത്താനാകും.
എന്നാൽ എല്ലാ ആനകളും ഒരേ രീതിയിലല്ല ഇത് ഉപയോഗിക്കുന്നത്. ആഫ്രിക്കൻ ആനകൾക്ക് തുമ്പിക്കൈയുടെ അറ്റത്ത് രണ്ട് വിരലുകൾ പോലെയുള്ള ഭാഗമുണ്ട്, അത് അവയെ വസ്തുക്കളെ നുള്ളിയെടുത്ത് പിടിക്കാൻ അനുവദിക്കുന്നു. അതേസമയം, ഏഷ്യൻ ആനകൾക്ക് ഒറ്റ ഭാഗമേ ഉള്ളൂ.
ഈ വ്യത്യാസങ്ങൾ രണ്ട് സ്പീഷിസുകളുടെയും ന്യൂറൽ നെറ്റ്‌വർക്കുകളുമായി ബന്ധപ്പെട്ടതാണെന്ന് ജർമ്മൻ ഗവേഷകർ അഭിപ്രായപ്പെട്ടു. ആഫ്രിക്കൻ ആനകൾക്കും ഏഷ്യൻ ആനകൾക്കും അവയുടെ മുഖത്ത് യഥാക്രമം 63,000, 54,000 എന്നിങ്ങനെ നാഡീകോശങ്ങളുണ്ട്. ആഫ്രിക്കൻ ആനകൾ 12,000 ഫേഷ്യൽ ന്യൂറോണുകൾ ചെവിയുടെ നിയന്ത്രണത്തിനായി മാത്രം നീക്കിവയ്ക്കുന്നു എന്നതാണ് മറ്റൊരു വ്യത്യാസം.