
ഓസ്ട്രേലിയയിലെ ബ്രിസ്ബേനിലെ ഒരു കമ്പനിയിൽ ഏറെ കാലമായി ജോലി ചെയ്യുന്ന ഒരു ജീവനക്കാരി, നിരവധി സിക് ലീവുകൾ എടുത്തതിന് പിന്നാലെ പിരിച്ച് വിടപ്പെട്ടു. എന്നാൽ, തൊഴിലുടമയുടെ നടപടിയെ യുവതി കോടതിയിൽ ചോദ്യം ചെയ്തെങ്കിലും കേസ് തോറ്റു. 12 മാസത്തിനിടെ 114 -ഓളം സിക് ലീവുകളെടുത്ത യുവതിയെ പിരിച്ച് വിട്ടതിൽ തൊഴിലുടമ തെറ്റുകാരനല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ബ്രിസ്ബേനിലെ പ്രശസ്തമായ ഫെറികളിൽ കസ്റ്റമർ സർവീസ് ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന ജോഡി ഡൗണിസിനെയാണ് നൂറോളം സിക് ലീവുകളെടുത്തതിന് കഴിഞ്ഞ വർഷം കെൽസിയൻ ഗ്രൂപ്പ് പിരിച്ചുവിട്ടത്.
ജോഡി ഡൗണിസിന് വിശ്വസനീയമായ രീതിയിൽ തന്‍റെ ജോലികൾ ഇനി ചെയ്യാൻ കഴിയില്ലെന്നാണ് പിരിച്ച് വിട്ടതിനെ കുറിച്ച് കമ്പനി ട്രൈബ്യൂണലിൽ വാദിച്ചത്. 2024 ഏപ്രിലിൽ ഡിക് വെയ്ൻ ത്രോംബോസിസ് രോഗം ബാധിച്ചതോടെയാണ് ജോഡി ഡൗണിസിന്‍റെ ആരോഗ്യ പ്രശ്നങ്ങൾ ആരംഭിച്ചത്. ഞരമ്പുകളിൽ രക്തം കട്ടപിടിക്കാൻ തുടങ്ങിയതോടെ വീക്കം, നിരന്തരമായ വേദന എന്നിവ അനുഭവപ്പെട്ടു തുടങ്ങി. ഡോക്ടർമാർ അവർക്ക് ശസ്ത്രക്രിയകൾ നിർദ്ദേശിച്ചു. എന്നാൽ. ഇൻഷുറൻസ് കമ്പനി ശസ്ത്രക്രിയയുടെ ചെലവ് വഹിക്കാൻ വിസമ്മതിച്ചു. ഇതോടെ അവർക്ക് സർക്കാർ ആശുപത്രിയിലെ വെയ്റ്റിംഗ് ലിസ്റ്റിൽ കാത്തിരിക്കേണ്ടി വന്നു. 2025-ൽ ശസ്ത്രക്രിയയ്ക്കായി അഡ്മിറ്റായി. പിന്നാലെ, ഒരു ആഴ്ചയോളം ലീവെടുത്തു. എന്നാൽ, ഇതിനിടെ ജോഡിയുടെ ആരോഗ്യം വഷളായി.
ജോലിയിൽ തിരിച്ചെത്തിയെങ്കിലും രണ്ട് ഷിഫ്റ്റുകളിൽ മാത്രമേ ജോഡിക്ക് ജോലി ചെയ്യാൻ കഴിഞ്ഞൊള്ളൂ. പിന്നാലെ ഒരു വാസ്കുലർ സർജന്‍റെ ഉപദേശപ്രകാരം മൂന്ന് മാസത്തേക്ക് ജോഡി സീക് ലീവെടുത്തു. ജോഡിക്കായി ജോലി സമയത്തിൽ ഇളവ് നൽകിയാൽ മറ്റുള്ളവർ എക്ട്രാടൈം ജോലി ചെയ്യേണ്ടിവരുമെന്നും കെൽസിയൻ ഗ്രൂപ്പ് ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെയാണ് ജോഡിയെ പിരിച്ച് വിട്ടത്. എന്നാൽ. കമ്പനിയുടെ ഈ തീരുമാനത്തെ ജോഡി ട്രൈബ്യൂണലിൽ ചോദ്യം ചെയ്തു. പക്ഷേ, ശസ്ത്രക്രിയയ്ക്ക് ശേഷം ജോലി ചെയ്യാൻ ജോഡി പൂർണ്ണ ആരോഗ്യവതിയായിരിക്കുമെന്ന് തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ട്രീബ്യൂണലും ചൂണ്ടിക്കാട്ടി.