ശരീരത്തിൽ 90 ശതമാനവും ടാറ്റൂ! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി യുവാവ്

Published : Oct 12, 2026, 04:26 PM IST
Ephemeral Remy

Synopsis

ഒറ്റയടിക്ക് ടാറ്റൂ മായ്ച്ചു കളയാൻ ശ്രമിക്കുന്ന പലരിൽ നിന്നും വ്യത്യസ്തമായി, തന്റെ ശരീരത്തെ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഒരു ക്യാൻവാസായാണ് അദ്ദേഹം കാണുന്നത്.

ശരീരത്തിൽ 90 ശതമാനത്തിലധികം ഭാഗത്തും ടാറ്റൂ ചെയ്ത് ഗിന്നസ് ലോക റെക്കോർഡിൽ ഇടംനേടി കനേഡിയൻ യുവാവ്. 'എഫെമറൽ റെമി' എന്നറിയപ്പെടുന്ന 38 -കാരനായ ആൾബെർട്ട സ്വദേശിയാണ് ലോകത്തെ ഞെട്ടിച്ച ഈ നേട്ടത്തിന് അർഹനായത്. 2005 -ൽ തന്റെ ഇടത് കയ്യിൽ മകന്റെ പേര് ടാറ്റൂ ചെയ്തുകൊണ്ടാണ് റെമി ഈ വിചിത്രമായ യാത്ര ആരംഭിക്കുന്നത്. പിന്നീട് ശരീരമാകെ മഷികൊണ്ട് മൂടിയെങ്കിലും അദ്ദേഹം അവിടെ നിർത്താൻ തയ്യാറായില്ല. വർഷങ്ങളായി ടാറ്റൂവിന് മുകളിൽ വീണ്ടും ടാറ്റു ചെയ്ത് അദ്ദേഹം ഏകദേശം നാൽപതോളം പാളികൾ തീർത്തു. ശരീരത്തിന്റെ ചില ഭാഗങ്ങളിലാകട്ടെ 100 -ലധികം തവണയാണ് ടാറ്റൂ ചെയ്തിട്ടുള്ളത്. നൂറിലധികം ശരീര സുഷിരങ്ങളിൽ ആഭരണങ്ങൾ അണിഞ്ഞ് ബോഡി മോഡിഫിക്കേഷനിൽ മുൻപിലായിരുന്നെങ്കിലും, തന്റെ ശരീരം മുഴുവൻ ടാറ്റൂ ചെയ്യുമെന്ന് അദ്ദേഹം ഒരിക്കലും കരുതിയിരുന്നില്ല.

ചെറുപ്പത്തിൽ ഗോതിക് ശൈലിയിലുള്ള വസ്ത്രധാരണവും വ്യത്യസ്തമായ ഹെയർസ്റ്റൈലുകളും പരീക്ഷിച്ചിരുന്ന ആളാണ് താനെന്നും എന്നാൽ ഇത്രയധികം ടാറ്റൂ ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വർഷങ്ങളുടെ കഠിനാധ്വാനത്തിന് ലഭിച്ച ഈ അംഗീകാരത്തെ ഒരു യൂണിവേഴ്സിറ്റി ബിരുദ നേട്ടത്തിനോടാണ് അദ്ദേഹം ഉപമിക്കുന്നത്.

ഒറ്റയടിക്ക് ടാറ്റൂ മായ്ച്ചു കളയാൻ ശ്രമിക്കുന്ന പലരിൽ നിന്നും വ്യത്യസ്തമായി, തന്റെ ശരീരത്തെ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഒരു ക്യാൻവാസായാണ് അദ്ദേഹം കാണുന്നത്. മുടി വളരുന്നതിനേക്കാൾ വേഗത്തിൽ തന്റെ ടാറ്റൂകളുടെ രൂപമോ നിറമോ മാറ്റാൻ തനിക്ക് കഴിയുമെന്ന് അദ്ദേഹം പറയുന്നു. തമാശ രൂപങ്ങളും പരീക്ഷണ ചിത്രങ്ങളും ടാറ്റൂ ചെയ്യുമ്പോൾ തന്നെ, അമ്മ, അച്ഛൻ, പ്രിയപ്പെട്ട വളർത്തുനായ എന്നിവരുടെ ഓർമ്മക്കായി ചെയ്ത ടാറ്റൂകളും തന്റെ ശരീരത്തിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

ശരീരം മുഴുവൻ ടാറ്റു ചെയ്തെങ്കിലും മുഖം മാത്രം അദ്ദേഹം ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കണ്ണാടിയിൽ നോക്കുമ്പോൾ സ്വന്തം മുഖം എളുപ്പത്തിൽ തിരിച്ചറിയാൻ വേണ്ടിയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

PREV
Read more Articles on
click me!

Recommended Stories

വര്‍ഷങ്ങളോളം തേടി, ഒടുവില്‍ കിട്ടി, 6.03 കാരറ്റ് അപൂർവ വജ്രം! ലൈവിനിടെ ആർത്തുവിളിച്ച് യുവാവ്
കടുവയുടെ ആക്രമണത്തിൽ സന്ദർശകൻ കൊല്ലപ്പെട്ടു; കടുവയെ ദയാവധം ചെയ്യില്ലെന്ന് അധികൃതർ