
ഒറ്റയടിക്ക് വൻ തുക കൊള്ളയടിച്ച് മുങ്ങുന്ന സംഘങ്ങളെ കുറിച്ച് കേട്ടിട്ടുണ്ടാകും. മണി ഹെയ്സ്റ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്. എന്നാൽ ചോക്ലേറ്റ് ഹെയ്സ്റ്റിനെ കുറിച്ച് കേട്ടിട്ടുണ്ടോ? യൂറോപ്പിൽ ടൺ കണക്കിന് ചോക്ലേറ്റ് ഇത്തരത്തിൽ കവർച്ച ചെയ്തു. പ്രശസ്ത സ്വിസ് ചോക്ലേറ്റ് നിർമാതാക്കളായ നെസ്‌ലെയുടെ 12 ടണ്ണിലേറെ വരുന്ന കിറ്റ്‌കാറ്റാണ് മോഷ്ടിക്കപ്പെട്ടത്. ഈസ്റ്റർ ആഘോഷങ്ങൾക്ക് തൊട്ട് മുമ്പാണ് യൂറോപ്പിൽ ഏറ്റവും വലിയ കാൻഡി കൊള്ള നടന്നത്. 12 ടണ്ണിലേറെ വരുന്ന 4,13,793 കിറ്റ് ക്യാറ്റ് ബാറുകളാണ് മോഷണം പോയത്.
യൂറോപ്പിൽ വൻതോതിൽ കിറ്റ്കാറ്റ് ചോക്ലേറ്റ് ബാറുകൾ മോഷ്ടിക്കപ്പെട്ടതായി സ്വിസ് ഭക്ഷ്യ ഭീമനായ നെസ്‌ലെയുടെ ഉടമസ്ഥതയിലുള്ള ബ്രാൻഡ് സ്ഥിരീകരിച്ചു. മോഷണം നെസ്‌ലെ കമ്പനിയെയും പൊലീസിനെയും ഒരു പോലെ ഞെട്ടിച്ചിരിക്കുകയാണ്. മോഷണം നടന്ന കൃത്യമായ സ്ഥലം വ്യക്തമല്ലെങ്കിലും, ഇറ്റലിയിലെ കിറ്റ്കാറ്റ് നിർമാണ കേന്ദ്രത്തിൽ നിന്ന് പുറപ്പെട്ട് പോളണ്ടിലേക്കുള്ള യാത്രയ്ക്കിടെയിലായിരുന്നു മോഷണം നടന്നത്. പോകുന്ന വഴിയിൽ നിരവധി രാജ്യങ്ങളിലേക്ക് ചോക്ലേറ്റ് ബാറുകൾ വിതരണം ചെയ്യാനായി പോകുന്നതിനിടെയാണ് മോഷണം. ട്രക്ക് അടക്കം മോഷ്ടാക്കൾ തട്ടിയെടുക്കുകയായിരുന്നുവെന്നാണ് വിവരം.
ട്രക്കിനെ കുറിച്ചും ചോക്ലേറ്റിനെ കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. നെസ്‌ലെയും അവരുടേതായ രീതിയിൽ അന്വേഷണം നടത്തുന്നുണ്ട്. മോഷ്ടിക്കപ്പെട്ട കിറ്റ്കാറ്റ് ബാറുകൾ, കരിഞ്ചന്തയിലൂടെ വിൽക്കാനാകും മോഷ്ടാക്കൾ ശ്രമിക്കുകയെന്ന് നെസ്ലെ കമ്പനി അറിയിച്ചു. ഇത്തരത്തിലുള്ള വിപണികൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. മോഷണം പോയ കിറ്റ്കാറ്റുകൾ, വിൽപന കേന്ദ്രങ്ങളിൽ എത്തിയാൽ, അത് കണ്ടെത്താനാകുമെന്ന പ്രതീക്ഷയും നെസ്‌ലെ കമ്പനി പങ്കുവെച്ചു. പോളണ്ടിലേക്ക് അയച്ച കിറ്റ്കാറ്റുകളിലെ പ്രത്യേക ബാച്ച് കോഡുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് ശ്രമം. ബാച്ച് കോഡുകൾ കടക്കാരുമായി പങ്കുവെച്ച് നഷ്ടമായ കിറ്റ്കാറ്റുകളും അതുവഴി മോഷണം നടത്തിയത് ആരാണെന്നും കണ്ടെത്താനും ശ്രമം നടക്കുന്നു. കടക്കാർ കിറ്റ്കാറ്റുകൾ സ്കാൻ ചെയ്യുമ്പോൾ, നെസ്‌ലെ പങ്കുവെച്ച കോഡുകളുമായി സാമ്യം വരുന്നവ കമ്പനിയെ അറിയിക്കുക മാത്രമാണ് ചെയ്യേണ്ടതെന്നും നെസ്‌ലെ അറിയിച്ചു. ഏതായാലും ഈ ചോക്ലേറ്റ് ഹെയ്സ്റ്റിന് പിന്നാലെയാണ് നെസ്‌ലെയും ഇറ്റലി, പോളണ്ട് എന്നീ രാജ്യങ്ങളിലെ പൊലീസ് സംഘങ്ങളും.