ഡ്രൈവിംഗിലെ ലിംഗസമത്വം തെളിയിക്കാൻ ശ്രമിച്ച മുൻ കാമുകി, കാർ അപകടത്തിൽപ്പെടുത്തി 21,000 രൂപയുടെ നഷ്ടം വരുത്തിവെച്ച അനുഭവം പങ്കുവെക്കുകയാണ് അങ്കിത് പാണ്ഡേ എന്ന യുവാവ്. സോഷ്യൽ മീഡിയയിൽ വൈറലായ ഈ കുറിപ്പിൽ, തിരക്കേറിയ റോഡിൽ സ്ത്രീകൾക്ക് ഓടിക്കാൻ കഴിയില്ലെന്ന വാദം തിരുത്താൻ ശ്രമിച്ച കാമുകി ബിഎംഡബ്ല്യു കാറിൽ ഇടിക്കുകയായിരുന്നു.

ഡ്രൈവിംഗിലെ ലിംഗസമത്വത്തെച്ചൊല്ലിയുള്ള വാദപ്രതിവാദം ഒടുവിൽ ചെന്നവസാനിച്ചത് 21,000 രൂപയുടെ വമ്പൻ നഷ്ടപരിഹാരത്തിൽ! തിരക്കേറിയ റോഡിൽ സ്ത്രീകൾക്ക് വാഹനം ഓടിക്കാൻ കഴിയില്ലെന്ന ധാരണ തിരുത്താൻ ശ്രമിച്ച്, മുൻ കാമുകി വരുത്തിവെച്ച അപകടത്തിൽ നഷ്ടപരിഹാരം നൽകേണ്ടി വന്ന അനുഭവ കഥ പങ്കുവെച്ചിരിക്കുകയാണ് അങ്കിത് പാണ്ഡേ എന്ന യുവാവ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് അങ്കിത് തന്‍റെ കയ്പേറിയതും എന്നാൽ രസകരവുമായ ഈ അനുഭവം തുറന്നെഴുതിയത്.

'ദേ കണ്ടോ ലിംഗസമത്വം...'

കോളേജ് പഠനകാലത്താണ് അങ്കിതും കാമുകിയും പരിചയപ്പെടുന്നത്. പഠന ശേഷം ജോലി ലഭിച്ചതോടെ കാമുകി സ്ത്രീസമത്വ ചിന്തകളിൽ കൂടുതൽ സജീവമാകുകയും ലിംഗസമത്വത്തെക്കുറിച്ച് സംസാരിക്കാൻ തുടങ്ങുകയും ചെയ്തുവെന്ന് അങ്കിത് കുറിക്കുന്നു. "എന്തിനും ഏതിനും സ്ത്രീകൾക്ക് എന്തൊക്കെ ചെയ്യാൻ കഴിയും, കഴിയില്ല എന്നതിനെച്ചൊല്ലിയുള്ള തർക്കങ്ങളായി കാര്യങ്ങൾ മാറി" അങ്കിത് കുറിച്ചു. ഒരിക്കൽ കനത്ത ഗതാഗതക്കുരുക്കിലൂടെ കാർ ഓടിച്ചു പോകുമ്പോഴാണ് സംഭവങ്ങളുടെ തുടക്കം. "സ്ത്രീകൾക്ക് തിരക്കുള്ള റോഡിൽ വണ്ടിയോടിക്കാൻ അറിയില്ലെന്ന് കരുതരുത്, വണ്ടി ഞാൻ ഓടിക്കാം" എന്ന് പറഞ്ഞ് കാമുകി സ്റ്റിയറിംഗ് ഏറ്റെടുത്തു. എന്നാൽ, അല്പദൂരം മുന്നോട്ട് പോയപ്പോഴേക്കും കാർ തൊട്ടുമുന്നിലുണ്ടായിരുന്ന ഒരു ബിഎംഡബ്ല്യു കാറിൽ പോയി ഇടിക്കുകയായിരുന്നു.

Scroll to load tweet…

'ബില്ല് അടച്ചത് ഞാൻ...'

ബിഎംഡബ്ല്യു ഉടമ നഷ്ടപരിഹാരമായി 21,000 രൂപ ആവശ്യപ്പെട്ടു. തർക്കം ഒഴിവാക്കാൻ തനിക്ക് ആ പണം നൽകേണ്ടിവന്നെന്നും അങ്കിത് എഴുതുന്നു. വർഷങ്ങൾക്കിപ്പുറം കാമുകി ഉപരിപഠനത്തിനും ജോലിക്കുമായി ഓസ്ട്രേലിയയിലേക്ക് ചേക്കേറുകയും അങ്കിത് ഇന്ത്യയിൽ സ്വന്തമായി സ്റ്റാർട്ടപ്പ് ആരംഭിക്കുകയും ചെയ്തു. "ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ 21,000 രൂപ നഷ്ടപ്പെട്ടു എന്നതല്ല രസകരമായ കാര്യം, മറിച്ച് സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യാൻ കഴിയും എന്ന് തെളിയിക്കാൻ ശ്രമിച്ച് വരുത്തിവെച്ച ബില്ല് ഒടുവിൽ എനിക്ക് തന്നെ അടക്കേണ്ടി വന്നു എന്നതാണ്" - അങ്കിത് കുറിച്ചു.

'അതും ഒരു പാഠം'

അങ്കിതിന്‍റെ കുറിപ്പ് വൈറലായതോടെ രസകരമായ പ്രതികരണങ്ങളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. "ചില വാദങ്ങളിൽ ജയിക്കാൻ നിൽക്കാതെ പിന്മാറുന്നതാണ് നല്ലതെന്ന പാഠമാണ് ആ 21,000 രൂപയേക്കാൾ വിലയേറിയത്" എന്ന് ഒരാൾ കുറിച്ചപ്പോൾ, "മറ്റൊരാളുടെ ചെലവിൽ സ്വന്തം വാദം ശരിയാണെന്ന് വരുത്തിത്തീർക്കുന്നതാണ് ഏറ്റവും വലിയ ആഡംബരം" എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. സമത്വത്തെക്കുറിച്ച് സംസാരിക്കുമെങ്കിലും ബില്ല് കൈയ്യിൽ കിട്ടുമ്പോൾ ആ സമത്വം അവസാനിക്കുകയാണോ? തുക പകുതി വീതിക്കുകയായിരുന്നു കാമുകി ചെയ്യേണ്ടിയിരുന്നതെന്നും ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു.