
ലോട്ടറിയടിച്ചിരുന്നു എങ്കിൽ എന്ന് ആഗ്രഹിക്കാത്ത മനുഷ്യർ വളരെ വളരെ ചുരുക്കമായിരിക്കും. ലോട്ടറിയടിക്കുക എന്നതിനെ മഹാഭാഗ്യമായിട്ടാണ് നാം കണക്കാക്കുന്നതും. എന്നാൽ, പലപ്പോഴും ലോട്ടറിയടിച്ചിട്ട് ഒടുവിൽ കയ്യിൽ കാശൊന്നും ബാക്കിയാകാത്തവരും അനേകമുണ്ട്. ഇവിടെ ഈ സ്ത്രീയുടെ അനുഭവവും വ്യത്യസ്തമല്ല. 43 കോടി ലോട്ടറിയടിച്ച ഇവർ ഒടുക്കം ഒറ്റരൂപാ കയ്യിലില്ലാത്ത അവസ്ഥയിലേക്കാണ് ചെന്നെത്തിപ്പെട്ടത്.
ഒരു കൺവീനിയൻസ് സ്റ്റോർ ജീവനക്കാരിയാണ് യുഎസ്സിൽ നിന്നുള്ള എവ്‌ലിൻ. ആറ് മാസത്തിനിടെ രണ്ട് തവണയാണ് അവൾക്ക് ലോട്ടറിയടിച്ചത്. 43 കോടി രൂപയാണ് അവൾ ലോട്ടറി സമ്മാനത്തുകയായി നേടിയത്. എന്നാൽ, അധികം വൈകാതെ അതിലെ ഓരോ രൂപയും നഷ്ടപ്പെട്ട എവ്‌ലിൻ ഇപ്പോൾ ഒരു ട്രെയിലർ പാർക്കിലാണ് താമസിക്കുന്നത്.
എവ്‍ലിന് എന്താണ് സംഭവിച്ചത് എന്നല്ലേ? തുടക്കത്തിൽ, ലോട്ടറിയടിച്ച് കിട്ടിയ തുകയിൽ നിന്നും അവൾ തന്റെ കുടിശ്ശിക ബില്ലുകളിൽ ചിലത് അടച്ചു. അതുപോലെ കടം വാങ്ങിയ തുകയിൽ ചിലതെല്ലാം കൊടുത്ത് തീർത്തു. മകൾക്ക് വേണ്ടി ഒരു സമ്പാദ്യം എന്ന നിലയിൽ കോളേജ് ഫണ്ടിൽ കുറച്ച് പണവും നിക്ഷേപിച്ചു. എല്ലാം നന്നായിത്തന്നെയായിരുന്നു അപ്പോഴെല്ലാം നടന്നത്. എന്നാൽ, താമസിയാതെ ചില പ്രയാസങ്ങൾ അവൾക്ക് നേരിടേണ്ടി വന്നു. അവളുടെ ആരോഗ്യം വഷളാകാൻ തുടങ്ങി. ആ സമയത്ത് ബന്ധുക്കളുമായി അടുപ്പമില്ലാതിരുന്നതിനാൽ തന്നെ അവൾക്ക് കടന്നുപോകേണ്ടി വന്നത് വളരെ പ്രയാസകരമായ അവസ്ഥയിലൂടെയായിരുന്നു.
അതുകൊണ്ടും തീർന്നില്ല. അവൾ ചില മോശം തീരുമാനങ്ങൾ എടുത്തിരുന്നു. കുറഞ്ഞ വരുമാനമുള്ള ചില ബിസിനസ്സ് സംരംഭങ്ങളിൽ പണം നിക്ഷേപിച്ചു. ഇത് അവൾക്കുണ്ടാക്കിയത് വലിയ സാമ്പത്തിക നഷ്ടമാണ്. അതുപോലെ ഒരു കാർ വാങ്ങി. പിന്നെ ലോട്ടറി എടുക്കുക പോലെയുള്ള ചില കാര്യങ്ങളിൽ അവൾ അടിമയായിരുന്നു. ആഴ്ചയിൽ രണ്ടായിരത്തിലധികം രൂപ അവൾ ലോട്ടറി എടുക്കാനായി മാത്രം ചെലവഴിച്ചിരുന്നു.
എവ്‌ലിൻ പറയുന്നത്, എല്ലാവർക്കും അവളുടെ പണത്തിൽ മാത്രമായിരുന്നു കണ്ണ് എന്നാണ്. ഒരുകാലത്ത് കോടികൾ കയ്യിലുണ്ടായിരുന്ന എവ്‍ലിൻ ഇന്ന് വളരെ ചെറിയൊരു വീട്ടിൽ താമസിക്കാൻ നിർബന്ധിതയായിരിക്കുകയാണ്. തനിക്ക് കിട്ടിയ സമ്മാനത്തുക താൻ ശരിയായ രീതിയിൽ വിനിയോഗിക്കണമായിരുന്നു എന്നാണ് ഇന്ന് അവൾ പറയുന്നത്. എങ്കിലും താനൊരു മനുഷ്യനല്ലേ, ചില കാര്യങ്ങളിൽ കുറ്റബോധമുണ്ടെങ്കിലും ചിലതിൽ തനിക്ക് ഖേദമില്ല എന്നും അവൾ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം