
ഐടി നഗരമായ ബാംഗ്ലൂരിലെ ഉയർന്ന ജീവിതച്ചെലവുകളെക്കുറിച്ചുള്ള ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ വീണ്ടും സജീവമാകുന്നു. 1.5 ലക്ഷം രൂപ പ്രതിമാസ ശമ്പളം വാങ്ങുന്ന ഒരു സോഫ്റ്റ്‌വെയർ ഡെവലപ്പർക്ക് മാസാവസാനം കയ്യിൽ ബാക്കിയാകുന്നത് വെറും 15,000 - 20,000 രൂപ മാത്രമാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുന്നത്.
'AlfinCodes' എന്ന എക്‌സ് (ട്വിറ്റർ) ഉപയോക്താവാണ് തന്‍റെ ബന്ധുവായ കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയുടെ ജീവിതാനുഭവം പങ്കുവെച്ചത്. മികച്ച അവസരങ്ങൾ തേടി ബാംഗ്ലൂരിലേക്ക് ചേക്കേറിയ അദ്ദേഹത്തിന് തുടക്കത്തിൽ ലഭിച്ച 1.5 ലക്ഷം രൂപ ശമ്പളം നാട്ടിലുള്ളവർക്കും സുഹൃത്തുക്കൾക്കും വലിയൊരു നേട്ടമായി തോന്നിയിരുന്നുവെങ്കിലും, യഥാർത്ഥ ജീവിതസാഹചര്യങ്ങൾ വ്യത്യസ്തമായിരുന്നു എന്ന് പോസ്റ്റ് വ്യക്തമാക്കുന്നു.
പോസ്റ്റിൽ വിവരിക്കുന്ന പ്രകാരം അദ്ദേഹത്തിന്‍റെ പ്രധാന ചെലവ് ഇങ്ങനെയാണ്
വാടക: ഓഫീസിന് സമീപമുള്ള ചെറിയ അപ്പാർട്ട്മെന്‍റിൽ പ്രതിമാസം 36,000 രൂപ.
ഭക്ഷണം: പലചരക്ക് സാധനങ്ങൾക്ക് 13,000 - 15,000 രൂപ.
യാത്ര: രൂക്ഷമായ ഗതാഗതക്കുരുക്കിനിടയിൽ ക്യാബുകൾക്കും ഓട്ടോകൾക്കുമായി 6,000 - 8,000 രൂപ.
ജീവിതശൈലി: ഓൺലൈൻ ഭക്ഷണ ഓർഡറുകൾ, പുറത്ത് പോക്കുകൾ, കോഫി എന്നിവയ്ക്കായി 10,000 - 12,000 രൂപ.
മറ്റ് ചെലവുകൾ: ഇതുകൂടാതെ സബ്‌സ്‌ക്രിപ്‌ഷനുകൾ, മെഡിക്കൽ ആവശ്യങ്ങൾ, അപ്രതീക്ഷിത ബില്ലുകൾ, നാട്ടിലേക്ക് അയക്കുന്ന പണം എന്നിവ കൂടി ചേരുമ്പോൾ സമ്പാദ്യം ഗണ്യമായി കുറയുന്നു.
"നാട്ടിൽ ഇരിക്കുമ്പോൾ 1.5 ലക്ഷം എന്നത് വലിയ തുകയായി തോന്നാം, എന്നാൽ ബാംഗ്ലൂർ പോലൊരു നഗരത്തിൽ ഇതൊരു തുടക്കം മാത്രമാണ്," എന്ന് അദ്ദേഹം ഈ അനുഭവത്തെ വിലയിരുത്തുന്നു.
ഈ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയത്. വലിയ നഗരങ്ങളിലെ ജീവിതം അദൃശ്യമായി പണം ചോർത്തുന്നുവെന്ന് ഭൂരിഭാഗം പേരും സമ്മതിക്കുമ്പോൾ, അമിതമായ ജീവിതശൈലിയാണ് ഇതിന് കാരണമെന്നാണ് മറ്റൊരു വിഭാഗം വാദിക്കുന്നത്. മെട്രോ കണക്റ്റിവിറ്റി ഉപയോഗിച്ച് നഗരമധ്യത്തിൽ നിന്ന് മാറി താമസിക്കുകയാണെങ്കിൽ വലിയൊരു തുക വാടകയിനത്തിൽ ലാഭിക്കാൻ സാധിക്കുമെന്ന് ചിലർ നിർദ്ദേശിക്കുന്നു. ഉയർന്ന ശമ്പളവും ഉയർന്നുനിൽക്കുന്ന ജീവിതച്ചെലവും തമ്മിലുള്ള ഈ അന്തരത്തെക്കുറിച്ച് പലരും തങ്ങളുടെ അനുഭവങ്ങളും പങ്കുവെക്കുന്നുണ്ട്. വലിയ വരുമാനമുണ്ടെങ്കിലും കൃത്യമായ സാമ്പത്തിക ആസൂത്രണം ഇല്ലാതെ മെട്രോ നഗരങ്ങളിൽ ജീവിക്കുന്നത് എത്രത്തോളം പ്രയാസകരമാണെന്ന് ഓർമ്മിപ്പിക്കുന്നതാണ് ഈ സംഭവം.