
വാൾമാർട്ട് ജീവനക്കാരിയായ ഇന്ത്യൻ വംശജയും 19 -കാരിയുമായ ഗുർസിമ്രാൻ കൗറിനെ കാനഡയിലെ വാൾമാർട്ട് സൂപ്പർമാർക്കറ്റ് ശൃംഖലയുടെ ഔട്ട്‌ലെറ്റുകളിൽ ഒന്നിലെ ഓവനിൽ കുടുങ്ങി മരിച്ച കണ്ടെത്തിയത് 2024 -ലാണ്. ആ ആഘാതത്തിൽ നിന്നും രണ്ട് വർഷങ്ങൾക്ക് ശേഷം പുറത്ത് വന്ന ഗുർസിമ്രാൻറെ അമ്മ മന്ദീപ് കൗർ ഇപ്പോഴും തന്‍റെ മകളുടെ മരണത്തിന് ഉത്തരങ്ങൾ തേടുന്നു. കൊലപാതക സാധ്യതകൾ പോലീസ് തള്ളിക്കളഞ്ഞെങ്കിലും ഗുർസിമ്രാന്‍റെ കുടുംബം അവളൊരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് അവകാശപ്പെടുന്നു.
നോവ സ്കോട്ടിയ വാൾമാർട്ടിലെ ഓവനിലാണ് ഗുർസിമ്രാനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഗുർസിമ്രാന്‍റെ മൃതദേഹം കണ്ടെത്തി മൂന്ന് മാസങ്ങൾക്ക് ശേഷം സ്ഥാപനം വീണ്ടും തുറന്നു. നോവ സ്കോട്ടിയിലെ തൊഴിൽ, നൈപുണ്യ, കുടിയേറ്റ വകുപ്പ്, ഗുർസിമ്രാന്‍റെ മരണവുമായി ബന്ധപ്പെട്ട് ജോലിസ്ഥലത്ത് സുരക്ഷാ ലംഘനങ്ങളൊന്നും നടന്നിട്ടില്ലെന്ന് അറിയിച്ചു.
2022 ൽ ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് കുടിയേറിയ മന്ദീപ് കൗറും ഗുർസിമ്രാനും കിഴക്കൻ കാനഡയിലെ ഹാലിഫാക്സിലുള്ള വാൾമാർട്ടിലാണ് ജോലി ചെയ്യുന്നത്. 2024 ഒക്ടോബർ 19 -ന് കടയിലെ ജോലിക്കിടെ മകളെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നപ്പോൾ താൻ ഭയന്നിരുന്നെന്ന് മന്ദീപ് കൗർ പറയുന്നു. ഒടുവിൽ, ഔട്ട്ലെറ്റിലെത്തിയെങ്കിലും മകളെ കണ്ടെത്താൻ കഴിഞ്ഞില്ല. മന്ദീപ് ഡ്യൂട്ടിയിലുണ്ടായിരുന്ന മാനേജർമാരെ സമീപിച്ച് ജോലിക്കിടെ മകളെ കാണാനില്ലെന്ന് അറിയിച്ചു. പിന്നാലെ നടത്തിയ അന്വേഷണത്തിൽ ശീതീകരിച്ച റൊട്ടി ചുടാൻ ഉപയോഗിക്കുന്ന വലിയ ഓവന് അടുത്തെത്തിയപ്പോൾ അതിന്‍റെ പിൻഭാഗത്ത് നിന്നും കറുത്ത - തവിട്ട് നിറത്തിലുള്ള ദ്രാവകം ഒഴുകുന്നത് മന്ദീപിന്‍റെ ശ്രദ്ധയിൽപ്പെട്ടു. പിന്നാലെ അതിന്‍റെ അടുപ്പ് തുറന്നപ്പോൾ മകൾ വെന്തു മരിച്ചുകിടക്കുന്നതാണ് കണ്ടതെന്ന് മന്ദീപ് പറയുന്നു.
"എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അഞ്ചോ പത്തോ മിനിറ്റ് ഞാൻ അവളോടൊപ്പം തറയിൽ ഉണ്ടായിരുന്നു. എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ലായിരുന്നു. ഗുർസിമ്രാന്‍റെ ശരീരം തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞിരുന്നു. നിമിഷങ്ങൾക്കുള്ളിൽ, എന്‍റെ ജീവിതം എന്നെന്നേക്കുമായി മാറി.” മന്ദീപ് കൗർ ഡെയ്‌ലി മെയിലിനോട് സംസാരിക്കവെ പറഞ്ഞു. മരിക്കുന്നതിന് മുമ്പ് അവൾ എത്രനേരം സഹായത്തിനായി നിലവിളിച്ചു എന്നതിനെക്കുറിച്ചുള്ള ചിന്തകൾ ഇന്ന് തന്നെ വേട്ടയാടുന്നുവെന്ന് മന്ദീപ് പറഞ്ഞു.
ഗുർസിമ്രാന്‍റെ മരണത്തിൽ പോലീസിന് സംശയങ്ങളാന്നുമില്ല, ഗുർസിമ്രാൻ മരിച്ച അടുപ്പ് "ഉള്ളിൽ നിന്ന് തുറക്കാൻ കഴിയുമെന്ന് " തൊഴിൽ, നൈപുണ്യ, കുടിയേറ്റ വകുപ്പിന്‍റെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഗ്രെഗ് ഹന്ന ഡെയ്‌ലി മെയിലിനോട് പറഞ്ഞു. തൊഴിൽ ആരോഗ്യ, സുരക്ഷാ നിയമങ്ങളുടെ ലംഘനമാണ് മരണത്തിന് കാരണമായതെന്ന് തെളിയിക്കുന്ന തെളിവുകളൊന്നും കണ്ടെത്തിയില്ലെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ, ഗുർസിമ്രാൻ ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം അവകാശപ്പെടുന്നു. 18 മാസം അന്വേഷിച്ചിട്ടും പോലീസിന് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. പോലീസ് അന്വേഷണത്തിൽ തൃപ്തരല്ലെന്ന് അറിയിച്ച് മന്ദീപ് കൗർ വാൾമാട്ടിനെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്നും അറിയിച്ചു.