പുഴ പോലെ ഒഴുകുന്ന മലയാള ഭാഷ; കോമ്പൊര മുതൽ വർക്ക് ഏരിയയും ചങ്കും വരെ, മലയാളിക്ക് വന്ന മാറ്റങ്ങൾ

Published : Feb 22, 2026, 08:23 PM IST
Evolution of Malayalam Language

Synopsis

പണ്ട് കോടതികളിലും ഓഫീസുകളിലും ഉപയോഗിച്ചിരുന്ന പല പേർഷ്യൻ, തമിഴ് പദങ്ങളും ഇന്നും നമ്മുടെ ഔദ്യോഗിക ഭാഷയിലുണ്ട്. ഭാഷ ഒരു പുഴ പോലെയാണ്. അത് ഒഴുകുന്ന വഴിക്കനുസരിച്ച് അതിൽ പുതിയ അംശങ്ങൾ ചേരുകയും പഴയവ ഇല്ലാതാവുകയും ചെയ്യുന്നു.

'കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനം' ഓണവുമായി ബന്ധപ്പെട്ട് വർഷങ്ങളായി മലയാളി ഏറ്റുപാടുന്ന വരികളാണിത്. വരികളുടെ അർത്ഥം വിശദീകരിച്ചാൽ മാവേലി നാടുവാണീടും കാലത്ത് കള്ളവും ചതിയും ഇല്ല എള്ളോളം പോലും നുണ പ്രചാരം ഇല്ല എന്നാണ്. പക്ഷേ പുതിയ തലമുറയോടാണ് ചോദ്യമെങ്കിൽ പൊളി എന്ന ശബ്ദത്തിന് അവർക്കിടയിൽ അടിപൊളി അഥവ മികച്ചത് എന്നായിരിക്കും അർത്ഥം. പൊളിചനം എന്ന വാക്കിന്ന് അവർ മികച്ച വചനം എന്നാകും അർത്ഥം കണ്ടെത്തുക.

കാലചക്രം മാറിമറിയുമ്പോൾ മനുഷ്യരുടെ സംസ്കാരത്തിലും ജീവിതശൈലിയിലും ഉണ്ടാകുന്ന മാറ്റം ഭാഷകളിലും പ്രതിഫലിക്കുന്നു എന്നതിന് ഉദാഹരണമാണിത്. ഒരുകാലത്ത് ഏറെ പ്രചാരത്തിൽ ഉണ്ടായിരുന്ന പല വാക്കുകളും ഇന്ന് തീർത്തും ഉപയോഗത്തിൽ ഇല്ലാതായിട്ടുണ്ട്. പുതിയ പല വാക്കുകളും കൂട്ടിച്ചേർക്കപ്പെട്ടിട്ടുമുണ്ട്. ഇത് പരിശോധിച്ചാൽ ജീവിതശൈലിയിൽ ഉണ്ടായ മാറ്റം ഇതിൽ വലിയ സ്വാധീനം ചെലുത്തിയതായി മനസ്സിലാക്കാൻ സാധിക്കും.

പഴയകാലത്തെ കാർഷികവൃത്തിയിൽ നിന്ന് ഏറെ അകലെയാണ് മലയാളിയുടെ പുതുജീവിതം. കൃഷിയുമായി ബന്ധപ്പെട്ട ഒരുകാലത്ത് ഏറെ പ്രചാരമുണ്ടായിരുന്ന പല വാക്കുകളും ഇന്ന് ഉപയോഗത്തിൽ ഇല്ലാതാകുന്നതിന്റെ പ്രധാന കാരണം അതുതന്നെയാണ്. ഉദാഹരണത്തിന് ഞാറ്റുവേല, മലയാളികൾ കാർഷിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഒരു സമയക്രമമായിരുന്നു ഞാറ്റുവേല. സൂര്യൻറെ സ്ഥാനം മനസ്സിലാക്കി അത് കൃഷിക്ക് അനുയോജ്യമായി ഉപയോഗപ്പെടുത്തുകയാണ് ഇവിടെ ചെയ്തിരുന്നത്. ഒരുകാലത്ത് ഏറെ ഉപയോഗിച്ചിരുന്ന ഈ വാക്ക് ഇന്ന് തീർത്തും ഉപയോഗത്തിൽ ഇല്ലാതായി. കാറ്റുള്ളപ്പോൾ വേണം തൂറ്റാൻ എന്നൊരു പഴമൊഴി കേട്ടിട്ടുണ്ടാകുമല്ലോ, അവസരം വരുമ്പോൾ അത് മുതലെടുക്കണം എന്നർത്ഥം വരുന്ന ഈ ചൊല്ല് പുതിയ തലമുറയോട് പറഞ്ഞാൽ ഒരു പക്ഷേ അവർ മൂക്കത്ത് വിരൽ വയ്ക്കും. കാരണം ഇതിലെ തൂറ്റുക എന്ന പദത്തിന് ഇന്ന് തികച്ചും വ്യത്യസ്തമായ അർത്ഥമാണ് ഉള്ളത്.

നെല്ല് കൊയ്തു മെതിച്ചുകഴിഞ്ഞാൽ, അതിലെ പതിരും പൊടിയും കാറ്റിൽ പറത്തിക്കളഞ്ഞ് നല്ല നെന്മണികൾ വേർതിരിച്ചെടുക്കുന്ന രീതിയെ സൂചിപ്പിക്കാനാണ് ഒരുകാലത്ത് ഈ പദം ഉപയോഗിച്ചിരുന്നത്. അതുപോലെതന്നെ ഏത്തം എന്നു പറഞ്ഞാൽ എന്താണ് നമുക്ക് പെട്ടെന്ന് മനസ്സിലേക്ക് വരിക, ഏത്തമിടുന്ന ശിക്ഷാരീതി ആയിരിക്കാം. എന്നാൽ ഏത്തം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് കിണറ്റിൽ നിന്നോ കുളത്തിൽ നിന്നോ വെള്ളം കോരി പറമ്പിലേക്കോ പാടത്തേക്കോ ഒഴിക്കാൻ ഉപയോഗിച്ചിരുന്ന ഒരു മരയന്ത്രമാണ്. കൃഷിയിടങ്ങളിലാണ് ഇവ ഉപയോഗിച്ചിരുന്നത്. ഇത്തരത്തിൽ വെള്ളം കോരി മാറ്റുന്ന രീതിക്ക് ഏത്തമിടുന്ന ശൈലിയോട് സാമ്യമുള്ളതു കൊണ്ടായിരിക്കാം ഒരുപക്ഷേ ഈ പേര് അതിന് ഉപയോഗിച്ചത്. കറ്റ, മെതി, പൊലി, വല്ലം, പത്തായം ഇത്തരരത്തിൽ നിരവധി പദങ്ങൾ കാർഷിക ജീവിത രീതിയിൽ നിന്നുള്ള മാറ്റത്തോടെ നമ്മളിൽ നിന്ന് മാഞ്ഞ് പോവുകയാണ്. കുടാതെ അന്നത്തെ അവളുകളായി ഉപയോഗിച്ചിരുന്ന ​പറ, നാഴി, ഇടങ്ങഴി എന്നിവയും ഇന്ന് പ്രസക്തമല്ലാതായിക്കഴിഞ്ഞു.

കോമ്പൊര എന്ന വാക്കും ജീവിത ശൈലി മാറ്റം ഭാഷയിൽ നിന്ന് ഇല്ലാതാക്കിയ ഒരു വാക്കാണ്. പഴയകാലത്ത് നെല്ലും മറ്റും സൂക്ഷിച്ചുവെക്കുന്ന വലിയ പത്തായത്തെയോ ധാന്യപ്പുരയെയോ ആണ് 'കോമ്പൊര' എന്ന് വിളിച്ചിരുന്നത്. വീടിനോട് ചേർന്ന് നിർമ്മിക്കുന്ന സാധനങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ചെറിയ കെട്ടിടങ്ങൾക്കും ഇത്തരം പേരുകൾ ഉപയോഗിക്കാറുണ്ടായിരുന്നു. കൃഷി കുറഞ്ഞതോടുകൂടിയും വീടുകളുടെ നിർമ്മാണ ശൈലി മാറിയതോടുകൂടി യും പുതിയ ഫ്ലാറ്റ് സംസ്കാരവും ഈ വാക്കിൻറെ ഉപയോഗം കുറയാൻ കാരണമായി.

ഉപയോഗത്തിൽ ഇല്ലാതായ പദങ്ങളെ കുറിച്ച് പറയുമ്പോൾ സമീപകാലത്തായി കൂടുതൽ പ്രചാരം നേടിയ പുത്തൻ വാക്കുകളെ കുറിച്ചും ഓർക്കേണ്ടതുണ്ട്. സാങ്കേതികവിദ്യ, സോഷ്യൽ മീഡിയ എന്നിവയുമായി ബന്ധപ്പെട്ട നിരവധി വാക്കുകളാണ് സമീപകാലത്തായി ഭാഷയിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടിട്ടുള്ളത്. നിർമ്മിത ബുദ്ധി, സാമൂഹ്യ മാധ്യമം, വിജ്ഞാന സമ്പത്ത് വ്യവസ്ഥ എന്നിവ ഉദാഹരണങ്ങളാണ്. കൂടാതെ സാമൂഹിക അകലം, സന്നദ്ധപ്രവർത്തകൻ, അലമ്പാക്കുക, ചങ്ക് തുടങ്ങിയ നിരവധി വാക്കുകൾ ഭാഷയിൽ പുതുതായി ചേർക്കപ്പെട്ടവയാണ്. പഴയകാലത്തെ വീടുകളിൽ നിന്ന് പുത്തൻ സംവിധാനത്തിലേക്ക് മാറുമ്പോൾ വർക്ക് ഏരിയ, സിറ്റൗട്ട്, ടെറസ് തുടങ്ങിയ അന്യഭാഷ വാക്കുകളും നമ്മുടെ ഭാഷയുടെ ഭാഗമായിത്തന്നെ ഉപയോഗിക്കപ്പെടുന്നുണ്ട്. പഴയ വാക്കുകൾ മറയുകയും പുതിയവ വരികയും ചെയ്യുന്നത് ഭാഷയുടെ സ്വാഭാവികമായ വളർച്ചയാണ്.

ഒരു പ്രദേശത്തെ ഭാഷ രൂപപ്പെടുന്നത് പെട്ടെന്നൊരു ദിവസം കൊണ്ടല്ലെന്നും അത് നൂറ്റാണ്ടുകളായുള്ള സാമൂഹിക, ഭൂമിശാസ്ത്ര, സാംസ്കാരിക മാറ്റങ്ങളുടെ ഫലമാണെന്നും വ്യക്തമാണ്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളെ ന്നാൽ മലനിരകളാൽ ചുറ്റപ്പെട്ട സ്ഥലങ്ങളിൽ പുറംലോകവുമായുള്ള സമ്പർക്കം കുറവായതിനാൽ അവിടെ സവിശേഷമായ ഒരു ഭാഷാശൈലി രൂപപ്പെടും. വ്യാപാര കേന്ദ്രങ്ങളായ വിദേശികളുമായുള്ള സമ്പർക്കം മൂലം അന്യഭാഷാ പദങ്ങൾ കലരാൻ സാധ്യത കൂടുതലാണ്.

കുടിയേറി പാർക്കുന്നവർ കൊണ്ടുവരുന്ന വാക്കുകൾ പ്രാദേശിക ഭാഷയുമായി കലരും. കേരളത്തിലേക്ക് അറബികൾ, പോർച്ചുഗീസുകാർ, ഡച്ചുകാർ, ഇംഗ്ലീഷുകാർ എന്നിവരുടെ വരവ് മലയാളത്തിൽ ലേലം, മേശ, ജനാല, കപ്പൽ തുടങ്ങിയ ഒട്ടനവധി വാക്കുകൾ നൽകിട്ടുണ്ട്.ജോലികൾക്കനുസരിച്ച് പുതിയ പദങ്ങൾ രൂപപ്പെടും. കടലോര മേഖലകളിൽ മീൻപിടുത്തവുമായി ബന്ധപ്പെട്ട പദങ്ങൾ കൂടുതലായിരിക്കും. കർഷകർ അധികമുള്ള ഇടങ്ങളിൽ കൃഷിയുമായി ബന്ധപ്പെട്ട വാക്കുകൾ ഭാഷയുടെ ഭാഗമാകും. മതം, കല, സാഹിത്യം ​മതപരമായ ഗ്രന്ഥങ്ങളും ആചാരങ്ങളും ഭാഷയെ സ്വാധീനിക്കാറുണ്ട്.

​പഴയകാലത്ത് ബ്രാഹ്മണ സ്വാധീനമുള്ള ഇടങ്ങളിൽ സംസ്കൃത പദങ്ങൾ കൂടുതലായി മലയാളത്തിൽ കലർന്നു.​മാപ്പിളപ്പാട്ടുകൾ മലബാർ മേഖലയിലെ മലയാളത്തിൽ അറബി പദങ്ങൾ ചേരാൻ കാരണമായി. ഭരണകൂടവും വിദ്യാഭ്യാസവും ​ഭരണഭാഷ എന്താണോ അത് സാധാരണക്കാരുടെ സംസാരത്തിലും കടന്നുകൂടും. പണ്ട് കോടതികളിലും ഓഫീസുകളിലും ഉപയോഗിച്ചിരുന്ന പല പേർഷ്യൻ, തമിഴ് പദങ്ങളും ഇന്നും നമ്മുടെ ഔദ്യോഗിക ഭാഷയിലുണ്ട്. ഭാഷ ഒരു പുഴ പോലെയാണ്. അത് ഒഴുകുന്ന വഴിക്കനുസരിച്ച് അതിൽ പുതിയ അംശങ്ങൾ ചേരുകയും പഴയവ ഇല്ലാതാവുകയും ചെയ്യുന്നു.

PREV
Read more Articles on
click me!

Recommended Stories

ഡിജിറ്റൽ കളിത്തട്ടിലെ ചതിക്കുഴികൾ: ഇന്ത്യയിലെ കുരുന്നുകളെ വിഴുങ്ങുന്ന ഗെയിമിംഗ് ലഹരി
പക്ഷിപ്പനി പടരുന്ന് പിടിച്ച് അന്‍റാർട്ടിക്ക, ജീവികൾക്ക് കൂട്ടവംശനാശ ഭീഷണി