
മഞ്ഞുമൂടിക്കിടക്കുന്ന അന്‍റാർട്ടിക്ക ഭൂഖണ്ഡത്തിലെ വന്യജീവികൾക്കിടയിൽ അതീവ മാരകമായ പക്ഷിപ്പനി പടരുന്നതായി ഗവേഷകരുടെ മുന്നറിയിപ്പ്. വൈറസ് ബാധിക്കുന്ന ജീവികളിൽ 100 ശതമാനം മരണനിരക്കിന് ഈ രോഗം കാരണമായേക്കാമെന്ന് പ്രമുഖ ചിലിയൻ ഗവേഷകനായ വിക്ടർ നീര വ്യക്തമാക്കി.
2024 ഏപ്രിലിൽ വിക്ടർ നീരയും സംഘവും 'സ്കുവ'എന്നറിയപ്പെടുന്ന അഞ്ച് സമുദ്രപക്ഷികളിലാണ് ഈ മാരകമായ വൈറസ് വകഭേദം ആദ്യമായി തിരിച്ചറിഞ്ഞത്. ഇത് ബാധിച്ചാൽ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഒരു പ്രദേശത്തെ 90 മുതൽ 100 ശതമാനം വരെ ജീവികൾ ചത്തൊടുങ്ങാൻ സാധ്യതയുണ്ട്. ഏകദേശം 900 കിലോമീറ്ററോളം നീളുന്ന തീരപ്രദേശങ്ങളിൽ വൈറസ് സാന്നിധ്യം ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. അന്‍റാർട്ടിക് കോർമോറന്‍റുകൾ, കെൽപ്പ് ഗള്ളുകൾ, അഡെലി - ജെന്‍റൂ പെൻഗ്വിനുകൾ, അന്‍റാർട്ടിക് ഫർ സീലുകൾ എന്നിവരിലേക്കും രോഗം പടർന്നതായി പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു.
അന്‍റാർട്ടിക്കയിലെ പല ജീവിവർഗ്ഗങ്ങളുടെയും എണ്ണം താരതമ്യേന വളരെ കുറവാണ്. ഉദാഹരണത്തിന്, കോർമോറന്‍റുകൾ, സ്കുവകൾ എന്നിവയുടെ ആകെ എണ്ണം ഏകദേശം 20,000 മാത്രമാണ്. ഇത്തരത്തിൽ സംഖ്യയിൽ ചെറിയ വിഭാഗങ്ങൾക്കിടയിൽ രോഗം പടരുന്നത് അവയുടെ വംശനാശത്തിന് തന്നെ കാരണമായേക്കാം. 2021 മുതൽ ലോകമെമ്പാടും പടർന്നുപിടിക്കുന്ന പക്ഷിപ്പനിയുടെ തരംഗം ദേശാടന പക്ഷികൾ വഴിയാണ് അന്‍റാർട്ടിക്കയിലും എത്തിയത്. 2023-ൽ ചിലിയിൽ ആയിരക്കണക്കിന് ഹംബോൾട്ട് പെൻഗ്വിനുകൾ ഈ വൈറസ് ബാധിച്ചു ചത്തൊടുങ്ങിയിരുന്നു. മനുഷ്യവാസം കുറവായ അന്‍റാർട്ടിക്കയിലെ തനതായ ജീവജാലങ്ങൾക്ക് ഈ വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി കുറവാണെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. നിലവിൽ ശാസ്ത്രജ്ഞർക്ക് എത്താൻ കഴിയുന്ന അന്‍റാർട്ടിക് മേഖലകളിലെല്ലാം വൈറസ് പൂർണ്ണമായും പടർന്നു കഴിഞ്ഞുവെന്നും സ്ഥിതി അതീവ ഗുരുതരമാണെന്നും യൂണിവേഴ്സിറ്റി ഓഫ് ചിലിയിലെ ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നുണ്ട്.