
പ്രിയതമയോടൊപ്പം ലോകം ചുറ്റിക്കാണാൻ മാറ്റിവെച്ച തുക അവരുടെ മരണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യത്തിന് സംഭാവന നൽകി നാഗ്പൂരിലെ റിട്ടയേർഡ് ബാങ്ക് ഉദ്യോഗസ്ഥൻ. പഞ്ചാബ് നാഷണൽ ബാങ്ക് മുൻ ജീവനക്കാരനായ ശ്രീകാന്ത് സഹസ്രബുദ്ധെയാണ് തങ്ങളുടെ സ്വപ്നയാത്രയ്ക്കായി കരുതിവെച്ച തുകയിൽ നിന്നും 25 ലക്ഷം രൂപ രാജ്യത്തിന്റെ കാവലാളുകൾക്കായി സമർപ്പിച്ചത്. പ്രിയപ്പെട്ടവളുടെ വേർപാടിൽ തകർന്ന ഒരു മനുഷ്യന്റെ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ഈ കഥ സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ ലക്ഷക്കണക്കിന് ആളുകളുടെ കണ്ണുനിറയിച്ചു കഴിഞ്ഞു.
പഞ്ചാബ് നാഷണൽ ബാങ്കിലെ സേവനത്തിന് ശേഷം വിരമിച്ച ശ്രീകാന്തും ഭാര്യയും തങ്ങളുടെ പി.എഫ് തുകയും ജീവിത സമ്പാദ്യവും ഉപയോഗിച്ച് വിരമിക്കൽ കാലം ആനന്ദകരമാക്കാൻ ഒരു ആഗോള യാത്രാ പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാൽ പത്ത് വർഷം മുൻപ് സംഭവിച്ച ഭാര്യയുടെ അപ്രതീക്ഷിത വിയോഗം ശ്രീകാന്തിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. ഭാര്യയില്ലാത്ത ഒരു യാത്രയെക്കുറിച്ച് ചിന്തിക്കാൻ പോലും അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.
തന്റെ തീരുമാനത്തെക്കുറിച്ച് ശ്രീകാന്ത് സഹസ്രബുദ്ധെ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞത് ഇങ്ങനെ: 'ഞങ്ങൾ രണ്ടുപേരും ബാങ്ക് ജീവനക്കാരായിരുന്നു. ഒരുമിച്ച് ലോകം കാണണമെന്നത് ഞങ്ങളുടെ വലിയ ആഗ്രഹമായിരുന്നു. എന്നാൽ, 10 വർഷം മുൻപ് അവൾ എന്നെ തനിച്ചാക്കി പോയി. അതോടെ യാത്ര ചെയ്യണമെന്ന ആഗ്രഹമേ എനിക്ക് ഇല്ലാതായി. കഴിഞ്ഞ ദിവസം അകോല സ്വദേശിയായ ഒരാൾ സൈന്യത്തിന് ഒരു കോടി രൂപ സംഭാവന നൽകിയെന്ന വാട്സാപ്പ് സന്ദേശം എന്റെ ശ്രദ്ധയിൽപ്പെട്ടു. അത്രയും വലിയ തുക നൽകാൻ എനിക്ക് ശേഷിയില്ലെങ്കിലും, ഞങ്ങളുടെ യാത്രാ ഫണ്ടിന്റെ പകുതിയായ 25 ലക്ഷം രൂപ സൈന്യത്തിന് നൽകാമെന്ന് ഞാൻ ഉറപ്പിച്ചു. ഭാര്യയോടൊപ്പം യാത്ര ചെയ്യുമ്പോൾ എനിക്ക് ലഭിക്കുമായിരുന്ന അതേ ആത്മസംതൃപ്തിയും സന്തോഷവും ഈ പുണ്യപ്രവൃത്തിയിലൂടെ എനിക്ക് ലഭിക്കുമെന്നാണ് ഞാൻ കരുതുന്നത്.'
സംഭാവന നൽകുന്ന വേളയിൽ മനസ്സിൽ നിറഞ്ഞ വികാരങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, 'കണ്ണീരടക്കാൻ എനിക്ക് കഴിഞ്ഞില്ല' എന്നായിരുന്നു വിതുമ്പിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ മറുപടി. തന്റെ ഭാര്യ എത്രമാത്രം ഉദാരമനസ്കയായിരുന്നുവെന്നും അവളുടെ അസാന്നിധ്യം തന്നെ എത്രത്തോളം വേട്ടയാടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
VIDEO | Nagpur: After wife's death ends couple's dream of a world tour, retired banker donates savings to the Army.
Speaking to PTI, banker Shrikant Sahasrabuddhe says, "My wife and I had retired from Punjab National Bank. Unfortunately, she passed away 10 years ago. We had… pic.twitter.com/Gd8QytOdxe— Press Trust of India (@PTI_News) June 12, 2026
ശ്രീകാന്തിന്റെ ഈ വലിയ മനസ്സിനെ വാനോളം പുകഴ്ത്തിക്കൊണ്ടാണ് സോഷ്യൽ മീഡിയ പ്രതികരിക്കുന്നത്. 'തകർന്ന സ്വപ്നങ്ങളുടെ വേദന ഉള്ളിലൊതുക്കി, രാജ്യത്തിന് മാതൃകയാകാൻ കാണിച്ച ഈ മനസ്സിന് ബിഗ് സല്യൂട്ട്' എന്ന് ഒരാൾ കുറിച്ചപ്പോൾ, 'അദ്ദേഹത്തിന്റെ വാക്കുകളിൽ ജീവിതകാലം മുഴുവനുള്ള പ്രണയവും നഷ്ടബോധവുമുണ്ട്; ഈ വലിയ പ്രവർത്തിയിലൂടെ അദ്ദേഹത്തിന്റെ മനസ്സിന് ശാന്തി ലഭിക്കട്ടെ' എന്നാണ് മറ്റൊരാൾ കുറിച്ചത്.