രണ്ട് കോടിയുടെ ജോലിയുപേക്ഷിച്ച് 'ചായക്കട' തുടങ്ങിയ 29 -കാരി! ആഡംബരജീവിതത്തിനും ബൈ!

Published : Jun 13, 2026, 06:40 PM IST
Michelle Yeung

Synopsis

കോടികൾ ശമ്പളം കിട്ടുന്ന ജോലിയും അതിലൂടെ ലഭിക്കുന്ന ആഡംബരവുമുപേക്ഷിച്ച് പോകാൻ ആരും ഒന്ന് മടിക്കും അല്ലേ? എന്നാൽ, ഇതിനൊക്കെയപ്പുറം സ്വന്തം ഇഷ്ടങ്ങൾക്ക് പിന്നാലെ നടക്കുന്നവരും ഉണ്ടാകും. അതിലൊരാളാണ് ഈ യുവതി.

ഉയർന്ന ശമ്പളമുള്ള ഐടി ജോലി സ്വപ്നം കാണാത്ത ആളുകൾ കുറവായിരിക്കും. എന്നാൽ, ലക്ഷങ്ങളുടെ ശമ്പളമുള്ള ആഡംബര ജീവിതമുപേക്ഷിച്ച് മാച്ചാ കഫേ തുടങ്ങി വിജയം വരിച്ച ഒരു 29 -കാരിയാണ് ഇപ്പോൾ വാർത്തയാവുന്നത്. സോഫ്റ്റ്‌വെയർ എഞ്ചിനീയറായി വർഷം രണ്ടര ലക്ഷം ഡോളർ അതായത് ഇന്ത്യൻ രൂപയിൽ ഏകദേശം രണ്ട് കോടിയിലധികം രൂപ വരുമാനം നേടിക്കൊണ്ടിരുന്ന മിഷേൽ യുങ് എന്ന യുവതിയാണ് ആ ജോലി ഉപേക്ഷിച്ച് കഫേ തുടങ്ങാൻ തീരുമാനിച്ചത്. നിലവിൽ മാൻഹട്ടനിൽ 'മാച്ചാ ഹൗസ്' എന്ന പേരിൽ കഫേ നടത്തുകയാണ് മിഷേൽ. സിഎൻബിസി 'മേക്ക് ഇറ്റ്' ആണ് മിഷേലിന്റെ കഥ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടണിൽ നിന്ന് ബിരുദം നേടിയ ശേഷം ഐടി മേഖലയിൽ ജോലിയിൽ കയറിയ മിഷേലിന്റെ തുടക്കത്തിലെ ശമ്പളം തന്നെ 1,60,000 ഡോളറായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് ഇത് 2,50,000 ഡോളറായി ഉയർന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ നിറഞ്ഞ ഒരു ചുറ്റുപാടിലായിരുന്നു മിഷേൽ വളർന്ന്ത്. അതിനാൽ, തുടക്കത്തിൽ പണമായിരുന്നു മിഷേലിന്റെ പ്രധാന ലക്ഷ്യം. എന്നാൽ, ആവശ്യത്തിലധികം പണമുണ്ടാക്കിയെങ്കിലും മാനസികമായ സംതൃപ്തി ലഭിച്ചില്ലെന്ന് മിഷേൽ പറയുന്നു.

'വെറുമൊരു യന്ത്രം പോലെ ജോലി ചെയ്യുകയായിരുന്നു ഞാൻ. എന്തിനാണ് ഞാൻ ഇതൊക്കെ ചെയ്യുന്നത് എന്ന് പലപ്പോഴും ചിന്തിച്ചു. ഒടുവിൽ, ഈ ആഡംബര ജീവിതത്തിൽ നിന്നും പുറത്തുകടക്കാൻ ഞാൻ തീരുമാനിക്കുകയായിരുന്നു' എന്നും മിഷേൽ പറയുന്നു.

ന്യൂയോർക്കിലെ മാച്ചാ ഔട്ട്ലെറ്റുകൾ സന്ദർശിച്ചപ്പോഴാണ് ഈ മേഖലയിലെ ബിസിനസ്സ് സാധ്യതകളെക്കുറിച്ച് മിഷേൽ ചിന്തിക്കുന്നത്. എന്നാൽ, പെട്ടെന്നൊരു ദിവസം ജോലി രാജിവെക്കുകയല്ല അവർ ചെയ്തത്. കൃത്യമായ പ്ലാനിങ്ങ് തന്നെ നടത്തി. മാച്ചാ

എന്ന ജാപ്പനീസ് ഗ്രീൻ ടീ നിർമ്മാണത്തെക്കുറിച്ച് കൂടുതൽ പഠിക്കാൻ മിഷേൽ ജപ്പാനിലേക്ക് യാത്ര പോയി. കഫേകളുടെ പ്രവർത്തനരീതി നേരിട്ടറിയാൻ പ്രമുഖ കോഫി ബ്രാൻഡായ സ്റ്റാർബക്സിൽ പാർട്ട് ടൈം ജോലി ചെയ്തു.

സ്വന്തം സമ്പാദ്യത്തിൽ നിന്നും ഒന്നര ലക്ഷം ഡോളറിലധികം (ഏകദേശം 1.25 കോടി രൂപ) കഫേയ്ക്കായി മാറ്റിവെച്ചു. ഒടുവിൽ 2025-ൽ മാൻഹട്ടനിൽ 'മാച്ചാ ഹൗസ്' തുടങ്ങുക തന്നെ ചെയ്തു അവർ. തുടക്കത്തിൽ നിരവധി പ്രതിസന്ധികൾ നേരിട്ടെങ്കിലും സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും പിന്തുണയോടെ മിഷേൽ മുന്നോട്ട് പോയി.

ഐടി ജോലിയിലായിരുന്നപ്പോൾ വാങ്ങിയിരുന്ന ശമ്പളത്തിന്റെ പത്തിലൊന്ന് മാത്രമാണ് മിഷേൽ ഇപ്പോൾ സ്വന്തം ശമ്പളമായി കഫേയിൽ നിന്നും എടുക്കുന്നത്. വർഷം വെറും ഏകദേശം 27 ലക്ഷം രൂപ മാത്രമേ വരൂ അത്. ആഡംബരങ്ങൾ ഒഴിവാക്കി ലളിതമായ ജീവിതരീതിയാണ് ഇപ്പോൾ പിന്തുടരുന്നത്. എന്നാൽ, കഫേ ലാഭത്തിൽ തന്നെയാണ്. എന്നാൽ, ലാഭമോ പണമോ അല്ല ജീവിതത്തിലെ സംതൃപ്തിയാണ് പ്രധാനം. അതിപ്പോൾ ആവോളം കിട്ടുന്നുണ്ട് എന്നാണ് മിഷേൽ പറയുന്നത്.

PREV
Read more Articles on
click me!

Recommended Stories

പുതുതായി ജോയിൻ ചെയ്ത കമ്പനിയിലെത്തി, ഡെസ്കിലൊരു ​ഗാർബേജ് ബാ​ഗ്! കമ്പനിയുടെ തീരുമാനത്തിൽ ഇംപ്രസ്സ്ഡ് എന്ന് യുവതി
മോഷണം പോയത് 1,300 അടി തീരപ്രദേശം, ഏതാണ്ട് 500 ഓളം ട്രക്ക് മണൽ; പക്ഷേ, 18 വർഷമായിട്ടും പ്രതികളെ കണ്ടെത്താനായില്ല!