വിവാഹവേദിയിൽ അപ്രതീക്ഷിതമായി മുൻകാമുകി, ഒടുവിൽ രണ്ട് ഭാര്യമാർ, സ്ത്രീധനം വാങ്ങാനും മറന്നില്ല!

By Web TeamFirst Published Jul 31, 2021, 1:17 PM IST
Highlights

അങ്ങനെ വിവാഹവേദി സംഘർഷവേദിയായി. എന്ത് ചെയ്യണമെന്ന് എല്ലാവരും തലപുകഞ്ഞു ആലോചിച്ചു. കോറിക്കിന്റെ വീട്ടുകാർ മകന്റെ കൂടെ നിന്നു. അങ്ങനെ കോറിക് ഒരേ വേദിയിൽ വച്ച് കാമുകിയെയും, പ്രതിശ്രുത വധുവിനെയും വിവാഹം കഴിക്കാൻ തീരുമാനിച്ചു. 

വിവാഹദിവസം നിങ്ങളുടെ മുൻകാമുകനെ കാണുന്ന അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. എന്നാൽ, അതിലും ദുഷ്കരം വിവാഹത്തിന് നിങ്ങളുടെ പ്രതിശ്രുതവരന്റെ പൂർവ കാമുകിയെ കാണുന്നതായിരിക്കും. ഇന്തോനേഷ്യയിലെ നൂർ ഖുസ്നാൽ കൊട്ടിമ എന്ന ഇരുപതുകാരിയ്ക്ക് സംഭവിച്ചതും അത് തന്നെയായിരുന്നു. വിവാഹ സ്വപ്നങ്ങളുമായി വേദിയിൽ ഇരുന്നിരുന്ന അവളുടെ സ്വപ്നങ്ങളെ ചവിട്ട് മെതിച്ചുകൊണ്ട്‌ ഒട്ടും പ്രതീക്ഷിക്കാതെ വരന്റെ മുൻകാമുകി രംഗപ്രവേശം ചെയ്തു. അതിലും കഷ്ടമായത്, തന്റേത് മാത്രമാകുമെന്ന് പ്രതീക്ഷിച്ച ഭർത്താവ് അവളെയും കൂടി വിവാഹം ചെയ്തു എന്നതാണ്. വേദിയിൽ ഇരിക്കണോ, ഇറങ്ങി ഓടണോ എന്നറിയാതെ ആകെ പകച്ചുപോയി വധു.

ഇന്തോനേഷ്യയിലെ ലോംബോക് തെംഗയിലെ നിവാസിയാണ് നൂർ. കോറിക് അക്ബർ എന്ന ഇരുപതുകാരനുമായുള്ള അവളുടെ വിവാഹം നിശ്ചയിച്ച സമയം. കോറിക് തന്റെ വിവാഹ വാർത്ത സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ഇതോടെ അയാളുടെ എല്ലാ സുഹൃത്തുക്കളും അയാൾക്ക് ആശംസകൾ അറിയിക്കാൻ തുടങ്ങി. എന്നാൽ, കൂട്ടത്തിൽ അയാളുടെ മുൻകാമുകി ഇരുപത്തിയൊന്നുകാരി യൂണിറ്റ റൂരിയും ആ പോസ്റ്റ് കാണാനിടയായി. അവൾ എന്നാൽ അദ്ദേഹത്തിന് ആശംസ അറിയിച്ചില്ല. വിളിക്കാനും പോയില്ല. അങ്ങനെ വിവാഹ ദിവസമായി. മെറാരിക്ക് ആചാര പ്രകാരമായിരുന്നു വിവാഹം. അതനുസരിച്ച് വിവാഹത്തിന് മുൻപ് വധുവിനെ വരൻ തട്ടിക്കൊണ്ടുപോവുകയും, തിരികെ വീട്ടിലേയ്ക്ക് കൊണ്ടുവരികയും വേണം. അതിനെല്ലാം ശേഷം ഇരുവരും വേദിയിലെത്തി വിവാഹ ചടങ്ങുകൾ ആരംഭിച്ചു. അപ്പോഴാണ് സിനിമ ക്ലൈമാക്സിനെ വെല്ലുന്ന രീതിയിൽ കാമുകിയുടെ മാസ്സ് എൻട്രി.  

അതും ഒരു വധുവിന്റേതുപോലെ ഒരുങ്ങിയാണ് യൂണിറ്റ വേദിയിലെത്തിയത്. കാമുകിയെ കണ്ട മാത്രയിൽ കോറിക് സ്തബ്ധനായി. തന്നെ ഉപേക്ഷിക്കരുതെന്നും, തന്നെക്കൂടി വിവാഹം ചെയ്യണമെന്നും കാമുകി കരഞ്ഞു പറഞ്ഞപ്പോൾ, അയാൾക്ക് എതിർക്കാൻ കഴിഞ്ഞില്ല. എത്രയായാലും കുറേനാൾ പ്രണയിച്ചു കഴിഞ്ഞതല്ലേ? എങ്ങനെ വേണ്ടെന്ന് പറയും. 2016 ലാണ് കൊറിക്കും, യൂണിറ്റും തമ്മിൽ പ്രണയിക്കുന്നത്. എന്നാൽ പിന്നീട് അവർ തല്ലി പിരിയുകയായിരുന്നു. എങ്കിലും വീണ്ടും കാമുകിയെ കണ്ടപ്പോൾ അയാളുടെ മനസ്സ് ഇളകി. രണ്ടുപേരെയും ഉപേക്ഷിക്കാൻ കോറിക്കിനായില്ല. എന്നാൽ ഇതിൽ തകർന്നുപോയത് നൂറാണ്. അതുവരെ ചിരിച്ചുകൊണ്ടിരുന്ന നൂർ ഇതെല്ലം കേട്ട് കരയാൻ തുടങ്ങി.  

അങ്ങനെ വിവാഹവേദി സംഘർഷവേദിയായി. എന്ത് ചെയ്യണമെന്ന് എല്ലാവരും തലപുകഞ്ഞു ആലോചിച്ചു. കോറിക്കിന്റെ വീട്ടുകാർ മകന്റെ കൂടെ നിന്നു. അങ്ങനെ കോറിക് ഒരേ വേദിയിൽ വച്ച് കാമുകിയെയും, പ്രതിശ്രുത വധുവിനെയും വിവാഹം കഴിക്കാൻ തീരുമാനിച്ചു. കൂട്ടത്തിൽ രണ്ട് പെൺകുട്ടികളെയും വിവാഹം ചെയ്യുന്നതിന് രണ്ടുപേരിൽ നിന്നും സ്ത്രീധനം വാങ്ങാനും അയാൾ മറന്നില്ല. ഒരാവേശത്തിന് ചെയ്തു പോയതാണെങ്കിലും ഇപ്പോൾ അതിനെ കുറിച്ച് ആലോചിച്ച് കോറിക് ആശങ്കപ്പെടുന്നു. ജോലിയൊന്നും ഇല്ലാത്ത അയാൾ ഇപ്പോൾ രണ്ട് സ്ത്രീകളെയും എങ്ങനെ പോറ്റുമെന്ന ആധിയിലാണ്.  

click me!