നെഹ്‌റു മരിച്ചു കിടക്കുമ്പോള്‍, ശങ്കര്‍ നിറകണ്ണുകളോടെ ഇന്ദിരയെ വരയ്ക്കുകയായിരുന്നു!

By Web TeamFirst Published Jul 30, 2021, 11:26 PM IST
Highlights

എഴുപത്തഞ്ചാമത്തെ വയസ്സിലാണ് അദ്ദേഹം വരകളുടെ ലോകത്തോട് വിടപറഞ്ഞത്. കൈകൾ വിറയാർന്ന സമയത്തും, കാഴ്ച മങ്ങിത്തുടങ്ങിയ സമയത്തും പക്ഷേ നെഹ്‌റുവിന്റെ രൂപം വരയ്ക്കാൻ അദ്ദേഹത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിരുന്നില്ല. 

ഇന്ത്യന്‍ കാര്‍ട്ടൂണിന്റെ കുലപതി ശങ്കര്‍ എന്ന കേശവ് ശങ്കരപ്പിള്ള, ചിരിയും ചിന്തയും കലര്‍ത്തി കോറിയിട്ട വരകളില്‍ കാണാനാവുക ഇന്ത്യന്‍ ചരിത്രത്തിന്റെ കാണാപ്പുറങ്ങളാണ്. ചെറുപ്പം മുതലേ വരകള്‍ക്കൊപ്പം സഞ്ചരിച്ച അദ്ദേഹം പിന്നീട്, അക്കാദമിക് പരിശീലനങ്ങളില്ലാതെ കാര്‍ട്ടൂണ്‍ വഴിയിലേക്ക് നീങ്ങുകയായിരുന്നു. ബ്രിട്ടീഷ് കാലത്തും അതിനു ശേഷവും നടന്ന രാഷ്ട്രീയ സംഭവങ്ങള്‍, യുദ്ധങ്ങള്‍, അടിയന്തരാവസ്ഥ തുടങ്ങിയ വമ്പന്‍ വാര്‍ത്തകളിലൂടെയാണ് ശങ്കറിന്റെ കാര്‍ട്ടൂണ്‍ ജീവിതം പക്വത പ്രാപിച്ചത്. ബ്രിട്ടീഷ് വൈസ്രോയിമാര്‍ മുതല്‍ ഇന്ത്യന്‍ ഭരണാധികാരികള്‍ വരെ ആ തൂലികയില്‍ കടന്നുവന്നു. എന്നാലും അദ്ദേഹത്തിന്റെ ചിരിവരകളില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം പ്രത്യക്ഷപ്പെട്ടത് നെഹ്റു തന്നെ. അവര്‍ തമ്മിലുള്ള ആത്മബന്ധം പ്രസിദ്ധമായിരുന്നു.

 

 

1964 മെയ് 27. ഇന്ത്യയ്ക്ക് മഹാനായ നേതാവിനെയും, ശങ്കറിന് തന്റെ പ്രിയ ചങ്ങാതിയെയും നഷ്ടമായ ദിനം. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു മരണപ്പെട്ട ആ ദിവസം പക്ഷേ ശങ്കര്‍ അദ്ദേഹത്തിന്റെ മൃതദേഹം കാണാന്‍ പോയില്ല. ശങ്കറിന്റെ ശിഷ്യനായ യേശുദാസന്‍ നെഹ്റുവിനെ അവസാനമായി കാണാന്‍ പുറപ്പെടുമ്പോള്‍ ശങ്കര്‍ അതൊന്നും ശ്രദ്ധിക്കാതെ എന്തോ വരച്ചുകൊണ്ടിരിക്കയായിരുന്നു. 

എല്ലാം കഴിഞ്ഞ് മടങ്ങി എത്തിയ ശിഷ്യന്‍, എന്തുകൊണ്ടാണ് ആത്മമിത്രത്തിനെ കാണാന്‍ വരാതിരുന്നത് എന്ന്  അദ്ദേഹത്തോട് തിരക്കി. എന്നാല്‍ തന്റെ സുഹൃത്തിനെ ആ നിലയില്‍ കാണാന്‍ സാധിക്കില്ലെന്നായിരുന്നു ശങ്കറിന്റെ മറുപടി. അപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ ഒഴുകി കൊണ്ടിരുന്നു. വിറക്കുന്ന കൈകളോടെ അദ്ദേഹം വരച്ചുകൊണ്ടിരുന്നത് ഭാവി പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചിത്രമായിരുന്നു. അദ്ദേഹത്തിന്റെ കണ്ണുനീര്‍ ഇല്ലാതായെങ്കിലും, ആ സൗഹൃദത്തിന്റെ ഓര്‍മ്മകളും നഷ്ടത്തിലെ മുറിവുകളും അദ്ദേഹത്തിന്റെ നെഞ്ചില്‍ എന്നും ഒരു വേദനയായി മരണം വരെ ഉണങ്ങാതെ കിടന്നു.  

അത്രമേല്‍ അടുപ്പമായിരുന്നു ഇരുവരും തമ്മില്‍. നെഹ്റു ശങ്കറിനെ ആദ്യമായി കാണുന്നത് ജനീവയില്‍ വച്ചാണ്. ആദ്യ ദര്‍ശനത്തില്‍ തന്നെ ഇരുവര്‍ക്കും ഇടയില്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്തൊരു സൗഹൃദം ഉടലെടുത്തു. പിന്നീട് നെഹ്റുവിനെ കേന്ദ്രകഥാപാത്രമാക്കി നാലായിരത്തോളം കാര്‍ട്ടൂണുകള്‍ അദ്ദേഹം വരച്ചു. ശങ്കറിന്റെ വീട്ടില്‍ ഒരു നിത്യസന്ദര്‍ശകനായിരുന്നു നെഹ്റു. മറ്റൊരു കാര്‍ട്ടൂണിസ്റ്റിനും നല്‍കാത്ത സ്വാതന്ത്ര്യം അദ്ദേഹത്തിന് ലഭിച്ചിരുന്നു. 

നെഹ്റുവുമായുള്ള ഈ സൗഹൃദം വരകള്‍ക്ക് കൂടുതല്‍ വ്യക്തതയും, അഴകും നല്‍കി. നെഹ്റുവിന്റെ സ്വഭാവത്തെ സസൂക്ഷ്മം വീക്ഷിച്ച ശങ്കര്‍ അതിന്റെ കുറവുകളും, മികവുകളും തന്റെ കാര്‍ട്ടൂണുകളിലൂടെ തുറന്നു കാണിച്ചു. എന്തിനേറെ, നെഹ്റുവിന്റെ ശാരീരിക മാറ്റങ്ങള്‍ പോലും ശങ്കറിന്റെ ശ്രദ്ധയില്‍ നിന്ന് വിട്ടുപോയില്ല. എങ്കിലും ശങ്കര്‍ ഒരിക്കലും വിമര്‍ശനത്തിന്റെ മുള്ളുകൊണ്ട് നെഹ്റുവിനെ നോവിക്കാന്‍ ശ്രമിച്ചില്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയ തീരുമാനങ്ങളെ ആത്മവിശകലത്തിന് വിധേയമാക്കാന്‍ ശങ്കറിന്റെ കാര്‍ട്ടൂണുകള്‍ക്ക് സാധിച്ചിട്ടുണ്ട്. ഒരേസമയം ചിരിയുടെ മധുര്യവും, ചിന്തയുടെ സൗരഭ്യവും കൊണ്ട് പുതുമയാര്‍ന്ന അവയെല്ലാം നെഹ്റു ഏറെ ആസ്വദിച്ചിരുന്നു താനും. 


നെഹ്റുവിനെ കുറിച്ചോര്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ആദ്യം ഓടി വരുന്നത് അദ്ദേഹത്തിന്റെ കുപ്പായത്തിലെ റോസാപ്പൂവും, അദ്ദേഹം ധരിച്ചിരുന്ന തൊപ്പിയുമാണ്. എന്നാല്‍, ആ ശീലത്തിന് പിന്നിലും ശങ്കറിന്റെ കാര്‍ട്ടൂണുകളായിരുന്നു എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ സാധിക്കുമോ? ഒരിക്കല്‍ ഇന്ത്യയെക്കുറിച്ചോര്‍ത്ത് തന്റെ ഉള്ളില്‍ തീയാണെന്ന് നെഹ്റു ലോകനേതാക്കളോട് പറയുകയുണ്ടായി. അതിനെ അടിസ്ഥാനമാക്കി ശങ്കര്‍ വരച്ച ഒരു കാര്‍ട്ടൂണില്‍ ഒരു പൂന്തോട്ടത്തിന് നടുക്ക് വായില്‍ തീയുമായി നില്‍ക്കുന്ന നെഹ്റുവിനേയും, അത് അണക്കാനായി ഓടുന്ന ലോകനേതാക്കളെയും കാണാം. അതില്‍ നെഹ്റുവിന്റെ ഉടുപ്പില്‍ ഒരു പൂവ് അദ്ദേഹം വരച്ചിരുന്നു. പിന്നെയും അദ്ദേഹം ഉടുപ്പില്‍ പൂവുമായി നില്‍ക്കുന്ന നെഹ്റുവിന്റെ ചിത്രങ്ങള്‍ വരച്ചുകൊണ്ടിരുന്നു. തുടരെ തുടരെയുള്ള ഈ കാര്‍ട്ടൂണുകള്‍ നെഹ്റുവിനെ ആകര്‍ഷിച്ചു. അങ്ങനെയാണ് അദ്ദേഹം തന്റെ കോട്ടില്‍ സ്ഥിരമായി റോസാപ്പൂ ചൂടാന്‍ തുടങ്ങിയത്. പിന്നീട് വന്ന എല്ലാ കാര്‍ട്ടൂണ്‍ കലാകാരന്മാരും ആ രീതി മാറ്റമില്ലാതെ പിന്‍തുടരുകയും ചെയ്തു.

ശങ്കര്‍ 1948 -ലാണ് ശങ്കേഴ്‌സ് വീക്കിലി തുടങ്ങുന്നത്. ഇന്ത്യയിലെ പല പ്രമുഖ കാര്‍ട്ടൂണിസ്റ്റുകളും പഠിച്ചിറങ്ങിയത് ആ സര്‍വകലാശാലയില്‍ നിന്നായിരുന്നു. അതില്‍ 1948 മുതല്‍ 1964 വരെയുള്ള കാലഘട്ടങ്ങളില്‍ വരച്ച മിക്ക കാര്‍ട്ടൂണിന്റെയും പ്രധാന കഥാപാത്രമായി മാറിയത് നെഹ്റു തന്നെയാണ്. അതിന്റെ ഉത്ഘാടനം നിര്‍വഹിച്ചതും അദ്ദേഹം തന്നെ. അന്ന് നടത്തിയ പ്രസംഗത്തില്‍ നെഹ്റു പുഞ്ചിരിയോടെ പറഞ്ഞ പ്രശസ്ത വാചകം 'എന്നെ വെറുതെ വിടരുത്' എന്നത് ഇന്നും ഇന്ത്യക്കാര്‍ക്ക് മറക്കാന്‍ സാധിക്കില്ല. പരസ്യമായി പ്രശംസിക്കാന്‍ മടികാണിക്കാത്ത നിഷ്‌കളങ്ക സൗഹൃദമാണ് ഇരുവരെയും പരസ്പരം നയിച്ചിരുന്നത്. ശങ്കറിന് വരയില്‍ അസാധാരണമായ ഒരു കഴിവുണ്ടെന്ന് നെഹ്റു പറഞ്ഞപ്പോള്‍ 'മഹാനായ മനുഷ്യന്‍, ഒരു വലിയ മനുഷ്യന്‍'' എന്നാണ് തിരിച്ച് ശങ്കര്‍ നെഹ്റുവിനെ വിശേഷിപ്പിച്ചത്. തന്റെ അന്തര്‍ലീനമായ ബലഹീനതകള്‍ മനസ്സിലാക്കാന്‍ ശങ്കര്‍ പലപ്പോഴും സഹായിച്ചതായും നെഹ്റു തുറന്ന് സമ്മതിച്ചിട്ടുണ്ട്. 

 

 


എഴുപത്തഞ്ചാമത്തെ വയസ്സിലാണ് അദ്ദേഹം വരകളുടെ ലോകത്തോട് വിടപറഞ്ഞത്. കൈകള്‍ വിറയാര്‍ന്ന സമയത്തും, കാഴ്ച മങ്ങിത്തുടങ്ങിയ സമയത്തും പക്ഷേ നെഹ്റുവിന്റെ രൂപം വരയ്ക്കാന്‍ അദ്ദേഹത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിരുന്നില്ല. അദ്ദേഹം അവസാനമായി വരച്ചതും നെഹ്റുവിന്റെ ചിത്രമായിരുന്നു. ഓര്‍മ്മയുടെ നീരൊഴുക്ക് കുറഞ്ഞപ്പോഴും, അദ്ദേഹത്തിന്റെ വിരല്‍ത്തുമ്പില്‍ തന്റെ സുഹൃത്തിന്റെ രൂപം അനായാസം ഒഴുകി നീങ്ങി. 1937 -ലെ ശങ്കറിന്റെ കാര്‍ട്ടൂണുകളുടെ മുഖവുരയില്‍ നെഹ്റു ഇങ്ങനെ എഴുതി: ''നമ്മളില്‍ എത്രപേര്‍ ശങ്കറിന്റെ കാര്‍ട്ടൂണിനായി ദിവസേന കാത്തിരിക്കാറുണ്ട്? വാര്‍ത്തകള്‍ വായിക്കുന്നതിന് മുമ്പ് തന്നെ എത്രപേര്‍ അദ്ദേഹത്തിന്റെ കാര്‍ട്ടൂണ്‍ അടങ്ങിയ പേജ് തിരയാറുണ്ട്? ആ കാര്‍ട്ടൂണ്‍ നമുക്ക് സന്തോഷം മാത്രമല്ല, സമകാലിക സംഭവങ്ങളെക്കുറിച്ചുള്ള ഒരു പുതിയ ഉള്‍ക്കാഴ്ചയും നല്‍കുന്നു. ഇന്ത്യയില്‍ മറ്റാര്‍ക്കുമില്ലാത്ത അപൂര്‍വമായ ഒരു കഴിവ് ശങ്കറിനുണ്ട്. ഒരു കലാകാരന്റെ വൈദഗ്ധ്യത്തോടെ ഒട്ടും കാലുഷ്യമില്ലാതെ മറ്റുള്ളവരുടെ ബലഹീനതകളും പിഴവുകളും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇത് നമുക്കെല്ലാവര്‍ക്കും ഒരു സേവനമാണ്, അതിനായി നമ്മള്‍ നന്ദിയുള്ളവരാകണം.''

(വിവരങ്ങള്‍ക്ക് കടപ്പാട്: കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍, കല, കാലം, ജീവിതം)
 


 

click me!