155 പേർ മരിച്ച വിമാനാപകടം, അതിൽ ജീവനോടെ രക്ഷപ്പെട്ടത് നാലുപേർ, എന്റെ അനുഭവം...

By Web TeamFirst Published Jul 31, 2021, 12:11 PM IST
Highlights

എന്റെ അമ്മ എവിടെയാണെന്ന് ആരും എന്നോട് പറഞ്ഞില്ല. ഞാൻ എന്റെ കുടുംബത്തോട് ചോദിച്ചുകൊണ്ടിരുന്നു, പക്ഷേ അവര്‍ ഒരു യാത്രയിലാണെന്നും തിരിച്ചുവരുമെന്നും അവർ പറഞ്ഞുകൊണ്ടിരുന്നു.

ഓർക്കാപ്പുറത്ത് ഒരു വലിയ അപകടം നടക്കുകയും അന്നുവരെ ഒപ്പമുണ്ടായിരുന്ന പ്രിയപ്പെട്ടവരെ നഷ്ടപ്പെടുകയും ചെയ്താലെന്ത് സംഭവിക്കും? താങ്ങാനാവില്ല അല്ലേ? അങ്ങനെ ഒരു അനുഭവമാണിത്. 1995 -ൽ നടന്ന വിമാനാപകടം, 151 പേർ മരിച്ചു. അതിൽ രക്ഷപ്പെട്ടത് നാലുപേർ. അതിലൊരാളായിരുന്ന മിഷേൽ ഡുസന്റെ അനുഭവം. ദ ​ഗാർഡിയൻ പ്രസിദ്ധീകരിച്ചത്. 

എന്‍റെ കുട്ടിക്കാലം വളരെ മനോഹരമായിരുന്നു. നല്ല സ്നേഹമുള്ള മാതാപിതാക്കളും കുടുംബവും എപ്പോഴും എനിക്ക് ചുറ്റുമുണ്ടായിരുന്നു. എന്‍റെ ആറാം പിറന്നാളൊക്കെ ഞങ്ങളാഘോഷിച്ചത് ഇപ്പോഴും എനിക്കോര്‍മ്മയുണ്ട്. അതെത്ര രസമായിരുന്നുവെന്നോ. അതാണ് കുടുംബത്തോടൊപ്പമുള്ള എന്‍റെ ഏറ്റവും അവസാനത്തെ മനോഹരമായ ആഘോഷത്തിന്‍റെ ഓര്‍മ്മ. 

ഒരു മാസത്തിന് ശേഷം 1995 ഡിസംബറില്‍ ഞങ്ങളൊരുമിച്ച് കൊളംബിയയിലേക്ക് പോവുകയായിരുന്നു. അതെന്‍റെ ആദ്യ വിമാനയാത്രയായിരുന്നു. അതിന്‍റെ എക്സൈറ്റ്മെന്‍റിലായിരുന്നു ഞാന്‍. അവിടെയുള്ള ഞങ്ങളുടെ ബന്ധുക്കളെ കാണാന്‍ പോവുകയായിരുന്നു ഞങ്ങള്‍. അവരെയൊന്നും ഞാന്‍ അതുവരെ കണ്ടിട്ടേയില്ലായിരുന്നു. വലിയൊരു റീയൂണിയന്‍ തന്നെ ആയിരുന്നു അവിടെ നമ്മെ കാത്തുനില്‍ക്കുന്നത്. 

എയർപോർട്ടിലേക്കുള്ള വഴിയിൽ ഞങ്ങൾ തിരക്കുകൂട്ടുകയായിരുന്നു, റോഡുകളിലെ മഞ്ഞ് കാരണം ഞങ്ങളുടെ കാർ മിക്കവാറും മറിഞ്ഞുവീഴുമെന്ന് തോന്നി. അതിനാൽ തന്നെ ഞങ്ങൾ വൈകി. തിരക്കോട് തിരക്കിലായിരുന്നു ഞങ്ങളുടെ എയര്‍പോര്‍ട്ടിലേക്കുള്ള യാത്ര. ഞങ്ങൾ കൃത്യസമയത്ത് മാത്രമാണ് വിമാനത്തില്‍ കയറിയത്. എന്നാല്‍, വിമാനം വൈകിയാണ് പുറപ്പെട്ടത്.

വിമാനം പറന്നു തുടങ്ങിയപ്പോള്‍ ഞാനും സഹോദരനും തമ്മില്‍ വഴക്കായി. അത് വിന്‍ഡോ സീറ്റിനെ ചൊല്ലിയായിരുന്നു. എനിക്ക് ആ സീറ്റ് വേണമായിരുന്നു. കാരണം, അതെന്‍റെ ആദ്യത്തെ യാത്രയാണ്. പുറത്തേക്ക് നോക്കിയിരിക്കാന്‍ ഞാനൊരുപാട് ആഗ്രഹിച്ചിരുന്നു. എന്‍റെ സഹോദരന് ദേഷ്യം വന്നു. ഒടുവില്‍ കസിനൊപ്പം ഇരുന്നു. അതിനു ശേഷം, പിറ്റേന്ന് രാവിലെ ഉണർന്നതല്ലാതെ ഒന്നും ഞ ഓർക്കുന്നില്ല. എന്റെ അച്ഛന് കുറച്ചുകൂടി ഓര്‍മയുണ്ട്. വിമാനം ശക്തമായി കുലുങ്ങി, ലൈറ്റുകൾ അണഞ്ഞു, ആളുകൾ നിലവിളിച്ചു. കൊളംബിയയിലെ ബുഗയ്ക്ക് സമീപം ഒരു മലയിലേക്ക് വിമാനം തകർന്നു വീഴുകയായിരുന്നു. 

ഉണർന്നപ്പോൾ എനിക്ക് ശരിക്കും ദാഹിച്ചു. ഞാൻ സ്പാനിഷിൽ സഹായത്തിനായി നിലവിളിച്ചു. എന്റെ അച്ഛൻ എന്നെ അവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു. പക്ഷേ, എനിക്ക് വളരെയധികം വേദന അനുഭവപ്പെട്ടു, അനങ്ങാൻ കഴിഞ്ഞില്ല. എന്റെ അരയിൽ നിന്ന് താഴോട്ട് മണ്ണിനടിയിൽ ആയിരുന്നു. 13 മണിക്കൂർ അങ്ങനെത്തന്നെ. സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടുണ്ടായിരുന്നു. എന്റെ കാലുകളിൽ ഇപ്പോഴും സീറ്റ് ബെൽറ്റ് അടയാളങ്ങളുണ്ട്. പാതി മണ്ണിനടിയിലായതുകൊണ്ട് മാത്രമാണ് ഞാന്‍ ജീവനോടെ നിലനിന്നത്, കാരണം മറ്റ് പല യാത്രക്കാരും ഹൈപ്പോഥർമിയ മൂലം മരിച്ചു.

രക്ഷാപ്രവർത്തകരും പാരാമെഡിക്കുകളും ഞങ്ങളെ കണ്ടെത്തിയപ്പോൾ, അവർ വിമാനത്തിന്റെ അവശിഷ്ടങ്ങളുടെ ഭാഗങ്ങളിൽ നിന്ന് ഒരു താൽക്കാലിക സ്ട്രെച്ചർ ഉണ്ടാക്കി. അവരെന്നെ കാൽനടയായി ഒരു ഹെലിപോർട്ടിലേക്ക് കൊണ്ടുപോയി, പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. അവിടെ എത്തിയപ്പോൾ എനിക്ക് എന്റെ അമ്മ അടുത്ത് വേണമെന്ന് തോന്നി. അവര്‍ എന്റെ കൈ പിടിച്ച് അവിടെ ഉണ്ടായിരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. ഞാൻ വല്ലാതെ പേടിച്ചു.

എന്റെ അമ്മ എവിടെയാണെന്ന് ആരും എന്നോട് പറഞ്ഞില്ല. ഞാൻ എന്റെ കുടുംബത്തോട് ചോദിച്ചുകൊണ്ടിരുന്നു, പക്ഷേ അവര്‍ ഒരു യാത്രയിലാണെന്നും തിരിച്ചുവരുമെന്നും അവർ പറഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ അവർ എന്നോട് പറഞ്ഞു, എന്റെ അമ്മയും സഹോദരനും എന്റെ കസിനും സ്വർഗത്തിലാണെന്നും, വിമാനാപകടത്തില്‍ 155 പേരിൽ നിന്ന് രക്ഷപ്പെട്ട നാല് പേരിൽ രണ്ടുപേരാണ് ഞാനും അച്ഛനും എന്നും. അവരുടെ ശവസംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോലും എനിക്ക് കഴിഞ്ഞിരുന്നില്ല. കാരണം, എനിക്ക് പരിക്കുകള്‍ ഭേദപ്പെട്ടിരുന്നില്ല. ഇപ്പോഴും എനിക്ക് കുറ്റബോധമുണ്ട്. അന്ന് സഹോദരനോട് വഴക്കുണ്ടാക്കിയില്ലായിരുന്നുവെങ്കില്‍, അവനവിടെ നിന്നും മാറിയിരുന്നില്ലായെങ്കില്‍ അവനിപ്പോഴും നമുക്കൊപ്പം ഉണ്ടായിരുന്നേനെ. 

ആശുപത്രി വിട്ട് ഞാന്‍ പോയത് അങ്കിളിന്‍റെ അടുത്തേക്കാണ്. വര്‍ഷങ്ങളോളം ഞാന്‍ വീല്‍ചെയറിലായിരുന്നു. അച്ഛനൊരിക്കലും നടക്കില്ലെന്നും ഞാന്‍ മനസിലാക്കി. ഓരോ രാത്രിയും ഉറക്കത്തില്‍ ഞാന്‍ ദുസ്വപ്നങ്ങള്‍ കണ്ടു, പേടിച്ചു നിലവിളിച്ചു. അച്ഛനോടൊപ്പമാണ് ഞാന്‍ കിടന്നിരുന്നത്. കാലങ്ങളോളം എന്‍റെ കാല്‍ വേദനിച്ചു. ഇപ്പോള്‍ നടക്കാനാവുന്നുണ്ട് എന്നതുപോലും അത്ഭുതമാണ്. 

ഞങ്ങൾ വീണ്ടും ന്യൂജേഴ്‌സിയിലേക്ക് തിരികെ എത്തിയപ്പോള്‍, എനിക്ക് സ്കൂളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞില്ല; ഞാൻ വെറുതെ കരഞ്ഞുകൊണ്ടിരുന്നു. ദൈവത്തിന്‍റെ കൃപകൊണ്ടുമാത്രം ആ ആഘാതത്തില്‍ നിന്നും വേദനകളില്‍ നിന്നും പുറത്ത് കടക്കാനെനിക്കായി. ആ വിമാനം തകര്‍ന്നത് പൈലറ്റിന്‍റെ പിഴവ് മൂലമാണ് എന്നാണ് ഞങ്ങള്‍ കരുതിയിരുന്നത്. എന്നാല്‍, മുന്‍ പൈലറ്റും ചലച്ചിത്രപ്രവര്‍ത്തകനുമായ ട്രിസ്റ്റന്‍ ലോറെയ്ന്‍ നമുക്കിടയിലേക്ക് കടന്നുവരുന്നത് വരെ ആ അപകടത്തിന് വേറൊരു കാരണമുണ്ട് എന്ന് നമുക്കറിയില്ലായിരുന്നു. അദ്ദേഹം ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ഡോക്യുമെന്‍ററി നിര്‍മ്മിച്ചു. അതിലാണ് ഞങ്ങള്‍ സഞ്ചരിച്ച വിമാനത്തിന്‍റെ പിഴവുകള്‍ മനസിലാക്കാനായതും അതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് തിരിച്ചറിയുന്നതും. 

ആ അപകടം എന്നെ ഞാൻ ഇന്ന് കാണുന്ന വ്യക്തിയായി രൂപപ്പെടുത്തി. ഞാൻ ഒന്നും നിസ്സാരമായി കാണുന്നില്ല, ഇപ്പോൾ എനിക്ക് ഒരു മകളുണ്ട്. അവള്‍ക്കൊരു നല്ല ലോകം നല്‍കാന്‍ ഞാനാഗ്രഹിക്കുന്നു. എനിക്ക് നഷ്ടപ്പെട്ട എല്ലാ കാര്യങ്ങളും അവള്‍ക്ക് നല്‍കണം. എന്തും മറികടക്കാൻ കഴിയുമെന്ന തോന്നലെന്നിലുണ്ടാക്കിയതും ആ അപകടമല്ലാതെ മറ്റെന്താണ്. 

click me!