
ജോലിസ്ഥലത്ത് അനുഭവിക്കേണ്ടി വരുന്ന ക്രൂരതകളെ കുറിച്ചും ചൂഷണങ്ങളെ കുറിച്ചുമെല്ലാം മിക്കവാറും ആളുകൾ റെഡ്ഡിറ്റിൽ കുറിക്കാറുണ്ട്. തികച്ചും മലിനമായ തൊഴിൽ സംസ്കാരമുള്ള കമ്പനിയാണെങ്കിൽ ചൂഷണം സഹിക്കവയ്യാതെ ജീവനക്കാർ രോഗികളാവുന്നതും രാജി വയ്ക്കുന്നതും എല്ലാം പതിവാണ്. അതുപോലെയുള്ള തന്റെ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് ഈ യുവാവും.
ഗുരുഗ്രാമിലെ ഒരു മൾട്ടി നാഷണൽ കമ്പനിയിലാണ് യുവാവ് ജോലി ചെയ്യുന്നത്. എന്നാൽ, ജോലിക്ക് ചേർന്നയുടനെ തന്നെ ഉണ്ടായ അനുഭവങ്ങളെല്ലാം തികച്ചും മോശമായിരുന്നു എന്നാണ് യുവാവ് പറയുന്നത്.
2024 ജനുവരിയിലാണ് കമ്പനിയിൽ മറ്റ് ചില സഹപ്രവർത്തകർക്കൊപ്പം ജോയിൻ ചെയ്തത്. ട്രെയിനിങ് പോലും തരാതെ കൂടുതൽ ജോലിയെടുക്കാനാണ് ആവശ്യപ്പെട്ടത്. പിന്നീട് പ്രതിഷേധിച്ചപ്പോഴാണ് ട്രെയിനിംഗ് തന്നത്.
ലീവിന്റെ കാര്യത്തിലും കമ്പനി നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത് എന്നാണ് ഇയാൾ ആരോപിക്കുന്നത്. 65 വയസു കഴിഞ്ഞ മാതാപിതാക്കളാണ്. അവർക്കൊപ്പം ഹോളി ആഘോഷിക്കാൻ പോകുന്നതിനായി ലീവ് ചോദിച്ചപ്പോൾ കിട്ടിയില്ല. പിന്നീട്, അമ്മയ്ക്ക് ഒരു ആക്സിഡന്റ് ഉണ്ടായപ്പോൾ ഒരാഴ്ച ലീവെടുത്തു. പക്ഷേ, അപ്പോഴും അവിടെയിരുന്ന് ജോലി ചെയ്യേണ്ടി വന്നു.
തിരിച്ചെത്തിയപ്പോൾ, പ്രൊഡക്ടിവിറ്റി കുറഞ്ഞതിന്റെ പേരിൽ ശാസന നേരിടേണ്ടി വന്നു. ദിവസേന 17 മണിക്കൂർ താൻ അധ്വാനിച്ചിരുന്നു. എന്നിട്ടും ചെറിയ കാര്യങ്ങൾക്ക് വിമർശനം നേരിട്ടു. പിന്നീട്, അമ്മയെ ചെക്കപ്പിന് കൊണ്ടുപോകുന്നതിനായി വീക്കെൻഡിൽ ജോലി ചെയ്യാനാവില്ല എന്ന് പറഞ്ഞു. അതിനുള്ള മറുപടി എപ്പോൾ വേണമെങ്കിലും ജോലി ചെയ്തോളാം എന്ന് പറഞ്ഞാണ് ജോലിക്ക് കയറിയത് എന്നായിരുന്നു.
കടുത്ത സമ്മർദ്ദം കാരണം താൻ തളർന്നു. പിന്നീട് കിടപ്പിലായി. എന്നാൽ, മാനേജ്മെന്റ് ജോലിക്ക് തിരികെ കയറാൻ നിർബന്ധിച്ചു. ഒടുവിൽ താൻ രാജിവച്ചു എന്നാണ് യുവാവ് പറയുന്നത്. താൻ ചോദിച്ചപ്പോൾ വർക്ക് ഫ്രം ഹോം അനുവദിച്ചില്ല. തനിക്കെതിരെ പല ആരോപണങ്ങളും കമ്പനി ഉന്നയിച്ചു എന്നും യുവാവ് പറയുന്നു.
യുവാവിന്റെ പോസ്റ്റിന് നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. കമ്പനിയുടെ പേര് വെളിപ്പെടുത്തണമെന്നും ഇനിയും ആർക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടാവാൻ പാടില്ല എന്നുമാണ് മിക്കവരും കമന്റ് നൽകിയത്.
അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ; സ്കൂട്ടിയിൽ പെൺകുട്ടികൾ, കുതിരയുമായി യുവാവ്, ചവിട്ടി താഴെയിട്ടു, വിമർശനം