
ലോട്ടറി അടിക്കുക എന്നു പറയുന്നത് തന്നെ മഹാഭാഗ്യമായാണ് കരുതുന്നത്. അപ്പോൾ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ഒരുമിച്ച് ലോട്ടറി അടിച്ചാൽ എന്തായിരിക്കും അവസ്ഥ. കേട്ടിട്ട് തന്നെ തല കറങ്ങുന്നു അല്ലേ? എന്നാൽ അങ്ങനെ ഒരു മഹാഭാഗ്യം അമേരിക്കയിലെ ഒരു കുടുംബത്തെ തേടി എത്തിയിരിക്കുകയാണ്. ഈ കുടുംബത്തിലെ മൂന്നുപേർക്കാണ് ഒരേസമയം 50,000 ഡോളർ വീതം ലോട്ടറി അടിച്ചിരിക്കുന്നത്. എന്നുവച്ചാൽ 41 ലക്ഷം ഇന്ത്യൻ രൂപ വീതം.
മേരിലാൻഡ് ലോട്ടറി നറുക്കെടുപ്പിലാണ് ഈ മഹാഭാഗ്യം കുടുംബത്തെ തേടിയെത്തിയത്. ഒക്ടോബർ 13 -നാണ് ഇവർ മൂന്നുപേരും ലോട്ടറി എടുത്തത്. എന്നാൽ, ഇവരാരും ഇത് പരസ്പരം അറിഞ്ഞിരുന്നില്ല എന്നതാണ് മറ്റൊരു യാദൃച്ഛികത. തീർന്നില്ല മറ്റൊരു അപൂർവത കൂടിയുണ്ട് ഇവർ മൂന്നുപേരും ചെറിയ സമയങ്ങളുടെ ഇടവേളയിൽ ഒരേ ലോട്ടറി കടയിൽ നിന്ന് തന്നെയാണ് ലോട്ടറി എടുത്തത്. ഒരു ഡോളർ വിലയുള്ള ലോട്ടറികളാണ് ഇവർ മൂന്നു പേരും എടുത്തത്. 61 കാരിയായ അമ്മയും അവരുടെ 28 വയസ്സുള്ള മകളും 31 വയസ്സുള്ള മകനുമാണ് സമ്മാനത്തിന് അർഹമായ ലോട്ടറി എടുത്ത മൂന്നുപേർ. ലോട്ടറി അടിച്ചു കഴിഞ്ഞപ്പോഴാണ് ലോട്ടറി എടുത്ത കാര്യം തന്നെ ഇവർ പരസ്പരം അറിയുന്നത്. ഒക്ടോബർ 13 -ലെ പിക്ക് 5 ഡ്രോയിംഗിൽ സമ്മാനത്തിന് അർഹമായ 5-3-8-3-4 എന്ന നമ്പർ കോമ്പിനേഷനിലുള്ള ലോട്ടറി ആയിരുന്നു ഇവർ മൂന്നുപേരും എടുത്തിരുന്നത്.
ലോട്ടറി അടിച്ചതിന്റെ അതീവ സന്തോഷത്തിലാണ് ഇവരുടെ കുടുംബം. സ്വന്തമായി വീടില്ലാതിരുന്ന ഇവർ ഒരാളുടെ ലോട്ടറി പണം ഉപയോഗിച്ച് ഒരു വീടു വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. മറ്റു രണ്ടുപേർക്കും കിട്ടിയ പണം ബാങ്കിൽ സൂക്ഷിക്കാനാണ് ഇവരുടെ തീരുമാനം.