
പല കാര്യങ്ങൾക്ക് വേണ്ടിയും ആളുകൾ അധികൃതർക്കെതിരെ പ്രതിഷേധിക്കാറുണ്ട്. അതിന് അവർ സ്വീകരിക്കുന്ന സമരമാർഗങ്ങൾ തീർത്തും വ്യത്യസ്തമായിരിക്കും എന്നുമാത്രം. അതുപോലെ വളരെ അസാധാരണമായ രീതിയിൽ കർണ്ണാടകയിലെ വിജയപുര ജില്ലയിൽ ഒരു പ്രതിഷേധം നടന്നു. നിരന്തരമുള്ള വൈദ്യുതിമുടക്കത്തിനെതിരെ ആയിരുന്നു നാട്ടുകാരുടെ ഈ പ്രതിഷേധം. ഒരു മുതലയേയും കൊണ്ട് കർഷകർ ഹുബ്ലി ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (HESCOM) ഓഫീസിലേക്ക് പോവുകയായിരുന്നു.
റോണിഹാല ഗ്രാമത്തിലെ വയലിലാണ് കർഷകർ ഈ മുതലയെ കണ്ടത്. പിന്നാലെ, കർഷകർ അതിനെ പിടിച്ചു കെട്ടി HESCOM ഉദ്യോഗസ്ഥർ ഉണ്ടായിരുന്ന പവർ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ശേഷം അവർ അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു. ഇതുപോലെയുള്ള ജീവികൾ, പാമ്പോ, തേളോ, മുതലയോ ഒക്കെ ഉപദ്രവിച്ച് രാത്രി മനുഷ്യർ മരിച്ചാലെന്ത് ചെയ്യും എന്നായിരുന്നു കർഷകരുടെ ചോദ്യം.
മുതലയേയും കൊണ്ട് ഓഫീസിലെത്തിയ കർഷകർ അതിനെ ഉദ്യോഗസ്ഥരുടെ മുന്നിൽ വച്ചു. ശേഷം വിളകൾ കരിഞ്ഞുണങ്ങുന്നതിനാൽ പകൽ സമയങ്ങളിൽ തടസ്സമില്ലാത്ത ത്രീഫേസ് വൈദ്യുതി നൽകണമെന്നും അവർ ആവശ്യപ്പെട്ടു. പിന്നീട്, വനംവകുപ്പ് ഉദ്യോഗസ്ഥർ മുതലയെ മോചിപ്പിച്ച ശേഷം അൽമാട്ടി നദിയിൽ തുറന്നുവിടുകയായിരുന്നു. എന്നാൽ, കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടുവോ എന്ന കാര്യത്തിൽ വ്യക്തത ഇല്ല.
കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ലളിത്പൂരിൽ നിന്നും ഒരു മുതലയുടെ വീഡിയോ വൈറലായിരുന്നു. അഴുക്കുചാലിൽ നിന്നും രക്ഷിച്ചെടുത്ത ഒരു ഭീമൻ മുതലയെ ഒരു യുവാവ് ചുമലിലേറ്റി കൊണ്ടുപോകുന്നതായിരുന്നു വീഡിയോ. അതിനെ നദിയിലേക്ക് ഇറക്കിവിടാൻ കൊണ്ടുപോകുന്നതിനിടയിലാണ് വീഡിയോ പകർത്തിയത്. വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിലെ യുവാവിനെ 'റിയൽ ലൈഫ് ബാഹുബലി' എന്നാണ് പലരും വിശേഷിപ്പിച്ചത്.
വായിക്കാം: കാണാതായ ആമയെ മൂന്നരവർഷത്തിന് ശേഷം കണ്ടെത്തി, വീട്ടിൽ നിന്നും അഞ്ച് മൈൽ അകലെ..!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: