വേഗതയെന്നു വച്ചാല്‍ എന്തൊരു വേഗത, വെറും നാലുദിവസം കൊണ്ട് എവറസ്റ്റ് ബേസ് ക്യാമ്പിലെത്തി യുവാവ്...

By Web TeamFirst Published Jan 22, 2022, 3:25 PM IST
Highlights

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജിമ്മുകളിലെ തീവ്ര പരിശീലനവും കിഴക്കൻ മലനിരകളിലെ ട്രെക്കിംഗും ഈ നേട്ടം കൈവരിക്കാൻ തന്റെ ശരീരത്തെയും മനസ്സിനെയും സജ്ജമാക്കി എന്ന് സുരേഷ് ബാബു പറഞ്ഞു. 

ചരിത്രത്തിൽ തന്റെ സ്ഥാനം അടയാളപ്പെടുത്തിയിരിക്കുകയാണ് വിശാഖപട്ടണത്ത് നിന്നുള്ള പർവതാരോഹകൻ എസ്‌വിഎൻ സുരേഷ് ബാബു(SVN Suresh Babu). നാല് ദിവസത്തിനുള്ളിൽ മൗണ്ട് എവറസ്റ്റ് ബേസ് ക്യാമ്പിലെത്തുന്ന, ഏറ്റവും വേഗതയേറിയ സോളോ കാല്‍നട യാത്രികനാ(Fastest Solo Trekker)യിരിക്കുകയാണ് അദ്ദേഹമെന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. 

ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനെന്ന അംഗീകാരം സുരേഷ് നേടി. അദ്ദേഹം സമുദ്രനിരപ്പിൽ നിന്ന് 5,364 മീറ്റർ ഉയരം തൊട്ടു. വിശാഖപട്ടണത്ത് നിന്ന് ദില്ലി വഴി നേപ്പാളിലെ കാഠ്മണ്ഡുവിലേക്കാണ് അദ്ദേഹം യാത്ര ആരംഭിച്ചത്. ഡിസംബർ 20 -ന് നേപ്പാളിലെ ലുക്‌ലയിൽ നിന്ന് ആരംഭിച്ച അദ്ദേഹത്തിന്റെ സോളോ മാരത്തൺ ട്രെക്ക് ഡിസംബർ 24 -ന് എവറസ്റ്റ് ക്യാമ്പിൽ അവസാനിച്ചു.

ഓക്സിജന്‍ കുറവും, കനത്ത തണുപ്പുമടക്കം പ്രതിരോധിച്ചു കൊണ്ട് അദ്ദേഹം ഈ നേട്ടമുണ്ടാക്കി. പാറകളും മഞ്ഞും നിറഞ്ഞ ഭൂപ്രദേശങ്ങളിലൂടെ ദിവസവും ഏകദേശം 10 മണിക്കൂർ നടന്നാണ് വെറും നാല് ദിവസം കൊണ്ട് അദ്ദേഹം ബേസ് ക്യാമ്പ് ട്രെക്ക് പൂർത്തിയാക്കിയത്. സാധാരണയായി ആളുകൾ ഏകദേശം 15 മുതൽ 20 ദിവസം വരെ എടുക്കുന്നിടത്താണ് അദ്ദേഹം വെറും നാല് ദിവസം കൊണ്ട് യാത്ര പൂര്‍ത്തിയാക്കിയത്. 

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജിമ്മുകളിലെ തീവ്ര പരിശീലനവും കിഴക്കൻ മലനിരകളിലെ ട്രെക്കിംഗും ഈ നേട്ടം കൈവരിക്കാൻ തന്റെ ശരീരത്തെയും മനസ്സിനെയും സജ്ജമാക്കി എന്ന് സുരേഷ് ബാബു പറഞ്ഞു. നേപ്പാളിലെ അക്യൂട്ട് അഡ്വഞ്ചർ ഇൻസ്റ്റിറ്റ്യൂട്ടാണ് മാരത്തൺ ട്രെക്ക് പ്രോഗ്രാമില്‍ നടത്തത്തിന്‍റെ ഷെഡ്യൂൾ കൈകാര്യം ചെയ്തതെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു. എവറസ്റ്റ് ക്യാമ്പ് ട്രെക്ക് പൂർത്തിയാക്കിയ ശേഷം, കാലാ പത്തറിന്റെ ഉയർന്ന ഉയരത്തിൽ (സമുദ്രനിരപ്പിൽ നിന്ന് 5,550 മീറ്റർ) ട്രക്ക് ചെയ്യുകയും 6,160 മീറ്റർ ഉയരത്തിൽ ദ്വീപ് കൊടുമുടി കയറുകയും ചെയ്തു.

അദ്ദേഹത്തിന്റെ നേട്ടത്തെ നേപ്പാൾ സർക്കാർ അംഗീകരിക്കുകയും അക്യൂട്ട് അഡ്വഞ്ചർ ഇൻസ്റ്റിറ്റ്യൂട്ട് അദ്ദേഹത്തിന്റെ യാത്രയെ ആധികാരികമാക്കുകയും അംഗീകാര സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്തുവെന്ന് റിപ്പോർട്ട് പറയുന്നു.
 

click me!