Right to disconnect Belgium : ജോലി കഴിഞ്ഞ് തിരിച്ചെത്തിയിട്ടും ബോസ് വിളിക്കുന്നുണ്ടോ? എടുക്കേണ്ടെന്ന് നിയമം

By Web TeamFirst Published Jan 22, 2022, 2:17 PM IST
Highlights

പുതിയ നീക്കം എത്രത്തോളം പ്രായോഗികമാണ് എന്നതിനെക്കുറിച്ച് യൂണിയനുകൾക്ക് ചില ആശങ്കകൾ ഉണ്ടെങ്കിലും സര്‍ക്കാര്‍ മേഖലയില്‍ നടപ്പിലാക്കുന്ന ഈ പരിഷ്കാരം വൈകാതെ സ്വകാര്യമേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ജോലിസമയം കഴിഞ്ഞ് വീട്ടിലെത്തി ഒന്ന് വിശ്രമിക്കാമെന്ന് കരുതുമ്പോള്‍ മേലുദ്യോഗസ്ഥരുടെ ഫോണ്‍ വന്നേക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍ ദേഷ്യം തോന്നുന്നത് സ്വാഭാവികമാണ്. എന്നാല്‍, നിങ്ങള്‍ ബെല്‍ജിയ(Belgium)ത്തിലെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് എങ്കില്‍ നിങ്ങള്‍ക്ക് ബോസിന്‍റെ ഫോണ്‍വിളികള്‍ അവഗണിക്കാം. 'റൈറ്റ് ടു ഡിസ്‌കണക്ട്'(Right to disconnect) എന്നാണ് ഈ പുതിയ നീക്കത്തെ വിളിക്കുന്നത്.

 

ഫെബ്രുവരി 1 മുതൽ നിലവിൽ വരുന്ന തരത്തിൽ സിവിൽ സർവീസ് മന്ത്രി പെട്ര ഡി സട്ടർ സിവിൽ തൊഴിലാളികൾക്കായി ഇത് അവതരിപ്പിക്കും. പിറ്റേന്ന് ജോലി സമയം വരെ കാത്തിരിക്കാനാവാത്ത അത്രയും അടിയന്തിര സാഹചര്യമുണ്ടായാല്‍ മാത്രമേ ജീവനക്കാർ ബോസിന്റെ ഫോണ്‍ എടുക്കേണ്ടതുള്ളൂ എന്നാണ് പറയുന്നത്. അല്ലാത്തപക്ഷം ആ ഫോണ്‍വിളികള്‍ അവഗണിക്കുകയും അറ്റന്‍ഡ് ചെയ്യാതിരിക്കുകയും ചെയ്യാം. ജോലി സമയത്തിന് ശേഷം ബോസ് വിളിച്ചിട്ടും എടുക്കാതിരുന്നാല്‍ ജീവനക്കാരെ അത് പ്രതികൂലമായി ബാധിക്കരുത്. കൂടാതെ, ജീവനക്കാരുടെ ശ്രദ്ധയും ഊര്‍ജ്ജവുമെല്ലാം വര്‍ധിപ്പിക്കാനാണ് ഇങ്ങനെയൊരു നീക്കം എന്നും പറയുന്നു. 

നിയമം ലംഘിച്ചാൽ പിഴയും ഉണ്ടാകും. അമിതമായ ജോലി സമ്മർദ്ദം ഇല്ലാതാക്കാനാണ് ഈ തീരുമാനമെന്ന് ഡി സട്ടർ മെമ്മോയിൽ പറഞ്ഞു. സര്‍ക്കാരിന് പുറമെ ഈ മാതൃക മറ്റ് മേഖലകളും രാജ്യങ്ങളും പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഫ്രാന്‍സ്, ഇറ്റലി, സ്പെയിന്‍, അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെല്ലാം റൈറ്റ് ടു ഡിസ്‍കണക്ട് പോളിസികളുണ്ട്. ജോലി സമയത്തിന് ശേഷം ബോസ് വിളിച്ചിട്ട് ഫോണ്‍ എടുക്കാതിരുന്ന ആംബുലന്‍സ് ഡ്രൈവറെ പിരിച്ചുവിട്ടതിന് ശേഷം 1998 -ലാണ് ഫ്രാന്‍സിൽ ഇത് നടപ്പിലാക്കിയത്. 

എന്നാൽ, ഡിജിറ്റൽ ജോലിസ്ഥലങ്ങളിൽ ജോലി ചെയ്യുന്ന ആളുകൾക്കിടയില്‍ ജോലിയുടെ തുടക്കം, അവസാനം എന്നിങ്ങനെ വേര്‍തിരിക്കുന്നത് ബുദ്ധിമുട്ടാവും. കൊവിഡ് 19 -നെ തുടര്‍ന്ന് മിക്കവരും വര്‍ക്ക് ഫ്രം ഹോം ആയ ശേഷം ലോഗ് ഓഫ് ചെയ്‍തു കഴിഞ്ഞാലും ജോലിസംബന്ധമായ കാര്യങ്ങളില്‍ ഇടപെടേണ്ട അവസ്ഥയുണ്ട് പലര്‍ക്കും. 

പുതിയ നീക്കം എത്രത്തോളം പ്രായോഗികമാണ് എന്നതിനെക്കുറിച്ച് യൂണിയനുകൾക്ക് ചില ആശങ്കകൾ ഉണ്ടെങ്കിലും സര്‍ക്കാര്‍ മേഖലയില്‍ നടപ്പിലാക്കുന്ന ഈ പരിഷ്കാരം വൈകാതെ സ്വകാര്യമേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈസ് വേൾഡ് ന്യൂസിനോട് സംസാരിച്ച ബെൽജിയൻ യൂണിയൻ FGTB-ABVV പ്രസിഡന്റ് തിയറി ബോഡ്‌സൺ പറഞ്ഞത് ഇങ്ങനെ, "പൊതുമേഖലാ തൊഴിലാളികൾക്കായി എടുത്ത ഈ തീരുമാനം വളരെ പ്രധാനപ്പെട്ടതാണ്. കൂടാതെ 65,000 ഫെഡറൽ സിവിൽ സർവീസുകാർക്ക് റൈറ്റ് ടു ഡിസ്‍കണക്ട് ആനുകൂല്യം ലഭിക്കുന്നു. പക്ഷേ, ഇത് ബെൽജിയത്തിലെ മറ്റ് തൊഴിലാളികൾക്ക് സ്വയമേവ പ്രയോഗിക്കാൻ കഴിയില്ല. സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക്, ഈ നീക്കം നടപ്പിലാക്കാന്‍ നിരവധി നിയമങ്ങൾ ഭേദഗതി ചെയ്യേണ്ടതുണ്ട്. ഈ നിയമം സ്വകാര്യ മേഖലയിലേക്കും വ്യാപിപ്പിക്കാൻ ഞങ്ങളുടെ യൂണിയൻ ആഗ്രഹിക്കുന്നു, എന്നാൽ, നിയമനിർമ്മാണ പാത ദൈർഘ്യമേറിയതും കൂടുതൽ സങ്കീർണ്ണവുമായിരിക്കും."

ഏതായാലും സ്വകാര്യമേഖലയില്‍ കൂടി ഭാവിയില്‍ ഇത് നടപ്പിലാക്കുമെന്ന പ്രതീക്ഷയിലാണ് അവിടെ പലരും. 
 

click me!