താലിബാൻ ഭരണത്തിൽ അഫ്‌ഗാനിസ്ഥാനിലെ സ്ത്രീ ലൈംഗിക തൊഴിലാളികളുടെ ഭാവി

By Web TeamFirst Published Aug 16, 2021, 3:13 PM IST
Highlights

വിവാഹേതര ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെട്ടാൽ കല്ലെറിഞ്ഞു കൊല്ലുക എന്നതാണ് താലിബാൻ കല്പിക്കുന്ന ഒരേയൊരു ശിക്ഷ

തൊണ്ണൂറുകളിൽ താലിബാൻ അധികാരത്തിലേറും മുമ്പ്, എഴുപതുകളിലൊക്കെ അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾ നയിച്ചിരുന്ന അടിപൊളി ജീവിതം അന്നത്തെ പല ചിത്രങ്ങളുടെ രൂപത്തിൽ ഇപ്പോൾ വീണ്ടും വൈറലാവുകയാണ്. 1994 -ൽ താലിബാൻ ഭരണത്തിലേറിയപാടെ അതെല്ലാം തകർന്നടിഞ്ഞു എന്നും, സ്ത്രീകൾ കണ്ണുകൾ മാത്രം പുറത്തുകാണും വിധത്തിലുള്ള വസ്ത്രങ്ങളിലേക്ക് അടിച്ചമർത്തപ്പെട്ടു എന്നുമൊക്കെയുള്ള വാർത്തകളാണ് പിന്നീട് പുറത്തുവന്നത്. അതിനു പിന്നാലെ 2001 താലിബാന്റെ പതനമുണ്ടാവുകയും, അമേരിക്ക പ്രതിഷ്ഠിച്ച പാവ സർക്കാർ താലിബാൻ ചെയ്ത ദോഷങ്ങൾ പലതും ഇല്ലാതാക്കി, സ്ത്രീകൾ വീണ്ടും സ്‌കൂളുകളിലേക്കും തൊഴിലിടങ്ങളിലേക്കും തിരികെയെത്തി ഇന്നുമായി പിന്നെ പ്രചരിച്ച വാർത്തകൾ. ഇപ്പോഴിതാ വീണ്ടും സ്ത്രീകളെ ഭീതിയിലാഴ്ത്തി താലിബാൻ തിരികെ വരികയാണ്. ഇക്കണ്ട കാലമത്രയും, വാർത്തകളിൽ ഒന്നും ഇടം പിടിക്കാതെ പോയ ഒരു കൂട്ടരുണ്ട് അഫ്ഗാനിസ്ഥാനിൽ. അത് അവിടെ ഏറെ രഹസ്യമായി പ്രവർത്തിച്ചു പോരുന്ന ലൈംഗിക തൊഴിലാളികളാണ്.

അഫ്ഗാനിസ്ഥാനിലും ലൈംഗിക തൊഴിലാളികളുണ്ടോ എന്ന് അതിശയിക്കേണ്ട. മനുഷ്യർ എവിടെയൊക്കെ ഉണ്ടോ അവിടെ ലൈംഗിക തൊഴിലും നടക്കുന്നുണ്ട് എന്നാണ് പറയുക. അഫ്ഗാനിസ്ഥാനും അതിന് അപവാദമല്ല. പതിറ്റാണ്ടുകൾ നീണ്ടുനിന്ന യുദ്ധവും, അനുദിനം വർധിച്ചുവരുന്ന ദാരിദ്ര്യവും ചേർന്ന് അവിടത്തെ സ്ത്രീകളിൽ ചിലരെയെങ്കിലും, നിലനില്പിനായി ലൈംഗിക തൊഴിൽ തിരഞ്ഞെടുക്കാൻ നിർബന്ധിതരാക്കിയിട്ടുണ്ട്. ഗാർഡിയൻ അടുത്തിടെ പുറത്തുവിട്ട അവരിൽ ചിലരുടെ ജീവിതകഥ ആരെയും കണ്ണീരണിയിക്കുന്നതാണ്. 

സൈനബ് തന്റെ ആദ്യ ക്ലയന്റിനെ കണ്ടുമുട്ടുന്നത് രണ്ടു വർഷം മുമ്പാണ്.അന്ന് വെറും പതിനെട്ടുവയസ്സുമാത്രം പ്രായമുണ്ടായിരുന്ന അവളുടെ ശരീരത്തിൽ അയാൾ തന്റെ ഭാവനയിലുള്ള ലൈംഗിക വൈകൃതങ്ങൾ എല്ലാം പരീക്ഷിച്ചു തീർത്തപ്പോൾ, അവൾ അറിയാതെ കഴിപ്പിച്ച മയക്കുമരുന്നിന്റെ മയക്കത്തിലായിരുന്നു. ബലാത്സംഗം തുടങ്ങുമ്പോഴേക്കും അവൾ അബോധാവസ്ഥയിലേക്ക് വഴുതി വീണുകഴിഞ്ഞിരുന്നു. 

സൈനബ് സമ്മതിച്ചിട്ടു തന്നെയാണ് അന്ന് ആ പുരുഷൻ ലൈംഗികതയ്ക്കായി അവളെ സമീപിച്ചത്. കുറച്ചു മദ്യം അകത്താക്കിയാൽ വിശേഷിച്ചൊന്നും തോന്നില്ല എന്ന ഉപദേശം അനുസരിച്ചാണ് അവൾ മദ്യപിക്കുന്നത്. അതിൽ അവളെ അബോധത്തിന്റെ ഇടനാഴികളിലേക്ക് നയിക്കുന്ന മറ്റെന്തൊക്കെയോ മയക്കുമരുന്നുകൾ കൂടി കലർത്തപ്പെട്ടിട്ടുണ്ടായിരുന്നു. അയാൾ പോയി പിന്നെയും എത്രയോ നേരം കഴിഞ്ഞാണ് സൈനബ് മയക്കം വിട്ടുണരുന്നത്. ദേഹമാസകലം എല്ലുമുറിയുന്ന വേദന. മനസ്സിലാണെങ്കിൽ അടക്കാനാവാത്ത കുറ്റബോധം. എന്നാൽ, അന്നത്തെ ആ ലൈംഗിക വൃത്തി സൈനബിനെ ജീവിതത്തിലെ അവസാനത്തേതായിരുന്നില്ല.

 

 

ലൈംഗിക തൊഴിൽ തുടരാതിരിക്കാൻ നിവൃത്തിയുണ്ടായിരുന്നില്ല എന്നാണ് അവൾ പറയുന്നത്. അഫ്ഗാനിസ്ഥാനിൽ, താലിബാന് മുമ്പും പിൻപും ലൈംഗിക തൊഴിൽ വിലക്കപ്പെട്ട ഒരു ജോലി തന്നെയാണ്. എന്നാൽ, യുദ്ധം, അത് കാരണമുണ്ടായ കൊടിയ പട്ടിണി, ക്ഷാമം - സാഹചര്യങ്ങൾ വളരെ മോശമായപ്പോൾ, ജീവൻ നിലനിർത്താൻ ഒരു നേരമെങ്കിലും ഭക്ഷണത്തിനുള്ള വക കണ്ടെത്താൻ പല യുവതികൾക്കും മുന്നിലുണ്ടായിരുന്ന അവസാനത്തെ അവസരമായിരുന്നു സ്വന്തം ദേഹം വിറ്റും കാശുണ്ടാക്കുക എന്നത്. നാട്ടിലെ നിയമം മൂലം നിരോധിക്കപ്പെട്ട ഒരു തൊഴിൽ ആയിരുന്നിട്ടും, പിടിക്കപ്പെട്ടാൽ കല്ലെറിഞ്ഞു കൊല്ലാൻ വരെ സാധ്യതയുണ്ടായിരുന്നിട്ടും, ആ യുവതികളിൽ പലരും അത് തിരഞ്ഞെടുക്കുന്നു. 

ദാരിദ്ര്യം ഒന്നുകൊണ്ടുമാത്രം, ലൈംഗിക തൊഴിലിലേക്ക് കടന്നു ചെല്ലാൻ നിർബന്ധിതരാവുന്ന അഫ്ഗാനി യുവതികളുടെ എണ്ണം നാൾക്കുനാൾ വർധിച്ചു വരികയാണ് എന്നാണ്, അഫ്ഗാനിസ്ഥാനിലെ പല എൻജിഒകളും പറയുന്നത്. ഇങ്ങനെ ചെയ്യുന്നവരിൽ പലരും പ്രവർത്തിക്കുന്നത് സുഹൃത്തുക്കളുടെ വീടുകളും, കോഫീ ഷോപ്പുകളും, ബ്യൂട്ടിപാർലറുകളും ഒക്കെ കേന്ദ്രീകരിച്ചുകൊണ്ടാണ്. 

സ്‌കൂൾ പഠനം പാതിവഴി നിർത്തി വീട്ടുജോലിക്ക് ഇറങ്ങിയതാണ് സൈനബ്. അച്ഛന്റെ അകാലമരണത്തിനു ശേഷം അഞ്ചു സഹോദരങ്ങളെയും പോറ്റി വളർത്തിയിരുന്നത് അവളാണ്. ഒരിക്കൽ സൈനബിനെ അനുജൻ അസുഖം മൂർച്ഛിച്ച് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെട്ടപ്പോൾ അവൾ സാമ്പത്തിക സഹായം തേടി, താൻ ജോലിചെയ്തിരുന്ന വീട്ടിലെ ഗൃഹനാഥനെ ചെന്ന് കാണുന്നു. " തല്ക്കാലം, എന്റെ കയ്യിൽ പണമൊന്നുമില്ല തരാൻ. നീ ഒന്ന് മനസ്സുവെച്ചാൽ വേറെ ഒരു മാർഗമുണ്ട്. ഞാൻ ഒരാളെ നിനക്ക് പരിചയപ്പെടുത്താം. നീയൊരു കന്യകയല്ലേ. അയാൾക്ക് വേണ്ടത് നീ കൊടുത്താൽ അയാൾ നിനക്ക് വേണ്ടത്ര പണം തരും." എന്നാണ് അയാൾ പറഞ്ഞത്. അപ്പോഴാണ് തന്റെ മുതലാളി നടത്തിക്കൊണ്ടിരുന്ന അണ്ടർ ഗ്രൗണ്ട് വേശ്യാലയത്തെപ്പറ്റി സൈനബ് അറിയുന്നത്. 

ഇപ്പോൾ ഇരുപതുവയസ്സുളള സൈനബ്, ഇന്നും തന്റെ മുതലാളി വഴിക്ക് വരുന്ന രണ്ടോ മൂന്നോ ക്ലയന്റുകളെ ദിവസവും കാണാറുണ്ട്. "അച്ഛൻ മരിച്ചപ്പോൾ എനിക്ക് 13 വയസ്സാണ്. അമ്മയും കിടപ്പിലായിരുന്നു. എന്റെ വീട്ടു ജോലിയിൽ നിന്ന് കിട്ടിയിരുന്ന പണം ഒന്നിനും തികഞ്ഞിരുന്നില്ല. എനിക്കുമുന്നിൽ വേറെ വഴിയൊന്നും ഉണ്ടായിരുന്നില്ല" സൈനബ് പറഞ്ഞു. 

തന്റെ കക്ഷികളിൽ പലരും ചെറുപ്പക്കാർ തന്നെയാണ് എന്ന് സൈനബ് പറഞ്ഞു. പലരും കോണ്ടം ഉപയോഗിക്കാറില്ല എന്നും, ഗർഭ നിരോധന കുത്തിവെപ്പുകൾ എടുത്ത് ഗർഭമുണ്ടാവാതെ നോക്കുന്നുണ്ടെങ്കിലും, ഗുഹ്യരോഗങ്ങൾ വരുമോ എന്ന ഭയം സദാ അലട്ടുന്നുണ്ട് എന്നും സൈനബ് പറഞ്ഞു. നാട്ടിലെ ലൈംഗിക തൊഴിലിൽ ഏർപ്പെട്ടിട്ടുളള പല സ്ത്രീകൾക്കും സിഫിലിസും, ഗോണേറിയയും മറ്റു ലൈംഗിക രോഗങ്ങളും ഉണ്ടെന്നും അവൾ പറയുന്നു. 

 

 

തന്നെപ്പോലെ ഉള്ള സ്ത്രീകൾ ലൈംഗിക വൃത്തിയിലേക്ക് നീങ്ങാൻ നിര്ബന്ധിതരാവുന്നത് നിലവിലെ സർക്കാരുകളുടെ വീഴ്ചയായിട്ടാണ് സൈനബ് കാണുന്നത്. ഗവണ്മെന്റിന്റെ ഭാഗത്തുനിന്ന് പുനരധിവാസത്തിനോ, സാമ്പത്തിക സഹായത്തിനോ ഉള്ള ഒരു നടപടികളും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല എന്നും സൈനബ് പറഞ്ഞു. പല സ്ത്രീകൾക്കും ജീവിക്കാൻ വകയില്ലാതെ അവർ പിച്ച തെണ്ടാൻ തെരുവിലേക്ക് ഇറങ്ങുകയും അവിടെ അവരെ ചൂഷണം ചെയ്യാൻ തയ്യാറെടുത്തു നില്ക്കുന്ന ലൈംഗിക തൊഴിൽ സംഘങ്ങളുടെ വലയിൽ അകപ്പെട്ട് തൊഴിലിന് ഇറങ്ങുകയുമാണ് ഉണ്ടാവുന്നത്.

ഇപ്പോൾ താലിബാന്റെ അധികാരത്തിലേക്കുള്ള തിരിച്ചുവരവ് അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ സാമൂഹികവും, സാമ്പത്തികവുമായ പ്രയാസങ്ങൾ ഇരട്ടിപ്പിക്കും എന്നുറപ്പാണ്. താലിബാൻ  തിരിച്ചു വരുന്നതോടെ ലൈംഗിക തൊഴിലിനുള്ള വഴി കൂടി പൂർണമായും അടയും എന്നുറപ്പാണ്. നഗരത്തിൽ ഖാലകൾ എന്നറിയപ്പെടുന്ന 25-30 വേശ്യാലയങ്ങൾ എങ്കിലും പ്രവർത്തിക്കുന്നുണ്ട് എന്നാണ് അനൗദ്യോഗിക കണക്ക്. അഫ്ഗാനിസ്ഥാനിൽ സ്ത്രീ ലൈംഗിക തൊഴിലാളികൾ അറിയപ്പെടുന്നത് ഖരാബാത്തി എന്നാണ്. അവരെ നിയന്ത്രിക്കുന്ന നടത്തിപ്പുകാരികൾ ഖാലാ- ഖരാബാത്തി എന്നും അറിയപ്പെടും. ഖാലാദാറുകൾ എന്നറിയപ്പെടുന്ന പിമ്പുകളാണ് ഇവർക്ക് വേണ്ട ക്ലയന്റുകളെ കൊണ്ട് ചെന്നെത്തിച്ചു കൊടുക്കുന്നത്. 

ടാക്സിയിൽ മുഹറം എന്നറിയപ്പെടുന്ന ഒരു അടുത്ത പുരുഷ ബന്ധു ഇല്ലാതെ യാത്ര ചെയ്യുന്നതിന് അഫ്ഗാനിസ്ഥാനിൽ വിലക്കുണ്ട്. അതുകൊണ്ടുതന്നെ ടാക്സികളിൽ ലൈംഗിക വൃത്തിക്കായി യാത്ര ചെയ്യേണ്ടി വരുന്ന അഫ്ഗാൻ യുവതികൾ ഒപ്പം 6-9 വയസ്സ് പ്രായമുള്ള ഒരു ആൺകുട്ടിയെക്കൂടി കൊണ്ട് നടക്കാറുണ്ട്. ഇങ്ങനെ കൂടെ പോവേണ്ടി വരുന്ന കുട്ടികളും, ചെന്നുപെടുന്ന അപരിചിത ഗൃഹങ്ങളിൽ വെച്ച്, അവിടെയുള്ള പുരുഷന്മാരിൽ പലപ്പോഴും ലൈംഗികകൃത്യങ്ങൾക്ക് നിര്ബന്ധിതരാവുന്ന, ബലാത്സംഗം ചെയ്യപ്പെടുന്ന സാഹചര്യം കൂടി ഇന്ന് അഫ്ഗാനിസ്ഥാനിൽ ഉണ്ട്. 

ലൈംഗിക തൊഴിലിൽ ഏർപ്പെടുന്ന സ്ത്രീകൾ ഇത്തരത്തിലുള്ള ഖാലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനുള്ള മറ്റൊരു കാരണം, അല്ലെങ്കിൽ അവരെ താലിബാന് ഒറ്റുകൊടുക്കപ്പെടും എന്നുള്ളതാണ്. താലിബാൻ വിവാഹേതര ലൈംഗിക ബന്ധങ്ങളെ സെന എന്നാണു വിളിക്കുന്നത്. അതിലേർപ്പെടുന്ന സ്ത്രീകളെ, അവർ വിവാഹിതരാണെങ്കിൽ കല്ലെറിഞ്ഞു കൊല്ലുക എന്നതാണ് താലിബാന്റെ നിയമത്തിലുള്ള ഒരേയൊരു ശിക്ഷ. അവിവാഹിതരായ യുവതികൾ ആണെങ്കിൽ കല്ലെറിഞ്ഞു കൊല്ലില്ല എന്നതുകൊണ്ട് പലപ്പോഴും അത്തരത്തിൽ ഒരു തിരിച്ചറിയൽ കാർഡ് കൂടി ഈ സ്ത്രീകൾ കയ്യിൽ കരുതാറുണ്ട്. 

ഒരാളിൽ നിന്ന് ഏതാണ്ട് രണ്ടായിരം അഫ്ഗാനി രൂപയാണ്  ഈ സ്ത്രീ ലൈംഗികതൊഴിലാളികളിൽ പലർക്കും കിട്ടുക. നമ്മുടെ നാട്ടിലെ ഏകദേശം 1800 രൂപ. അതിന്റെ അറുപതു ശതമാനത്തിൽ അധികവും കൊണ്ടുപോവുന്നത് ഈ പിമ്പുകളും, വേശ്യാലയം നടത്തിപ്പുകാരായ മുതിർന്ന സ്ത്രീകളും ചേർന്നാണ്. താലിബാനെക്കുറിച്ചുള്ള പേടി നാട്ടിൽ ലൈംഗിക വ്യാപാരത്തിന്റെ തോത് കുറച്ചിട്ടുണ്ട്. അതോടെ അഫ്ഗാനിസ്ഥാനിൽ ഈ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകൾ കടും പട്ടിണിയെ മുഖാമുഖം കാണുന്ന അവസ്ഥയാണുള്ളത്. 


 

click me!