
മക്കൾക്ക് വിവാഹ സമ്മാനമായി പല മാതാപിതാക്കളും വില കൂടിയ പലതും നൽകാറുണ്ട്. എന്നാൽ, ആരെങ്കിലും സ്വന്തം മകൾക്ക് വിവാഹ സമ്മാനമായി ബുൾഡോസർ സമ്മാനിക്കുന്നത് കണ്ടിട്ടുണ്ടോ? ഉത്തർ പ്രദേശിലെ ഒരു പിതാവ് എന്നാൽ സ്വന്തം മകൾക്കും അവളുടെ വരനും വിവാഹ സമ്മാനമായി ഒരു ബുൾഡോസർ സമ്മാനിച്ചു.
സൈനികനായി വിരമിച്ച പരശുറാം പ്രജാപതി എന്നയാളാണ് മകളുടെ വിവാഹത്തിന് സമ്മാനമായി ബുൾഡോസർ നൽകിയത്. മകൾ നേഹയുടെ വിവാഹദിവസം തന്നെയാണ് സമ്മാനം നൽകിയിരിക്കുന്നത്. മകൾക്കും വരനായ യോഗേന്ദ്ര എന്ന യോഗിക്കും വിവാഹ സമ്മാനമായിട്ടാണ് പരശുറാം പ്രജാപതി ഇത് സമ്മാനിച്ചത്.
ഏതായാലും വ്യത്യസ്തമായ വിവാഹസമ്മാനത്തിന്റെ വാർത്ത സാമൂഹിക മാധ്യമങ്ങളിൽ അതിവേഗം ചർച്ചയായി. നേഹയുടെ വരൻ സൗങ്കർ സ്വദേശിയായ യോഗേന്ദ്ര ഒരു നേവി ഉദ്യോഗസ്ഥനാണ്. എന്നാലും എന്തിനായിരിക്കും അല്ലേ പിതാവ് മകൾക്ക് വിവാഹ സമ്മാനമായി ഒരു ജെസിബി സമ്മാനിച്ചത്? പരശുറാം പ്രജാപതിക്ക് അതിന് വ്യക്തമായ ഉത്തരമുണ്ട്. തന്റെ മകൾ നേഹ യുപിഎസ്‍സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നുണ്ട്. ഇനി എങ്ങാനും പരീക്ഷയിൽ പരാജയപ്പെട്ടാൽ ഈ ജെസിബി അവൾക്ക് ഒരു ഉപജീവന മാർഗമായി മാറും എന്ന് കരുതിയാണ് ഇത് സമ്മാനിച്ചത് എന്നാണ് അച്ഛൻ പറയുന്നത്.
പരശുറാം പ്രജാപതിയുടെ മരുമകനായ യോഗേന്ദ്ര പറയുന്നത്, മറ്റുള്ളവർക്ക് തൊഴിലിനുള്ള അവസരങ്ങൾ സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയാണ് തന്റെ അമ്മായിഅച്ഛൻ അങ്ങനെ ഒരു വിവാഹസമ്മാനം നൽകിയത് എന്നാണ്. വിവാഹദിനമായ ഡിസംബർ 15 -നാണ് അമ്മായിഅച്ഛൻ തങ്ങൾക്ക് ഈ വിവാഹ സമ്മാനം നൽകുന്നത്. ഇത് തങ്ങളുടെ ജില്ലയിൽ ഒരു പുതിയ സംരഭമായി മാറും എന്നും യോഗേന്ദ്ര പറഞ്ഞു.