ഇണചേരാന്‍ ശല്യം ചെയ്യുന്ന ആണുങ്ങളെ എറിഞ്ഞോടിക്കുന്നു, ഈ പെണ്‍മൃഗം!

By Web TeamFirst Published Aug 31, 2021, 7:49 PM IST
Highlights

താല്‍പര്യമില്ലെങ്കിലും സ്ത്രീകളുടെ പുറകെ നടന്ന് ശല്യപ്പെടുത്തുന്ന ആണുങ്ങളുണ്ട്. തങ്ങളെ സ്‌നേഹിക്കാത്തതിന്റെ പേരില്‍ സ്ത്രീകളെ  കൊന്നുകളയാന്‍ പോലും അക്കൂട്ടര്‍ മടിക്കാറില്ല. എന്നാല്‍ ഇങ്ങനെ പുറകെ നടക്കുന്ന സ്വഭാവരീതി മനുഷ്യര്‍ക്കിടയില്‍ മാത്രമല്ല, മൃഗങ്ങള്‍ക്കിടയിലും ഉണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.

താല്‍പര്യമില്ലെങ്കിലും സ്ത്രീകളുടെ പുറകെ നടന്ന് ശല്യപ്പെടുത്തുന്ന ആണുങ്ങളുണ്ട്. തങ്ങളെ സ്‌നേഹിക്കാത്തതിന്റെ പേരില്‍ സ്ത്രീകളെ  കൊന്നുകളയാന്‍ പോലും അക്കൂട്ടര്‍ മടിക്കാറില്ല. എന്നാല്‍ ഇങ്ങനെ പുറകെ നടക്കുന്ന സ്വഭാവരീതി മനുഷ്യര്‍ക്കിടയില്‍ മാത്രമല്ല, മൃഗങ്ങള്‍ക്കിടയിലും ഉണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍, ഇവരുടെ കളി പെണ്‍നീരാളികളോട് വേണ്ട എന്നാണ് പുതിയ പഠനം വെളിപ്പെടുത്തുന്നത്. ശല്യം ചെയ്യാനെത്തുന്ന ആണുങ്ങള്‍ക്ക് നേരെ പെണ്‍ നീരാളികള്‍ ചെളിയും പായലും ഷെല്ലുകളും ശക്തിയോടെ വലിച്ചെറിയുന്നതായി സിഡ്നി സര്‍വകലാശാലയിലെ  ഗവേഷകര്‍ അടുത്തിടെ കണ്ടെത്തി.  

 2015 മുതല്‍ ന്യൂ സൗത്ത് വെയില്‍സിന്റെ തെക്കന്‍ തീരത്തുള്ള നീരാളികളെക്കുറിച്ച് പഠിച്ചുവരികയായിരുന്നു ഈ ഗവേഷകര്‍. വെള്ളത്തിനടിയിലുള്ള ക്യാമറകളില്‍ പെണ്‍ നീരാളികളുടെ പ്രവര്‍ത്തനം അവര്‍ റെക്കോര്‍ഡ് ചെയ്തു. കൈകളില്‍ തന്ത്രപരമായി ശേഖരിച്ച ഷെല്ലുകളും പായലും ചെളിയും പെണ്‍ നീരാളികള്‍ പുറംതള്ളുന്നതിന്റെ ദൃശ്യങ്ങള്‍ അതില്‍ ഗവേഷകര്‍ കണ്ടു. 

 

 

ഇണചേരാന്‍ അടുത്ത് വരുന്ന ആണുങ്ങള്‍ക്ക് നേരെയാണ് അവ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത്. സാധാരണയായി സ്ത്രീകളാണ് ഈ രീതിയില്‍ സാധനങ്ങള്‍ കൂടുതലും വലിച്ചെറിയുന്നതെന്ന് അവര്‍ പറയുന്നു.  

2016 ഡിസംബറില്‍, ഒരു പെണ്‍ നീരാളി 10 തവണ ഇതുപോലെ സാധനങ്ങള്‍ വലിച്ചെറിഞ്ഞതായി അവര്‍ കണ്ടു. അതില്‍ അഞ്ചെണ്ണം അടുത്ത മാളത്തില്‍ താമസിക്കുന്ന ഒരു ആണിന്റെ മേലാണ് ചെന്ന് വീണത്. ആ ആണ്‍ നീരാളി അവളുമായി ഇണചേരാന്‍ പലതവണ ശ്രമിച്ചിരുന്നെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഏറു കൊണ്ട പുരുഷന്റെ പെരുമാറ്റത്തിലും മാറ്റം ശ്രദ്ധേയമാണ്. നാല് സന്ദര്‍ഭത്തിലും ഏറിനു ഫലമുണ്ടായി. ഏറു കിട്ടിയതും ആണ്‍ നീരാളി കുഴഞ്ഞു വീണു. ആദ്യ രണ്ട് പ്രാവശ്യം, എറിഞ്ഞതിന് ശേഷം ആണ്‍ നീരാളി തല കുനിച്ചു. പിന്നീടുള്ള രണ്ട് പ്രാവശ്യം ഏറു കിട്ടുന്നതിന് മുന്‍പേ തലകുനിച്ചു.  

എന്നാല്‍ ആണ്‍ നീരാളികള്‍ തിരിച്ച് ചെളിയോ ഷെല്ലുകളോ എറിയുന്നതായി കാണാന്‍ സാധിച്ചില്ല. bioRxiv ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. വസ്തുക്കള്‍ എറിയുന്നത് മൃഗങ്ങളില്‍ ഒരു സാധാരണ സ്വഭാവമല്ല. കുരങ്ങുകളും, ആനകളും, മംഗൂസുകളും, പക്ഷികളും അങ്ങനെ ചെയ്യുന്നതായി കാണാമെങ്കിലും, മറ്റ് മൃഗങ്ങളില്‍ ഈ സ്വഭാവസവിശേഷത കണ്ടെത്താന്‍ പ്രയാസമാണ്. എറിയുന്നത് സാധാരണയായി മനുഷ്യ പ്രകൃതമായി കണക്കാക്കപ്പെടുന്നു.  

click me!