5 -ാം ക്ലാസിലെ 4 പേരെ കാണാനില്ല, പോയത് 150 കിമി അപ്പുറം ചൗമിൻ കഴിക്കാൻ, തിരികെയെത്തിയത് പിറ്റേന്ന്

By Web TeamFirst Published Mar 17, 2024, 1:15 PM IST
Highlights

കഥ കേട്ടതോടെ എല്ലാവർക്കും ആ ചൗമിൻ കഴിക്കണമെന്ന മോഹമായി. അങ്ങനെയാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. പോകാൻ കാശ് വേണമല്ലോ? ഉരുളക്കിഴങ്ങ് വിറ്റും ബാറ്റ്-ബോൾ സെറ്റ് വിറ്റും 500 രൂപ സംഘടിപ്പിച്ചു. സ്കൂളിന്റെ പുറത്ത് നിന്നും ഒരു ട്രക്കിൽ കയറിയാണ് ഫിറോസാബാദിൽ എത്തിയത്.

കുട്ടിക്കാലത്ത് നമ്മളൊക്കെ എന്തൊക്കെ വികൃതികളൊപ്പിച്ചിരിക്കും? മിക്കവാറും വീട്ടുകാർക്ക് തലവേദനയുണ്ടാക്കുന്ന തരം കുരുത്തക്കേടുകളും നമ്മള് കാണിച്ചിട്ടുണ്ടാകും. പക്ഷേ, ഉത്തർ പ്രദേശിൽ നിന്നുള്ള ഈ നാല് കുട്ടികൾ ശരിക്കും അവരുടെ വീട്ടുകാരെയും അധ്യാപകരേയും തീ തീറ്റിച്ചു കളഞ്ഞു. 

മാർച്ച് ആറിനാണ് സംഭവം നടന്നത്. അഞ്ചാം ക്ലാസിൽ പഠിക്കുന്ന 11 വയസ്സുകാരായ നാല് ആൺകുട്ടികളെ കാണാനില്ല. അധ്യാപകരും വീട്ടുകാരും എല്ലാം പേടിച്ചു പോയി. കുട്ടികൾ എങ്ങോട്ട് പോയി എന്നതിനെ കുറിച്ച് യാതൊരു തുമ്പും കിട്ടാതായതോടെ ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ, കുട്ടികൾ എന്തിന് എങ്ങോട്ട് പോയി എന്നറിഞ്ഞപ്പോഴാണ് എല്ലാവരും ശരിക്കും അന്തംവിട്ടു പോയത്. 

150 കിലോമീറ്റർ യാത്ര ചെയ്ത് ഫിറോസാബാദിലെ ഒരു കടയിൽ നിന്നും ചൗമിൻ കഴിക്കാൻ പോയതാണ് ഈ കുട്ടിപ്പട്ടാളം. കൂട്ടത്തിൽ ഒരാളുടെ ആന്റിയുടെ വീട് ഫിറോസാബാദിലായിരുന്നത്രെ. ആ വീട്ടിൽ പോയപ്പോൾ അവൻ അവിടെയുള്ളൊരു കടയിൽ നിന്നും ചൗമിൻ കഴിച്ചിട്ടുണ്ട്. അത് അവന് നല്ലോണം ഇഷ്ടമാവുകയും ചെയ്തു. തിരികെ എത്തിയ കുട്ടി തന്റെ മൂന്ന് കൂട്ടുകാരോട് ഇതിന്റെ രുചി മാഹാത്മ്യത്തെ കുറിച്ച് വിവരിക്കുകയും ചെയ്തു. 

കഥ കേട്ടതോടെ എല്ലാവർക്കും ആ ചൗമിൻ കഴിക്കണമെന്ന മോഹമായി. അങ്ങനെയാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. പോകാൻ കാശ് വേണമല്ലോ? ഉരുളക്കിഴങ്ങ് വിറ്റും ബാറ്റ്-ബോൾ സെറ്റ് വിറ്റും 500 രൂപ സംഘടിപ്പിച്ചു. സ്കൂളിന്റെ പുറത്ത് നിന്നും ഒരു ട്രക്കിൽ കയറിയാണ് ഫിറോസാബാദിൽ എത്തിയത്. അങ്ങനെ ആ കടയിൽ കയറി ചൗമിനും ബിസ്ക്കറ്റും നംകീനും ഒക്കെ കഴിച്ചു. എന്നാൽ, തിരികെ വരാൻ ആയപ്പോഴേക്കും കയ്യിലെ കാശ് തീർന്നു. അങ്ങനെ നാൽവർ സംഘം ബസിൽ കയറി കണ്ടക്ടറോട് ഉള്ള കാര്യം പറയാൻ തീരുമാനിച്ചു. 

കുട്ടികൾ തന്നെയാണ് കണ്ടക്ടറോട് അധികൃതരെ വിവരം അറിയിക്കാൻ പറഞ്ഞതത്രെ. അങ്ങനെ കണ്ടക്ടർ ഔറയ്യ ടോൾ പ്ലാസയിലെത്തിയപ്പോൾ കുട്ടികളെ അവിടെ ഇറക്കുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. അങ്ങനെ പൊലീസ് പിറ്റേദിവസമായപ്പോഴേക്കും കുട്ടികളെ വീട്ടിലെത്തിച്ചു. അതോടെയാണ് വീട്ടുകാരുടെ ശ്വാസം നേരെ വീണത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!