എലിസബത്ത് രാജ്ഞിയായി നിരവധി നടിമാര്‍, എന്നാല്‍ രാജ്ഞി അഭിനയിച്ചത് ജെയിംസ് ബോണ്ട് ഗേളായി!

By P R VandanaFirst Published Sep 10, 2022, 5:03 PM IST
Highlights

ശ്രവ്യ മാധ്യമത്തിന് പുറമെ ദൃശ്യ മാധ്യമങ്ങളും ഡോക്യുമെന്ററിയും പിന്നീട് സാമൂഹിക മാധ്യമങ്ങളും നന്നായി ഉപയോഗപ്പെടുത്താന്‍ എലിസബത്ത് രാജ്ഞിക്ക് കഴിഞ്ഞിരുന്നു. മാധ്യമങ്ങളുടെ അമിതോത്സാഹം തലവേദന ആയപ്പോഴും കാലത്തിന്റെ മാറുന്ന വേഗത തിരിച്ചറിയാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. 

ഇനി പറയാന്‍ പോകുന്നത് സാക്ഷാല്‍ എലിസബത്ത് രാജ്ഞി അഭിനയിച്ചതിനെ പറ്റി. ലണ്ടന്‍ ഒളിമ്പിക്‌സ് ഉദ്ഘാടനച്ചടങ്ങില്‍ റാണി എത്തിയത് സാക്ഷാല്‍ ജെയിംസ് ബോണ്ട് ഗേളായി.

 

 

ഏഴ് പതിറ്റാണ്ട് ബ്രിട്ടന്റെ ഭരണാധികാരിയായിരുന്നു എലിസബത്ത് രാജ്ഞി. ലോകത്തെ ഏറ്റവും പ്രശസ്തമായ അധികാര മുഖങ്ങളില്‍ ഒന്ന്. രാഷ്ട്രീയ രംഗത്തിന് പുറമെ രാജ്യത്തിന്റെ സാമ്പത്തിക, സാംസ്‌കാരിക, സാങ്കേതിക രംഗങ്ങളിലെ വലിയ ഗതിമാറ്റങ്ങളും കണ്ട ജീവിതം. കൊട്ടാരത്തിന്റെ പാരമ്പര്യവും മാമൂലുകളും പരിപാലിച്ചിരുന്നു അവര്‍. അതേ സമയം കാലത്തിനൊത്ത് മാറാന്‍ മടി കാണിച്ചതുമില്ല. ശ്രവ്യ മാധ്യമത്തിന് പുറമെ ദൃശ്യ മാധ്യമങ്ങളും ഡോക്യുമെന്ററിയും പിന്നീട് സാമൂഹിക മാധ്യമങ്ങളും നന്നായി ഉപയോഗപ്പെടുത്താന്‍ എലിസബത്ത് രാജ്ഞിക്ക് കഴിഞ്ഞിരുന്നു. മാധ്യമങ്ങളുടെ അമിതോത്സാഹം തലവേദന ആയപ്പോഴും കാലത്തിന്റെ മാറുന്ന വേഗത തിരിച്ചറിയാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. 

രാജകുടുംബത്തിന്റെ ജനപ്രീതി ഇടിയുന്നു എന്ന് തോന്നിയ ഘട്ടത്തിലാണ് ബിബിസിയുടെ ഡോക്യുമെന്ററി എത്തുന്നത്.  ഏതൊരു കുടുംബത്തിലേതു പോലെയും ബക്കിങ്ഹാം പാലസില്‍ അവര്‍ അമ്മയും അച്ഛനും മക്കളും കൂടി ജീവിച്ചു പോകുന്നതിന്റെ കാഴ്ചകള്‍ ബ്രിട്ടീഷുകാര്‍ക്ക് ക്ഷ പിടിച്ചിരുന്നു. രാജകുടുംബത്തിന്റെ അസ്പൃശ്യത പോയി എന്ന വിമര്‍ശനത്തിന് അധികം പിന്തുണക്കാര്‍ ഉണ്ടായിരുന്നില്ല. അപ്പോഴും രാജകൊട്ടാരം, രാജാവ്, രാജകുമാരന്‍, രാജ്ഞി, രാജകുമാരി, കൊട്ടാര വിരുന്ന് തുടങ്ങിയ പദങ്ങളെല്ലാം ശീലിച്ച ജീവിതത്തിന്റെ ഭാഗം എന്നതിലും ഉപരി ഏറ്റവും റൊമാന്റിക് ആയ ഭാവനകള്‍ക്കും കഥകള്‍ക്കും സിനിമകള്‍ക്കുമെല്ലാം വഴി തുറക്കുന്നതാണ് എന്നത് അവര്‍ക്ക് അറിയാമായിരുന്നു. അതു കൊണ്ട് തന്നെ കൊട്ടാരക്കഥകള്‍ ആസ്പദമാക്കി വന്ന സിനിമകളിലും ടെലിവിഷന്‍ പരിപാടികളിലും അവര്‍ കൗതുകമൂറിയിരുന്നു. പ്രഗത്ഭരായ കലാകാരിമാരാണ് തിരശ്ശീലയില്‍ എലിസബത്ത് രാജ്ഞിയെ അവതരിപ്പിച്ചത്.

 

 

ആദ്യം പറയേണ്ട പേര് ഹെലന്‍ മിററുടേത്. 2006-ലെ ദ ക്വീന്‍ എന്ന ചിത്രത്തില്‍ എലിസബത്ത് റാണിയായുള്ള പ്രകടനം സാക്ഷാല്‍ എലിസബത്തിനെ തന്നെ ആകര്‍ഷിച്ചു. അതിഗംഭീരമായി എന്ന് ഹെലന്‍ മിററെ അഭിനന്ദിച്ച എലിസബത്ത് രാജ്ഞി അവരെ ബക്കിങ്ഹാം കൊട്ടാരത്തിലെ അത്താഴ വിരുന്നിലേക്ക് ക്ഷണിക്കുകയും ചെയ്തു. ചില ഹോളിവുഡ് സിനിമയുടെ ഷൂട്ടിങ് വന്നു കയറിയതിനാല്‍ വിരുന്നില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല എന്നത് ഹെലന്റെ എക്കാലത്തേയും ദു:ഖങ്ങളില്‍ ഒന്ന്. ഓസ്‌കര്‍, ബാഫ്ത്ത, ഗോള്‍ഡന്‍ ഗ്ലോബ് തുടങ്ങി എണ്ണമറ്റ പുരസ്‌കാരങ്ങളാണ് ക്വീന്‍ ആയുള്ള പകര്‍ന്നാട്ടത്തിന് ഹെലന് കിട്ടിയത്. 

പീറ്റര്‍ മോര്‍ഗന്‍ രചിച്ച് സ്റ്റീഫന്‍ ഫ്രിയേഴ്‌സ് സംവിധാനം ചെയ്ത സിനിമ 1997-ല്‍ ഡയാന കാര്‍ അപകടത്തില്‍ മരിച്ചതിന് ശേഷമുള്ള സമയമാണ് പ്രതിപാദിച്ചത്. പൊതു സമൂഹത്തിന്റെ മനോനില പരിഗണിച്ച് പ്രോട്ടോക്കോള്‍ പറഞ്ഞുള്ള കടുംപിടിത്തം മാറ്റി വെച്ച് അനുശോചനക്കുറിപ്പ് ഇറക്കാനും മറ്റും അന്ന് പ്രധാനമന്ത്രി ആയിരുന്ന ടോണി ബ്ലെയര്‍ റാണിയോട് ആവശ്യപ്പെട്ടിരുന്നു.  ബല്‍മോറലില്‍ നിന്ന് ലണ്ടനിലേക്ക് തിരിച്ചെത്തിയ എലിസബത്ത് റാണി ടെലിവിഷനിലൂടെ ഡയാനക്ക് അനുശോചനം അര്‍പ്പിച്ചിരുന്നു. ഈ കാര്യങ്ങളെല്ലാം പറഞ്ഞ സിനിമ വലിയ ഹിറ്റായിരുന്നു. മാത്രമല്ല, സിനിമ രാജകുടുംബത്തിന്റേയും ടോണി ബ്ലെയറിന്റേയും ജനപിന്തുണ കൂട്ടാനും സഹായിച്ചിരുന്നു. മൈക്കല്‍ ഷീന്‍ ആണ് ടോണി ബ്ലെയര്‍ ആയത്. ഹെലന്‍ മിററിനെ കുറിച്ച് ഒരു കാര്യം കൂടി ഇതിന്റെ കൂട്ടത്തില്‍ പറയണം. ഒന്നാം എലിസബത്ത് റാണിയേയും ഹെലന്‍ അവതരിപ്പിച്ചിട്ടുണ്ട്. 2005-ലെ ടെലിവിഷന്‍ പരന്പരയിലായിരുന്നു അത്. ബ്രിട്ടന്റെ ചരിത്രത്തിലെ രണ്ട് എലിസബത്ത് റാണിമാരേയും അവതരിപ്പിച്ച ഏക അഭിനേത്രിയാണ് ഹെലന്‍. 

 

 

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ കഥകള്‍ ആധുനിക കാലത്തെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ ഏറ്റവും മനോഹരമായും വിജയകരമായും എത്തിച്ച പരമ്പരയായിരുന്നു നെറ്റ്ഫ്‌ലിക്‌സ് അവതരിപ്പിച്ച 'ദ ക്രൗണ്‍'. എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും തമ്മിലുള്ള പ്രണയം., ദാമ്പത്യം, സൗന്ദര്യപ്പിണക്കം പിന്നെ രാജ്ഞി അധികാരമേറ്റെടുക്കുന്ന സാഹചര്യം, ഭരണകാലത്ത് കൈകാര്യം ചെയ്ത നിരവധി രാഷ്ട്രീയ പ്രശ്‌നങ്ങള്‍,  സ്വീകരിച്ച അതിഥികള്‍, നടത്തിയ വിദേശ സന്ദര്‍ശനങ്ങള്‍, സൂയസ് പ്രതിസന്ധി, വിവിധ പ്രധാനമന്ത്രിമാര്‍, മക്കളുടെ വിവാഹവും വിവാഹമോചനവും തുടങ്ങി എല്ലാം ദ ക്രൗണ്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചു. മികച്ച നിര്‍മാണം 'ദ ക്രൗണി'നെ ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ പരമ്പരയാക്കി. സീസണുകള്‍ മാറി വന്നിട്ടും 'ദ ക്രൗണ്‍' ജനപ്രിയതയില്‍ മുന്നില്‍ നിന്നു. 22 എമ്മി പുരസ്‌കാരങ്ങളാണ് 'ദ ക്രൗണ്‍' നേടിയത്. എലിസബത്ത് രാജ്ഞിയുടെ ചെറുപ്പകാലം കൈകാര്യം ചെയ്ത ക്ലെയര്‍ ഫോയ് ആയാലും മധ്യവയസ്സിലെത്തിയ റാണിയെ അവതരിപ്പിച്ച ഒളീവിയ കോള്‍മാന്‍ ആയാലും അഭിനയ മികവ് കൊണ്ട് സാക്ഷാല്‍ റാണിയെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ച പ്രതീതിയുണ്ടാക്കി. രണ്ടു പേരും പുരസ്‌കാര ജേതാക്കളുമായി. ഇനി വരാനിരിക്കുന്ന സീസണില്‍, കൂടുതല്‍ പുതിയ കാലം പരമ്പര പറയുമ്പോള്‍ റാണി ആകുന്നത് ഇമെല്‍ഡ സ്റ്റോന്റണ്‍. 

രണ്ട് കോമഡി ചിത്രങ്ങളില്‍ എലിസബത്ത് രാജ്ഞിയുടെ വേഷം അവതരിപ്പിക്കാന്‍ ജീനെറ്റ് ചാള്‍സിന് അവസരം കിട്ടാന്‍ പ്രധാന കാരണം റാണിയുമായുള്ള രൂപസാദൃശ്യം തന്നെയാണ്. നാഷണല്‍ ലാംപൂണ്‍സ് വെക്കേഷന്‍ സിനിമാ ശ്രേണിയിലെ രണ്ടാമത് ചിത്രം യൂറോപ്യന്‍ വെക്കേഷനിലും (1985) ദ നേക്കഡ് ഗണ്‍ ഫ്രം ദ ഫയല്‍സ് ഓഫ് പോലീസ് സ്‌ക്വാഡ് (1988) എന്ന സിനിമയിലുമാണ് ജീനെറ്റ് ചാള്‍സ് എലിസബത്ത് രാജ്ഞി ആയിട്ടെത്തിയത്. 

എലിസബത്ത് റാണിയുടെ പേരക്കുട്ടിയും കിരീടാവകാശിയുമായ വില്യം രാജകുമാരന്റേയും കേറ്റ് മിഡില്‍ടണിന്റേയും പ്രണയകഥ പറയുന്ന William & Catherine: A Royal Romance എന്ന ടെലിവിഷന്‍ സിനിമയില്‍ ജേയ്ന്‍ അലക്‌സാണ്ടര്‍ ആണ് എലിസബത്ത് രാജ്ഞിയുടെ വേഷത്തില്‍ എത്തിയത്. ജോര്‍ജ് ആറാമന്‍ രാജാവിന്റെ കഥ പറയുന്ന The King's Speech എന്ന സിനിമയില്‍ ആ സമയത്ത് ചെറിയ കുട്ടിയായിരുന്ന എലിസബത്തിന്റെ കഥാപാത്രത്തില്‍ എത്തിയത് ഫ്രേയ വില്‍സണ്‍ എന്ന ബാലതാരം.(രാജാവായി അഭിനയിച്ച കോളിന്‍ ഫിര്‍ത്തിനായിരുന്നു അക്കൊല്ലത്തെ ഓസ്‌കര്‍). A Royal Night Out എന്ന ചിത്രത്തില്‍ യുദ്ധവിജയം ആഘോഷിക്കാന്‍ തെരുവിലെ കൂട്ടത്തിനൊപ്പം ചേരുന്ന ടീനേജുകാരിയായ എലിസബത്ത് രാജകുമാരിയായത് സാറ ഗേഡന്‍. തീര്‍ന്നില്ല, നീവ് കാംപ്‌ബെല്ലും പെനിലോപ് വില്‍ട്ടനും കോമഡി ഫാന്റസി ചിത്രങ്ങളില്‍ എലിസബത്ത് റാണിയായിട്ടെത്തി. ഇനിയുമുണ്ട് കൗതുകം. നടിമാര്‍ മാത്രമല്ല,റാണിയായത് എന്നതു തന്നെ. ഫ്രെഡ് അര്‍മിസെന്‍ നിരവധി ടെലിവിഷന്‍ പരിപാടികളിലാണ് എലിസബത്ത് റാണിയെ അവതരിപ്പിച്ചിട്ടുള്ളത്. 

 

 

ഇതുവരെ പറഞ്ഞത് വിവിധ താരങ്ങള്‍ എലിസബത്ത് രാജ്ഞിയെ അവതരിപ്പിച്ചതിനെ പറ്റി. ഇനി പറയാന്‍ പോകുന്നത് സാക്ഷാല്‍ എലിസബത്ത് രാജ്ഞി അഭിനയിച്ചതിനെ പറ്റി. ലണ്ടന്‍ ഒളിമ്പിക്‌സ് ഉദ്ഘാടനച്ചടങ്ങില്‍ റാണി എത്തിയത് സാക്ഷാല്‍ ജെയിംസ് ബോണ്ട് ഗേളായി. ഡാനിയേല്‍ ക്രെയ്ഗിനൊപ്പം കൊട്ടാരത്തില്‍ നിന്ന് ഇറങ്ങി, സ്റ്റേഡിയത്തിന് മുകളില്‍ പാരച്യൂട്ടില്‍ വന്നിറങ്ങുന്നതായിരുന്നു വീഡിയോ. ക്രേയ്ഗിനൊപ്പം റാണിയായി ആര് അഭിനയിക്കും എന്നത് സസ്‌പെന്‍സ് ആയിരുന്നു. സാക്ഷാല്‍ റാണി തന്നെ എത്തിയത് അന്ന് (ഇന്നും) വലിയ കൗതുകമായി. അത്ഭുതവും. താന്‍ നേരിട്ടെത്തുന്ന കാര്യം മക്കളോടു പോലും അമ്മ പറഞ്ഞില്ലെന്ന് പിന്നീട് ആന്‍ രാജകുമാരി പറയുകയുണ്ടായി.

വ്യക്തിപരമായ അന്തസ്സ് കാത്തുസൂക്ഷിക്കുകയും ഉത്തരവാദിത്തങ്ങള്‍ ഗൗരവത്തോടെ കൈകാര്യം ചെയ്യുകയും അതേസമയം തമാശ പറയുകയും നല്ല പ്രണയിനി ആയിരിക്കുകയും ചെയ്ത സ്ത്രീ ആയിരുന്നു എലിസബത്ത് രാജ്ഞി. അതു കൊണ്ടാണ് കിരീടം നല്‍കുന്ന ഗരിമയേക്കാളും ജനഹൃദയങ്ങളില്‍  ബ്രിട്ടനിലെ ഏറ്റവും പ്രശസ്തയായി തുടരാന്‍ അവര്‍ക്ക് കഴിഞ്ഞത്. 
 

click me!