
1952-ന് ശേഷം ഇതാദ്യമായി 'ഗോഡ് സേവ് ദ കിങ്' എന്ന് ബ്രിട്ടന്റെ ദേശീയ ഗാനം മുഴങ്ങി. എഴുപത്തി മൂന്നാം വയസ്സില്‍ ചാള്‍സ് രാജകുമാരന്‍ ബ്രിട്ടന്റെ ചാള്‍സ് മൂന്നാമന്‍ രാജാവായി. അമ്മ എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തോടെയാണ് മൂത്ത മകന്‍ ചാള്‍സ് രാജാവായത്. ഭരണാധികാരസ്ഥാനത്ത് ചെറിയൊരിട പോലും ശൂന്യത വരാതിരിക്കാനാണ് അത്തരം ഒരു കീഴ് വഴക്കം. ലോകത്ത് ഏറ്റവും കൂടുതല്‍ കാലം കിരീടാവകാശി ആയിരുന്ന ചാള്‍സിന്റെ ഔദ്യോഗികമായ, ഔപചാരികമായ കിരീടധാരണച്ചടങ്ങ് എലിസബത്ത് രാജ്ഞിയുടെ മരണത്തിലുള്ള ദു:ഖാചരണത്തിന് ശേഷമാകും. ബ്രിട്ടനിലെ പുതിയ രാജാവിന്റെ ജീവിതത്തിലെ നാഴികക്കല്ലുകളിലേക്ക്
നവംബര്‍ 14, 1948
ബക്കിങ് ഹാം പാലസില്‍ ചാള്‍സ് രാജകുമാരന്‍ ജനിക്കുന്നു. എലിസബത്ത് രാജകുമാരിയുടേയും ഫിലിപ്പ് രാജകുമാരന്റെയും ആദ്യ സന്താനം. ചാള്‍സ് ഫിലിപ്പ് ആര്‍തര്‍ ജോര്‍ജ് ഓഫ് എഡിന്‍ബ്രോ എന്ന് ഔദ്യോഗിക നാമം. മുത്തച്ഛന്‍ ജോര്‍ജ് ആറാമന്‍ രാജാവിന്റെ രണ്ടാമത് കിരീടാവകാശി.
ഡിസംബര്‍ 15, 1948
ചാള്‍സ് രാജകുമാരന്റെ മാമോദീസ ചടങ്ങ് ബക്കിങ്ഹാം കൊട്ടാരത്തിലെ മ്യൂസിക് റൂമില്‍. കാര്‍മികത്വം വഹിച്ചത് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ്
ഫെബ്രുവരി 6, 1952
ജോര്‍ജ് ആറാമന്‍ രാജാവ് അന്തരിക്കുന്നു. എലിസബത്ത്, രാജ്ഞിയാകുന്നു. മൂന്നാം വയസ്സില്‍ ചാള്‍സ് രാജകുമാരന്‍ ബ്രിട്ടന്റെ കിരീടാവകാശി ആകുന്നു
ജൂണ്‍ 2, 1953
ബ്രിട്ടന്റെ മഹാറാണിയായി എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം. ചാള്‍സ് രാജകുമാരന്‍ ബ്രിട്ടീഷ് രാജകിരീടത്തിന്റെ അനന്തരാവകാശി ആകുന്നു
ജൂലൈ 26, 1958
ഒന്പതാം വയസ്സില്‍ ചാള്‍സ് രാജകുമാരന്‍ ഇരുപത്തി ഒന്നാമത് വെയ്ല്‍സ് രാജകുമാരന്‍ ആകുന്നു
ഏപ്രില്‍ 1962
സ്‌കോട്‌ലന്‍ഡിലെ പ്രശസ്തമായ ബോര്‍ഡിങ് സ്‌കൂള്‍ ഗോര്‍ഡന്‍സ്റ്റൗണില്‍ ചാള്‍സ് ചേരുന്നു. അച്ഛന്‍ ഫിലിപ്പ് രാജകുമാരന്‍ പഠിച്ച സ്‌കൂളാണ് അത്.
1967
ബോര്‍ഡിങ് സ്‌കൂള്‍ പഠനത്തിന് ശേഷം കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ട്രിനിറ്റി കോളേജിലേക്ക്. പുരാവസ്തു ശാസ്ത്രവും നരവംശ ശാസ്ത്രവും ചരിത്രവും പഠനവിഷയങ്ങള്‍
ജൂലൈ 1, 1969
വെയ്ല്‍സ് രാജകുമാരന്‍ ആയി ഔദ്യോഗിക വാഴിക്കല്‍. ചടങ്ങ് ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്തു. വെയ്ല്‍സ് യൂണിവേഴ്‌സിറ്റി കോളേജില്‍ വെല്‍ഷ് പഠിക്കാനായി ഒരു ടേം ചെലവഴിച്ച ശേഷമായിരുന്നു ചടങ്ങ്
1970
ചാള്‍സ് രാജകുമാരന്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടുന്നു. ബിരുദപട്ടം നേടുന്ന ആദ്യ കിരീടാവകാശി
സെപ്തംബര്‍ 1971
അച്ഛന്റെ പാത പിന്തുടര്‍ന്ന് നാവിക സേനയില്‍. നിയന്ത്രിത മിസൈല്‍ നശീകരണ കപ്പലായ HMS Norfolk ഉള്‍പെടെ മൂന്ന് യുദ്ധക്കപ്പലുകളില്‍ സേവനം അനുഷ്ഠിക്കുന്നു.
1974
ജെറ്റ് പൈലറ്റ് ആയി പരിശീലനം നേടിയിട്ടുള്ള ചാള്‍സ് രാജകുമാരന്‍ ഹെലികോപ്ടര്‍ പൈലറ്റായി യോഗ്യത നേടുന്നു. എയര്‍ സ്വാഡ്രണ്‍ വിഭാഗത്തില്‍ ചേരുന്നു. വിമാനവാഹിനിയായ HMS Hermes ഉപയോഗത്തില്‍ പങ്കു ചേരുന്നു.
1976
തീരദേശ മൈന്‍ കണ്ടെത്തല്‍ വാഹനമായ HMS Bronington -ന് നേതൃത്വം നല്‍കുന്നു. റോയല്‍ നേവി വിടും മുമ്പുള്ള സേവനം. നേവിയില്‍ നിന്നുള്ള വരുമാനം കൊണ്ട് സന്നദ്ധ സംഘടന ഫണ്ട് രൂപീകരിക്കുന്നു
ഓഗസ്റ്റ് 27, 1979
ചാള്‍സിന് ഏറെ അടുപ്പമുണ്ടായിരുന്ന വലിയ മാതുലന്‍ മൗണ്ട് ബാറ്റന്‍ പ്രഭു ഐറിഷ് റിപ്പബ്ലിക് ആര്‍മിയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നു. മാനസികമായി ചാള്‍സിന് വലിയ ആഘാതം ഉണ്ടാക്കിയ നിര്യാണം
ജൂലൈ 29, 1981
ഡയാന സ്‌പെന്‍സറുമായി വിവാഹം. 750 ദശലക്ഷം പേര്‍ ടെലിവിഷനിലൂടെ ലോകമാകെ കണ്ട വിവാഹം. സെന്റ് പോള്‍ കത്തീഡ്രലില്‍ നടന്ന വിവാഹം നൂറ്റാണ്ടിലെ വിവാഹമായി വാഴ്ത്തപ്പെട്ടു
ജൂണ്‍ 21, 1982
ചാള്‍സ് ഡയാന ദമ്പതികള്‍ക്ക് ആദ്യത്തെ കുഞ്ഞ് പിറന്നു. വില്യം രാജകുമാരന്‍ അടുത്ത കിരീടാവകാശിയായി
സെപ്തംബര്‍ 15, 1984
ചാള്‍സ് ഡയാന ദമ്പതികള്‍ക്ക് രണ്ടാമത്തെ മകന്‍ പിറന്നു. ഹാരി രാജകുമാരന്‍
മാര്‍ച്ച് 10, 1988
ചാള്‍സും സുഹൃത്തുക്കളും അവധി ആഘോഷിക്കവെ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഹിമപാതം. ചാള്‍സ് പരിക്കുകളില്ലാതെ രക്ഷപ്പെടുന്നു. ചാള്‍സിന്റെ സ്‌നേഹിതരില്‍ ഒരാള്‍ അപകടത്തില്‍ മരിച്ചു.
ഡിസംബര്‍ 9, 1992
ചാള്‍സും ഡയാനയും വേര്‍പിരിയല്‍ പ്രഖ്യാപിക്കുന്നു. അവരുടെ ദാമ്പത്യത്തിലെ പ്രശ്‌നങ്ങള്‍ രാജകുടുംബത്തിലും പൊതു സമൂഹത്തിലും വലിയ ചര്‍ച്ചയായിരുന്നു
ഓഗസ്റ്റ് 28, 1996
ചാള്‍സും ഡയാനയും ഔദ്യോഗികമായി വിവാഹമോചനം നേടുന്നു
ഓഗസ്റ്റ് 31, 1997
പാരീസിലെ വാഹനാപകടത്തില്‍ ഡയാന കൊല്ലപ്പെടുന്നു. മൃതദേഹം ഏറ്റുവാങ്ങാനും ലണ്ടനിലേക്ക് കൊണ്ടു വരാനും ചാള്‍സ് മുന്‍കൈ എടുക്കുന്നു. രാജകീയ ബഹുമതികളോടെ സംസ്‌കാരം നടത്താന്‍ നിര്‍ബന്ധം പിടിക്കുന്നു.
സെപ്തംബര്‍ 6, 1997
ഡയാനയുടെ മൃതദേഹവും വഹിച്ചുള്ള പേടകത്തെ മക്കള്‍ക്കും ഡയാനയുടെ സഹോദരന്‍ ചാള്‍സ് സ്‌പെന്‍സറിനും ഒപ്പം ചാള്‍സും അനുഗമിക്കുന്നു. സംസ്‌കാരച്ചടങ്ങുകളില്‍ പൂര്‍ണമായും പങ്കെടുക്കുന്നു
ഏപ്രില്‍ 9, 2005
വര്‍ഷങ്ങളായി പങ്കാളി ആയിരുന്ന കാമില പാര്‍ക്കര്‍ ബൗള്‍സിനെ ചാള്‍സ് വിവാഹം കഴിക്കുന്നു
ഏപ്രില്‍ 29, 2011
ചാള്‍സിന് പുത്രവധുവായി കേറ്റ് മിഡില്‍ടണ്‍ എത്തുന്നു. വെസ്റ്റ് മിന്‍സ്റ്റര്‍ അബിയില്‍ വില്യം രാജകുമാരനുമായി കേറ്റ് മിഡില്‍ടണിന്റെ വിവാഹം
ജൂലൈ 22, 2013
ചാള്‍സ് ആദ്യമായി മുത്തച്ഛന്‍ ആകുന്നു. വില്യം രാജകുമാരനും കേറ്റ് മിഡില്‍ടണിനും ആദ്യത്തെ കുഞ്ഞ്. ജോര്‍ജ് രാജകുമാരന്‍. 2015ല്‍ ഷാര്‍ലെറ്റ് രാജകുമാരിയും 2018ല്‍ ലൂയി രാജകുമാരനും പേരക്കുട്ടികളായി എത്തുന്നു.
മേയ് 19, 2018
രണ്ടാമത്തെ മകന്‍ ഹാരി രാജകുമാരന്‍ അമേരിക്കന്‍ നടി മേഗന്‍ മാര്‍ക്ക്‌ലെയെ വിവാഹം ചെയ്യുന്നു. വധുവിന്റെ കൈ പിടിച്ച് അള്‍ത്താരയിലേക്ക് നയിച്ചത് ചാള്‍സ് രാജകുമാരന്‍
മേയ് 6, 2019
ചാള്‍സ് രാജകുമാരന്‍ വീണ്ടും മുത്തച്ഛന്‍ ആകുന്നു. ഹാരിക്കും മേഗനും ആര്‍ച്ചി എന്ന മകന്‍ പിറക്കുന്നു. 2021ല്‍ ലിലിബെറ്റ് എന്ന പേരക്കുട്ടി കൂടി എത്തുന്നു
മാര്‍ച്ച് 7, 2021
2020ല്‍ രാജകീയ പദവികള്‍ ഉപേക്ഷിച്ച് അമേരിക്കയില്‍ ജീവിതം തുടങ്ങിയ ശേഷമുള്ള അഭിമുഖത്തില്‍ ഹാരി അച്ഛനെ രൂക്ഷമായി വിമര്‍ശിക്കുന്നു. പാരമ്പര്യത്തിന്റെ ശ്വാസം മുട്ടിക്കുന്ന തടവറയിലാണ് ചാള്‍സെന്ന് ഹാരി. സാമ്പത്തികമായി ഒട്ടും സഹായിച്ചില്ലെന്നും പരാതി
ഏപ്രില്‍ 9, 2021
എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ്, ചാള്‍സ് രാജകുമാരന്റെ പിതാവ് ഫിലിപ്പ് രാജകുമാരന്‍ അന്തരിച്ചു
നവംബര്‍ 30, 2021
ബാര്‍ബഡോസ് റിപ്പബ്ലിക് ആകുന്ന ചടങ്ങില്‍ ചാള്‍സ് രാജകുമാരന്‍ പങ്കെടുക്കുന്നു
ജൂണ്‍ 2022
പ്രായവും രോഗവും കാരണം രാജ്ഞിയുടെ കൂടുതല്‍ ചുമതലകള്‍ ഏറ്റെടുത്ത് ചാള്‍സ് രാജകുമാരന്‍
സെപ്തംബര്‍ 8, 2022
എലിസബത്ത് രാജ്ഞി അന്തരിച്ചു. ചാള്‍സ് രാജാവായി. ചാള്‍സ് മൂന്നാമന്‍ എന്ന പേര് സ്വീകരിക്കുന്നു. കാമില രാജപത്‌നി ആകുന്നു
സെപ്തംബര്‍ 9, 2022
ചാള്‍സ് രാജാവ് ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. അമ്മയുടെ ആത്മസമര്‍പ്പണം പ്രചോദനമാക്കി അതേ ചുമതലാബോധത്തോടെ കര്‍ത്തവ്യങ്ങള്‍ നിറവേറ്റുമെന്ന് വാഗ്ദാനം. വില്യമിനേയും കാതറീനേയും വെയ്ല്‍സ് രാജകുമാരനും വെയ്ല്‍സ് രാജകുമാരിയും ആക്കി പ്രഖ്യാപനം
September 10, 2022
ബ്രിട്ടീഷ് രാജവംശത്തിന്റെ പുതിയ രാജാവായി ചാള്‍സ് മൂന്നാമന്റെ ഔദ്യോഗിക സ്ഥാനാരോഹണം