പ്രധാനമന്ത്രി വസതിയില്‍ മാറിടം കാണിച്ച് സ്ത്രീകളുടെ ചുംബനം: ക്ഷമപറഞ്ഞ് സന മാരിന്‍

Published : Aug 24, 2022, 06:57 PM IST
പ്രധാനമന്ത്രി വസതിയില്‍ മാറിടം കാണിച്ച്  സ്ത്രീകളുടെ ചുംബനം: ക്ഷമപറഞ്ഞ് സന മാരിന്‍

Synopsis

 പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍വെച്ച് രണ്ട് സ്ത്രീകള്‍ മേല്‍ക്കുപ്പായം അഴിച്ച് ചുംബിക്കുന്ന ഫോട്ടോയാണ് വിവാദമായത്.

ഒരാഴ്ചയ്ക്കിടെ രണ്ടാമതും ക്ഷമ പറഞ്ഞ് ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി സന മാരിന്‍. ഇത്തവണ ഒരു ഫോട്ടോഗ്രാഫിനെ ചൊല്ലിയുള്ള വിവാദമാണ് ക്ഷമാപണത്തിന് കാരണമായത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍വെച്ച് രണ്ട് സ്ത്രീകള്‍ മേല്‍ക്കുപ്പായം അഴിച്ച് ചുംബിക്കുന്ന ഫോട്ടോയാണ് വിവാദമായത്. പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളായ രണ്ട് സ്ത്രീകള്‍ ചുംബിക്കുന്ന വീഡിയോ അവര്‍ തന്നെയാണ് ടിക്‌ടോക്കില്‍ പോസ്റ്റ് ചെയ്തത്. സന മാരിന്റെ ബദ്ധശത്രുക്കളായ വലതുപക്ഷ കക്ഷികളും പ്രതിപക്ഷവും ഇത് വിവാദമാക്കിയതിനെ തുടര്‍ന്നാണ് അവര്‍ ക്ഷമ പറഞ്ഞത്. 

നൃത്തവീഡിയോയെ ചൊല്ലി ആദ്യ ക്ഷമാപണം 

ദിവസങ്ങള്‍ക്ക് മുമ്പും പ്രധാനമന്ത്രി രാജ്യത്തോട് ക്ഷമ പറഞ്ഞിരുന്നു. അന്ന് ഒരു വീഡിയോയായിരുന്നു വിവാദ കാരണമായത്. ഒരു സംഘം സ്ത്രീകള്‍ക്കൊപ്പം റിസോര്‍ട്ടില്‍ പ്രധാനമന്ത്രി ആടിപ്പാടി നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയായിലുള്ളത്. ഫിന്‍ലാന്‍ഡിലെ സെലബ്രിറ്റികളും രാഷ്ട്രീയ പ്രമുഖരുമെല്ലാം അടങ്ങിയ പാര്‍ട്ടിയിലായിരുന്നു പ്രധാനമന്ത്രിയുടെ നൃത്തം. കൊക്കെയിന്‍ ലഹരിയിലാണ് പ്രധാനമന്ത്രി നൃത്തം ചെയ്തത് എന്ന രീതിയിലാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. തുടര്‍ന്ന്, കൊക്കൈന്‍ ഉപയോഗിച്ചുള്ള പാര്‍ട്ടിയാണ് നടന്നതെന്ന് ആരോപണം ഉയര്‍ന്നു. അതോടൊപ്പം, ഇവരുടെ രാജിക്കു വേണ്ടിയുള്ള മുറവിളികളും ഉയര്‍ന്നുവന്നു. സോഷ്യല്‍ മീഡിയാ സ്റ്റോറി ആയി പുറത്തുവന്ന വീഡിയോ വൈറലായതിനെ  തുടര്‍ന്ന്, സന മാരിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.  തുടര്‍ന്ന് അവര്‍ സ്വമേധയാ മയക്കുമരുന്ന് പരിശോധനയ്ക്ക് വിധേയയായി. മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല എന്നായിരുന്നു റിസല്‍റ്റ്. 

പ്രധാനമന്ത്രി വസതിയിലെ ചുംബനം

അതിനു തൊട്ടു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ അരയ്ക്കു മുകളില്‍ നഗ്‌നരായ സ്ത്രീകള്‍ ചുംബിക്കുന്ന ഫോട്ടോ പുറത്തുവന്നത്. 

മോഡലും സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സറുമായ സബിന സര്‍ക്കയാണ് സ്വന്തം ടിക്‌ടോക്ക് അക്കൗണ്ടിലൂടെ ഈ ഫോട്ടോ പോസ്റ്റ് ചെയ്തത്. സബിനയും മറ്റൊരു സ്ത്രീയും മേലുടുപ്പുകള്‍ കൈകള്‍ കൊണ്ടുയര്‍ത്തി അരയ്ക്കു മീതെ നഗ്‌നരായി ചുണ്ടുകളില്‍ ഉമ്മ വെയ്ക്കുന്ന ചിത്രമാണ് ഇവര്‍ പോസ്റ്റ് ചെയ്തത്. ഇവരുടെ മാറിടങ്ങളില്‍ ഫിന്‍ലാന്റ് മുദ്രകളും കാണാമായിരുന്നു. ഈ ചിത്രം പെട്ടെന്നു തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. 

അതിനു പിന്നാലെ തീവ്ര വലതുപക്ഷ കക്ഷികളും രാഷ്ട്രീയ എതിരാളികളും സനയ്ക്ക് എതിരെ തിരിഞ്ഞു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ഇത്തരം ആഭാസം നടക്കുന്നത് ക്ഷമിക്കാനാവില്ല എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.  സുഹൃത്തുക്കളെ തെരഞ്ഞെടുക്കുന്നതിലും അവരെ നിയന്ത്രിക്കുന്നതിലും പരാജയമാണ് പ്രധാനമന്ത്രിയെന്നും വിമര്‍ശനം ഉയര്‍ന്നു. 

ഇതിനിടെയാണ് പ്രധാനമന്ത്രി ക്ഷമാപണം നടത്തിയത്. ആ ചിത്രം അനുചിതമായതിനാല്‍ ക്ഷമാപണം നടത്തുന്നു എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. അത്തരമൊരു ചിത്രം എടുക്കാന്‍ പാടില്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു. ജുലൈ എട്ടിന് നടന്ന റൂയിസ്‌റോക്ക് സംഗീത മേളയുമായി ബന്ധപ്പെട്ട് വീട്ടില്‍ സുഹൃത്തുക്കള്‍ക്കായി നടത്തിയ പാര്‍ട്ടിയിലായിരുന്നു ചിത്രമെടുത്തതെന്നും അവര്‍ വ്യക്തമാക്കി. 


വിവാദങ്ങള്‍ക്കിടയിലും പിന്തുണയുമായി സ്ത്രീകള്‍ 

വിവാദങ്ങള്‍ പുത്തരിയല്ല ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി സന്നാ മരിന്. വെറും 36 വയസ്സു മാത്രമുള്ള, സുന്ദരിയായ സന്നാ മരിന്റെ വീഡിയോകളും ഫോട്ടോകളുമെല്ലാം ഇതിനു മുമ്പും വിവാദമായിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കും ഇവ ഇടയാക്കാറുണ്ട്. 

പാര്‍ട്ടിക്കിടെ സുഹൃത്തുക്കള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ പുറത്തുവന്നത് വിവാദമായെങ്കിലും ലോകമെങ്ങും സന മാരിനു പിന്തുണ കൂടുകയാണ് ചെയ്തത്. പ്രധാനമന്ത്രി പാര്‍ട്ടികളില്‍ പങ്കെടുക്കുകയും മദ്യപിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്നത് ശരിയാണോ എന്ന ചര്‍ച്ചയാണ് വീഡിയോ വിവാദത്തിന് പിന്നാലെ ഉണ്ടായത്് കടുത്ത സദാചാര വാദികളായ പ്രതിപക്ഷം വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയെങ്കിലും ഫിന്നിഷ് സ്്രതീകള്‍ പ്രധാനമന്ത്രിക്ക് അനുകൂലമായി വമ്പന്‍ ഹാഷ്ടാഗ് കാമ്പെയിന്‍ തന്നെ നടത്തി. #SolidarityWithSanna എന്ന ഹാഷ് ടാഗ് ആഗോളതലത്തില്‍ ട്രെന്‍ഡിങ് ആണ്. ഇതൊരു നൃത്ത കാംപെയ്ന്‍ ആണ്. ചെറുകൂട്ടമായും അല്ലാതെയും വീടുകളിലും തെരുവുകളിലും പാര്‍ട്ടികളിലും നൃത്തം ചെയ്യുന്ന വീഡിയോകളുമായി  ഫിന്‍ലന്‍ഡിലെ സ്ത്രീകളാണ് ഈ കാംപെയിനിനു തുടക്കം കുറിച്ചത്. മനസ്സ് തുറന്ന് ആനന്ദിക്കുകയും അതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയാണ് ഈ കാപെയിനിലൂടെ ചെയ്യുന്നത്.  

ഇതാദ്യമായല്ല നാട്ടിലെ സ്ത്രീകള്‍ സനക്ക് പിന്തുണയുമായെത്തുന്നത്. 2020-ല്‍ ഫിന്‍ലന്‍ഡിലെ ഒരു ഫാഷന്‍ മാസികയുടെ കവര്‍ചിത്രം സനയായിരുന്നു. കറുത്ത നിറത്തിലുള്ള ബ്ലേസര്‍ ആയിരുന്നു വേഷം. കഴുത്തിറക്കം കൂടി എന്നായിരുന്നു വിമര്‍ശനം ഉയര്‍ന്നത്. ഇങ്ങനെയൊക്കെ ചെയ്യാമോ എന്നായിരുന്നു ചോദ്യം. പിന്നാലെ കഴുത്തിറക്കമുള്ള ഉടുപ്പുകളിട്ട് സ്ത്രീകള്‍ തുരുതുരാ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തു. എന്നാ പിന്നെ ഞങ്ങളുമുണ്ട് എന്ന മട്ടില്‍.  പ്രധാനമന്ത്രി ആയതുകൊണ്ട് നിയന്ത്രണങ്ങളും ചിട്ടകളുമായി വന്ന് പേടിപ്പിക്കേണ്ട എന്നായിരുന്നു ആ പ്രഖ്യാപനം. 

സന ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ 

സോഷ്യല്‍ ഡെമോക്രാറ്റിക് നേതാവായ ആന്റി റിന്നേ രാജിവെച്ചതിന് പിന്നാലെ 2019 ഡിസംബറിലാണ് സന ഫിന്‍ലന്‍ഡിന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്തത്. ലോകത്തെ  ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി. (ഇന്ന് ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രി മോണ്ടിനെഗ്രോ പ്രധാനമന്ത്രി ദ്രിറ്റന്‍ അബസോവിക് ആണ് ). ഇരുപതാംവയസ്സിലാണ് രാഷ്ട്രീയരംഗത്തേക്കുള്ള കടന്നുവരവ്. ആദ്യ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ തോറ്റുപോയെങ്കിലും അഞ്ച് വര്‍ഷത്തില്‍ വിജയവുമായി തിരിച്ചെത്തി. 27-ാം വയസ്സില്‍ കൗണ്‍സില്‍ ലീഡറായി. 2015-ല്‍ എംപിയായി. റിന്നേയുടെ മന്ത്രിസഭയില്‍ ഗതാഗത വാര്‍ത്താ വിനിമയ മന്ത്രിയായി.  മുപ്പത്തിനാലാം വയസ്സില്‍ സന രാജ്യത്തെ മൂന്നാമത്തെ വനിതാപ്രധാനമന്ത്രിയുമായി.

ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യത്തെ പ്രധാനമന്ത്രിക്ക് സന്തോഷിക്കാനും ആഹ്ലാദിക്കാനും പാടില്ലേ എന്നാണ് വിമര്‍ശകരോട് സനയുടെ ചോദ്യം. പ്രധാനമന്ത്രിക്ക് പാര്‍ട്ടിയില്‍ പങ്കെടുക്കാനും നൃത്തം ചെയ്യാനും സ്വാതന്ത്ര്യമില്ലാത്ത നാടാണോ ഇതെന്നാണ് സനയെ പിന്തുണക്കുന്നവര്‍ ചോദിക്കുന്നത്. പ്രധാനമന്ത്രിക്കും സാധാരണ ജീവിതമുണ്ടെന്നാണ് സന ഓര്‍മ്മപ്പെടുത്തുന്നത്. നൃത്തം ചെയ്യുന്നതും പാട്ടുപാടുന്നതും തെറ്റല്ല,  ഒരു ലഹരിയും ഉപയോഗിച്ചിട്ടില്ല, മദ്യവും അമിതമായി ഉപയോഗിച്ചില്ല.  തന്റെ പ്രായത്തിലുള്ള ഏതൊരാളേയും പോലെ താനും ഒഴിവുസമയം ചെലവഴിച്ചതില്‍ പിന്നെന്താണ് തെറ്റെന്നും സന ചോദിക്കുന്നു. 
 
ഒരു സാധാരണ കുടുംബത്തിലാണ് സന ജനിച്ചത്. കുട്ടിക്കാലത്ത് തന്നെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു. സാമ്പത്തികപ്രതിസന്ധിക്കിടെയായിരുന്നു വിദ്യാഭ്യാസം. ബേക്കറിയില്‍ ജോലി ചെയ്തും മാസികകള്‍ വിതരണം ചെയ്തുമെല്ലാം സന ജീവിതച്ചെലവിന് വക കണ്ടെത്തി. അമ്മ ഒരു സ്വവര്‍ഗബന്ധത്തില്‍ ഏര്‍പെട്ടപ്പോള്‍ നേരിടേണ്ടി വന്ന കുറ്റപ്പെടുത്തലുകളും ഏകാന്തതയും സന തുറന്നുപറഞ്ഞിട്ടുണ്ട്. 

തെരഞ്ഞെടുപ്പും കൊവിഡും ഒക്കെ കാരണം നാലു തവണ മാറ്റിവെച്ച ശേഷം 2020 ഓഗസ്റ്റിലായിരുന്നു  ഏറെക്കാലമായി പങ്കാളിയായിരുന്ന മാര്‍ക്കസ് റെയ്‌ക്കോണുമായുള്ള വിവാഹം. കഷ്ടപ്പെട്ടും പോരാടിയും വെല്ലുവിളികള്‍ നേരിട്ടും മുന്നോട്ടുകൊണ്ടുപോകുന്ന ജീവിതത്തില്‍ സന്തോഷിക്കാനും ആഹ്ലാദിക്കാനും അവകാശമില്ലേ എന്നാണ് സനയുടെ ചോദ്യം. നിയമവിരുദ്ധമായി ഒന്നും ചെയ്യുന്നില്ല, പാര്‍ട്ടികളും  സംഗീതപരിപാടികളില്‍ പതിവായി പങ്കെടുക്കുന്നതും എങ്ങനെ തെറ്റാകും എന്നാണ് സന ചോദിക്കുന്നത്. 
 

PREV
Read more Articles on
click me!

Recommended Stories

കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് മലയാളി നേഴ്സിംഗ് വിദ്യാർത്ഥിനി; അന്വേഷണത്തിൽ വമ്പൻ ട്വിസ്റ്റ് !
വായിലേക്ക് വീണ ഇല തുപ്പിക്കളഞ്ഞ 86 -കാരന് യുകെയിൽ 30,000 രൂപ പിഴ!