
''അവരെ നടന്നുപോവോനോ ശ്വാസംകഴിക്കാനിടമില്ലാത്ത ട്രെയിനുകളില്‍ പോവാനോ വിട്ടിരുന്നെങ്കില്‍ ജീവിതകാലത്തൊരിക്കലും എനിക്ക് സ്വസ്ഥത കിട്ടില്ലായിരുന്നു. 20 വര്‍ഷത്തിലേറെ എന്റെ കൂടെ എനിക്കു വേണ്ടി കഷ്ടപ്പെട്ടവരാണ് അവര്‍. ദുരന്ത കാലത്ത് അവരെ കയ്യൊഴിയുക എന്നത് ആലോചിക്കാനേ പറ്റില്ലായിരുന്നു. നല്ല പ്രായമുള്ളവരാണ് അവരെല്ലാം. എനിക്കവര്‍ സ്വന്തം കുടുംബാംഗങ്ങള്‍ തന്നെയാണ്.''-അന്ന് എന്‍ ഡി ടി വിക്ക് നല്‍കിയ അഭിമുഖത്തില്‍ പപ്പന്‍ സിംഗ് ഇങ്ങനെ പറഞ്ഞു.
ദില്ലി കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ഒരു കര്‍ഷകനെ ഇന്നലെ വീടിനടുത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പേര്, പപ്പന്‍ സിംഗ് ഗെഹ്‌ലോട്ട്. പതിറ്റാണ്ടുകളായി കൂണ്‍ കൃഷി ചെയ്തിരുന്ന ഈ മനുഷ്യെന സ്വന്തം വീടിനു മുന്നില്‍ സ്ഥാപിച്ച ക്ഷേത്രത്തിന്റെ മേല്‍ക്കൂരയില്‍ തൂങ്ങി മരിച്ച നിലയിലാണ് കാണപ്പെട്ടത്. മൃതദേഹത്തിനടുത്ത് കാണപ്പെട്ട കുറിപ്പില്‍ അസുഖം കാരണമാണ് ജീവനൊടുക്കുന്നത് എന്നായിരുന്നു എഴുതിയിരുന്നത്. തന്റെ മരണത്തിന് താന്‍ മാത്രമാണ് ഉത്തരവാദിയെന്നും ആത്മഹത്യാ കുറിപ്പില്‍ അദ്ദേഹം എഴുതി. ഭാര്യയും ഒരു മകളുമാണ് അദ്ദേഹത്തിനുള്ളത്്. എന്നാല്‍, അദ്ദേഹത്തിന്റെ വിയോഗത്തോടെ അനാഥമാവുന്നത് അവര്‍ മാത്രമല്ല. അദ്ദേഹത്തിന്റെ കൂണ്‍ തോട്ടങ്ങളില്‍ പണിയെടുക്കുന്ന നൂറിലേറെ അതിഥി തൊഴിലാളികള്‍ കൂടിയാണ്.
ഇങ്ങനെ പറയുമ്പോള്‍, അതൊരു വെറും പറച്ചിലാണെന്ന് ആര്‍ക്കും തോന്നാം. എന്നാല്‍, ആരായിരുന്നു പപ്പന്‍ സിംഗ് എന്നറിഞ്ഞാല്‍, ഈ പ്രയോഗത്തിന്റെ അര്‍ത്ഥം മനസ്സിലാവും.
ഇതിനു മുമ്പ് , കൊവിഡ് രോഗം പടര്‍ന്നുപിടിച്ച ലോക്ക്ഡൗണ്‍ കാലത്താണ് പപ്പന്‍ സിംഗ് വാര്‍ത്തകളില്‍ നിറഞ്ഞത്. സവിശേഷമായ ഒരു കാരണത്താലായിരുന്നു അത്. പൊടുന്നനെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന്, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള അതിഥി തൊഴിലാളികള്‍ പട്ടിണിയും ദുരിതങ്ങളും സഹിച്ച്, കൊടും വെയിലില്‍ ദിവസങ്ങളോളം നടന്ന് ഉള്‍നാടുകളിലെ സ്വന്തം കൂരകളിലേക്ക് കാല്‍നടയായി നടന്നുകൊണ്ടിരുന്ന കാലമായിരുന്നു അത്. അന്നദ്ദേഹം വാര്‍ത്തയായത് ചെറിയ കാര്യത്തിനായിരുന്നില്ല.
തന്റെ തോട്ടങ്ങളില്‍ രണ്ടു പതിറ്റാണ്ടോളം ജോലി ചെയ്തിരുന്ന അതിഥി തൊഴിലാളികളെ വിമാനത്തിലാണ് അദ്ദേഹം ബിഹാറിലെ ഉള്‍നാടുകളിലുള്ള വീടുകളിലെത്തിച്ചത്. കുടിയേറ്റ തൊഴിലാളികള്‍ പൊള്ളിപ്പിടഞ്ഞ് പൊരിവെയിലത്ത് കാലിലൊരു പാദരക്ഷ പോലുമില്ലാതെ നടന്നുകൊണ്ടിരുന്ന സമയത്താണ് വന്‍തുക മുടക്കി അദ്ദേഹം അവരെ വിമാനമാര്‍ഗം വീടുകളില്‍ എത്തിച്ചത്.
നൂറിലേറെ തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള വിമാന ടിക്കറ്റിനായി വന്‍തുകയാണ് അദ്ദേഹം ചെലവിട്ടത്. 68,000 രൂപയായിരുന്നു ഒരു തൊഴിലാളിക്കായി അദ്ദേഹം വിമാന ടിക്കറ്റ് ഇനത്തില്‍ ചെലവിട്ടത്. അതോടൊപ്പം യാത്രാ ചെലവിനായി മൂവായിരം രൂപയും അദ്ദേഹം നല്‍കി. തീര്‍ന്നില്ല. വിമാനമിറങ്ങിയ അവരെ നാടുകളിലേക്ക് എത്തിക്കാന്‍ പാറ്റ്‌നാ വിമാനത്താവളത്തില്‍ പ്രത്യേകം ബസുകളും അദ്ദേഹം സജ്ജമാക്കി. ലോക്ക്ഡൗണിനു ശേഷം ഇവരെ ജോലി സ്ഥലത്തേക്ക് തിരിച്ചെത്തിച്ചതും വിമാനമാര്‍ഗമായിരുന്നു എന്നറിയുമ്പോഴാണ് ആ മഹത്വം പൂര്‍ണ്ണമായി മനസ്സിലാക്കാനാവൂ. ദില്ലി അടക്കമുള്ള എല്ലാ സ്ഥലങ്ങളിലും നിന്ന് അനാഥരായി ലക്ഷക്കണക്കിന് മറുനാടന്‍ തൊഴിലാളികള്‍ ദുരിതയാത്ര ചെയ്യുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ കാരുണ്യം.
വെറും ഷോ ആയിരുന്നില്ല ഇത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ജോലി ചെയ്യാനാവാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്തപ്പോള്‍ രണ്ട് മാസത്തോളമാണ് ഈ തൊഴിലാളികള്‍ പണിയില്ലാതെ കഴിഞ്ഞത്. അവര്‍ക്ക് സുരക്ഷിതമായ താമസ സ്ഥലവും സൗജന്യ ഭക്ഷണവും ഈ കാലയളവില്‍ അദ്ദേഹം നല്‍കിയിരുന്നു. അതിനുശേഷമാണ്, ആദ്യ ലോക്ക്ഡൗണ്‍ പ്രഖ്യാപനം കഴിഞ്ഞ്, യാത്രാ വ്യവസ്ഥകള്‍ ഉദാരമാക്കിയപ്പോള്‍ അവരെ ബിഹാറിലുള്ള വീടുകളിലേക്ക് എത്തിക്കാന്‍ അദ്ദേഹം വിമാന ടിക്കറ്റുകള്‍ വാങ്ങിയത്. ട്രെയിനുകളില്‍ തിങ്ങിനിറച്ച് പോവേണ്ടവരല്ല തന്റെ തൊഴിലാളികള്‍ എന്നു പറഞ്ഞായിരുന്നു അദ്ദേഹം ഇങ്ങനെ ചെയ്തത്.
''അവരെ നടന്നുപോവോനോ ശ്വാസംകഴിക്കാനിടമില്ലാത്ത ട്രെയിനുകളില്‍ പോവാനോ വിട്ടിരുന്നെങ്കില്‍ ജീവിതകാലത്തൊരിക്കലും എനിക്ക് സ്വസ്ഥത കിട്ടില്ലായിരുന്നു. 20 വര്‍ഷത്തിലേറെ എന്റെ കൂടെ എനിക്കു വേണ്ടി കഷ്ടപ്പെട്ടവരാണ് അവര്‍. ദുരന്ത കാലത്ത് അവരെ കയ്യൊഴിയുക എന്നത് ആലോചിക്കാനേ പറ്റില്ലായിരുന്നു. നല്ല പ്രായമുള്ളവരാണ് അവരെല്ലാം. എനിക്കവര്‍ സ്വന്തം കുടുംബാംഗങ്ങള്‍ തന്നെയാണ്.''-അന്ന് എന്‍ ഡി ടി വിക്ക് നല്‍കിയ അഭിമുഖത്തില്‍ പപ്പന്‍ സിംഗ് ഇങ്ങനെ പറഞ്ഞു.
1993 മുതല്‍ കൂണ്‍ കൃഷി ചെയ്തു വരുന്ന പപ്പന്‍ സിംഗ് സമ്പന്നമായ കര്‍ഷക കുടുംബത്തില്‍നിന്നാണ് കൂണ്‍ കൃഷിയിലേക്ക് വരുന്നത്. പ്രതിവര്‍ഷം കൃഷിയില്‍നിന്നു മാത്രം ലക്ഷങ്ങള്‍ സമ്പാദിക്കുന്ന ഒരു കര്‍ഷകനായിരുന്നു അദ്ദേഹം. എന്നിട്ടുമദ്ദേഹം സ്വന്തം കാര്യം മാത്രം നോക്കുന്ന ഒരാളായിരുന്നില്ല. പ്രതിവര്‍ഷം തന്റെ ലാഭവിഹിതത്തില്‍നിന്നും ഒരു തുക തൊഴിലാളികള്‍ക്കായി അദ്ദേഹം നീക്കിവെച്ചിരുന്നു. അതിന്റെ തുടര്‍ച്ച തന്നെയായിരുന്നു ലോക്ക് ഡൗണ്‍ കാലത്തും കണ്ടത്.
ഇന്ത്യയില്‍ മറ്റൊരു തൊഴിലുടമയില്‍നിന്നും മറുനാടന്‍ തൊഴിലാളികള്‍ക്ക് ലഭിക്കാതിരുന്ന കരുണയും സ്‌നേഹവുമാണ് ഈ തൊഴിലാളികള്‍ക്ക് പപ്പന്‍ സിംഗില്‍നിന്നും ലഭിച്ചത്. ഒരു മുഴം കയറില്‍ ആ ജീവിതം അവസാനിക്കുമ്പോള്‍ പൂര്‍ണ്ണമായും അനാഥമായി പോവുന്നത് ഈ തൊഴിലാളികളുംഅവരുടെ കുടുംബാംഗങ്ങളും കൂടിയാണ്.