
കടുത്ത പല്ലുവേദനയെ തുടർന്ന് ഒരു രാത്രി അവധിയാവശ്യപ്പെട്ട സൊസൈറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനെ പരിഹസിച്ച ഫ്ലാറ്റ് ഉടമയുടെ സന്ദേശം സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധത്തിന് വഴിവെക്കുന്നു. "ഇതൊക്കെ ജോലി ചെയ്യാതിരിക്കാനുള്ള വെറും അടവാണ്" എന്നായിരുന്നു വാട്‌സ്ആപ്പ് ഗ്രൂപ്പിൽ സൊസൈറ്റി അംഗത്തിന്‍റെ മറുപടി. സംഭവം വിവാദമായതോടെ വലിയ വിമർശനമാണ് ഇയാൾക്കെതിരെ ഉയരുന്നത്.
സൊസൈറ്റി വാട്‌സ്ആപ്പ് ഗ്രൂപ്പിൽ വന്ന സന്ദേശത്തിന്‍റെ സ്ക്രീൻഷോട്ട് എക്‌സിലൂടെ പുറത്ത് വന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. "എല്ലാവരുടെയും അറിവിലേക്കായി, കടുത്ത പല്ലുവേദന കാരണം നമ്മുടെ സെക്യൂരിറ്റി ശങ്കറിന് ഇന്ന് രാത്രി ജോലിക്ക് വരാൻ കഴിയില്ല," എന്നായിരുന്നു ഗ്രൂപ്പിൽ ലഭിച്ച അറിയിപ്പ്. പിന്നാലെ ഈ അറിയിപ്പ് കണ്ടയുടൻ, "മരുന്ന് വാങ്ങി നൽകൂ, 100 രൂപയല്ലേ ആകൂ". എന്ന് ഒരു അന്തേവാസി പ്രതികരിച്ചു. "മരുന്ന് വാങ്ങി കൊടുക്കൂ, പിന്നെ ആർഡബ്ല്യുഎ എന്തിനാണ്? 50 - 100 രൂപയല്ലേ ചെലവ് വരൂ? അവരുടെ കയ്യിൽ പണമില്ലെങ്കിൽ എന്‍റെ കയ്യിൽ നിന്ന് എടുത്തോളൂ," എന്ന് ഇയാൾ കൂട്ടിച്ചേർത്തു.
Shameless people all around man. pic.twitter.com/zi272qrOne
— ParteekNotPrateek (@randomcricfacts) September 12, 2026
എന്നാൽ, ശങ്കർ ഡോക്ടറെ കണ്ട് മരുന്ന് കഴിച്ചിട്ടുണ്ടെന്നും രാത്രി വിശ്രമം ആവശ്യമായതിനാലാണ് അവധിയെടുക്കുന്നതെന്നും വിവരമറിയിച്ചയാൾ വ്യക്തമാക്കി. ഇതിൽ തൃപ്തനാകാതിരുന്ന അന്തേവാസി, ഇത് പണി എടുക്കാതിരിക്കാനുള്ള തന്ത്രമാണെന്ന് ആരോപിക്കുകയായിരുന്നു. "ഇതൊക്കെ ജോലി ചെയ്യാതിരിക്കാനുള്ള വെറും അടവാണ്. അയാൾക്ക് എന്താ അവിടെ ഇരുന്ന് കരിമ്പ് ചവയ്ക്കേണ്ട പണിയൊന്നുമില്ലല്ലോ? ഗേറ്റിന് മുന്നിൽ ഒരിടത്ത് ഇരുന്നാൽ പോരേ? ഇനിയിപ്പോ വല്ല കാറും മോഷ്ടിക്കപ്പെട്ടാൽ ആര് ഉത്തരം പറയും?" എന്നായിരുന്നു ഇയാളുടെ പ്രതികരണം.
'നാണമില്ലാത്ത ആളുകൾ എല്ലായിടത്തും' എന്ന കുറിപ്പോടെ സംഭവത്തിന്‍റെ സ്ക്രീൻഷോട്ട് വൈറലായതോടെ അന്തേവാസിയുടെ മാനവികതയില്ലാത്ത നിലപാടിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. സാധാരണക്കാരായ തൊഴിലാളികളോട് ദയ കാണിക്കാത്ത ഇത്തരം സമീപനങ്ങൾക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. "മറ്റുള്ളവരോട് ഒരു ദയയുമില്ല, സ്വന്തം കാര്യം മാത്രം നടന്നാൽ മതി," എന്ന് ഒരു ഉപയോക്താവ് കുറിച്ചപ്പോൾ, "അത്രയ്ക്കും നിർബന്ധമാണെങ്കിൽ ആ ഫ്ലാറ്റ് ഉടമയോട് പോയി ഗേറ്റിലിരിക്കാൻ പറയ്, ആ ഒരു രാത്രിയിലെ ജോലിക്ക് പണം നൽകാം" എന്ന് മറ്റൊരു വ്യക്തി പ്രതികരിച്ചു. കോർപ്പറേറ്റ് കമ്പനികളിലെ ചില മാനേജർമാരുടെ അതേ മനോഭാവമാണിതെന്നും, സാധാരണ തൊഴിലാളികളെ മനുഷ്യരായി പോലും പരിഗണിക്കാത്ത ചില സൊസൈറ്റി ഉടമകളുടെ ക്രൂരതയാണ് ഇതെന്നും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നു.