പെയിന്റിംഗിനും കൂലിക്കുമായി വലിയ തുക ഈടാക്കുന്നതിനൊപ്പം അവസാന മാസത്തെ വാടകയായി 16,000 രൂപയും പിടിച്ചുവെച്ചതായി അദ്ദേഹം ആരോപിക്കുന്നു. എന്നാൽ ഈ വലിയ തുകയ്ക്കുള്ള കൃത്യമായ ബില്ലുകളോ രസീതുകളോ ഇനിയും നൽകിയിട്ടില്ലെന്നും വാടകക്കാരൻ വ്യക്തമാക്കുന്നു.

ബെംഗളൂരുവിലെ ഒരു വില്ലയിൽ നിന്ന് വാടകയൊഴിഞ്ഞ വാടകക്കാരന്റെ ഒരു പോസ്റ്റാണ് ഇപ്പോൾ റെഡ്ഡിറ്റിൽ ശ്രദ്ധിക്കപ്പെടുന്നത്. സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ ലഭിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ കുറിച്ചാണ് യുവാവ് കുറിച്ചിരിക്കുന്നത്. 1.3 ലക്ഷം രൂപയുടെ അഡ്വാൻസ് തുകയിൽ നിന്ന് ഏകദേശം 1.1 ലക്ഷം രൂപയും ഉടമ പിടിച്ചുവെച്ചെന്നാണ് പരാതി. രണ്ട് വർഷത്തോളം ഈ 3 ബി.എച്ച്.കെ വില്ലയിൽ വാടകയ്ക്ക് താമസിച്ച യുവാവ് ഈ വർഷം ജൂണിലാണ് വീട് ഒഴിഞ്ഞത്. എന്നാൽ, മാസങ്ങളോളം ഡെപ്പോസിറ്റ് തുക തിരികെ നൽകാൻ ഉടമ തയ്യാറായില്ലെന്നാണ് ആരോപണം.

ഒടുവിൽ കിഴിവുകൾ കഴിഞ്ഞ് 19,000 രൂപ മാത്രമേ തിരികെ നൽകാനാകൂ എന്നാണ് ലാൻഡ്‌ലോർഡ് അറിയിച്ചിരിക്കുന്നത്. വീട് ഒഴിയുമ്പോൾ പെയിന്റിംഗ് നടത്തണമെന്ന കരാർ വ്യവസ്ഥ തങ്ങൾക്ക് അറിയാമെന്നും എന്നാൽ സമയക്കുറവ് കാരണം അത് ചെയ്യാനായില്ലെന്നും വാടകക്കാരൻ സമ്മതിക്കുന്നുണ്ട്. എന്നാൽ, പെയിന്റിംഗിന്റെ പേരിൽ ഇത്രയും വലിയ തുക ഈടാക്കുന്നതിനെതിരെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.

1.3 ലക്ഷം രൂപയിൽ നിന്ന് ഏകദേശം 1.11 ലക്ഷം രൂപയും വെട്ടിക്കുറച്ച് 19,000 രൂപ മാത്രം നൽകുന്നതാണ് പ്രശ്നമെന്ന് റെഡ്ഡിറ്റ് കുറിപ്പിൽ പറയുന്നു. പെയിന്റിംഗിനും കൂലിക്കുമായി വലിയ തുക ഈടാക്കുന്നതിനൊപ്പം അവസാന മാസത്തെ വാടകയായി 16,000 രൂപയും പിടിച്ചുവെച്ചതായി അദ്ദേഹം ആരോപിക്കുന്നു. എന്നാൽ ഈ വലിയ തുകയ്ക്കുള്ള കൃത്യമായ ബില്ലുകളോ രസീതുകളോ ഇനിയും നൽകിയിട്ടില്ലെന്നും വാടകക്കാരൻ വ്യക്തമാക്കുന്നു.

വാടകക്കരാർ, 1.3 ലക്ഷം രൂപ നൽകിയതിന്റെ രേഖകൾ, ഉടമയുമായുള്ള ചാറ്റുകൾ, വീട് ഒഴിഞ്ഞുനൽകിയതിന്റെ വിവരങ്ങൾ എന്നിവയെല്ലാം തന്റെ പക്കലുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇതിനെതിരെ എന്ത് നിയമനടപടി സ്വീകരിക്കാം എന്നറിയാൻ റെഡ്ഡിറ്റിലൂടെ മറ്റുള്ളവരുടെ അഭിപ്രായവും അദ്ദേഹം തേടിയിട്ടുണ്ട്. വിശദമായ ബില്ലുകളും കണക്കുകളും ആവശ്യപ്പെട്ട് ഔദ്യോഗികമായി നോട്ടീസ് അയക്കുകയോ, അമിതമായി ഈടാക്കുന്ന പെയിന്റിംഗ് ചാർജുകളെ ചോദ്യം ചെയ്യുകയോ, നിയമനടപടി സ്വീകരിക്കുകയോ ചെയ്യാമോ എന്നാണ് അദ്ദേഹത്തിന്റെ സംശയം. ഇത്രയുമധികം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകരുതായിരുന്നു എന്ന് പലരും കുറിച്ചു. അതുപോലെ തന്നെ ബെം​ഗളൂരുവിലെ വീട്ടുടമകളുടെ ഇത്തരം സമീപനത്തെ കുറിച്ചും പലരും കമന്റ് നൽകി.