
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാസമാണ് ആഗസ്ത്. വൈദേശികശക്തിയിൽ നിന്നും ഇന്ത്യ സ്വതന്ത്രമായ മാസം. നീണ്ടുനിന്ന പോരാട്ടത്തിലൂടെയും രക്തച്ചൊരിച്ചിലിലൂടെയും നഷ്ടങ്ങളിലൂടെയും 1947 ആഗസ്ത് 15 -ന് അർദ്ധരാത്രിയിൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയെടുക്കുക തന്നെ ചെയ്തു. അനേകം മനുഷ്യരുടെ ചോരയും നീരും വേണ്ടിവന്നു അതിന്. എന്നാൽ, ഇന്ത്യക്കാർ മാത്രമല്ല ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയും പുരോഗതിക്ക് വേണ്ടിയും പ്രവർത്തിച്ചത്. അതിൽ വിദേശികളുമുണ്ട്. അതിൽ പ്രധാനപ്പെട്ട ചിലർ ഇവരായിരുന്നു.
ആനി ബസന്റ്: 1847 ഒക്‌ടോബർ 1-ന് ലണ്ടനിലാണ് ആനി ബസന്റ് ജനിച്ചത്. പിന്നീട്, അവർ തിയോസഫിക്കൽ സൊസൈറ്റിയിൽ ചേർന്നു. സൊസൈറ്റിയിൽ പ്രവർത്തിക്കുന്ന കാലത്ത്, അവർ ഹിന്ദുമതത്തിലേക്കും അതിന്റെ ആത്മീയ ആശയങ്ങളിലേക്കും ആകർഷിക്കപ്പെട്ടു. തിയോസഫിക്കൽ സൊസൈറ്റിയുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി 1893 -ലാണ് അവർ ഇന്ത്യയിലെത്തിയത്. ഇന്ത്യയിൽ വന്ന് കുറച്ച് ദിവസങ്ങൾക്ക് ശേഷം, അവർ ബ്രിട്ടീഷ് ഭരണത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി മാറുകയായിരുന്നു. ഹോം റൂൾ ലീഗായിരുന്നു ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ അവരുടെ പ്രധാന പങ്ക്.
ചാൾസ് ഫ്രീർ ആൻഡ്രൂസ്: മഹാത്മാഗാന്ധിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ പുരോഹിതനും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന സി.എഫ്. ആൻഡ്രൂസ്. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാർക്ക് വേണ്ടി പ്രവർത്തിക്കുകയായിരുന്ന ഗാന്ധിജിയെ തിരികെ നാട്ടിലെത്തിക്കുന്നതിൽ അദ്ദേഹം വലിയ പങ്കാണ് വഹിച്ചത്. ക്രിസ്തുവിന്റെ വിശ്വസ്തനായ അപ്പോസ്തലൻ എന്നായിരുന്നു ഗാന്ധിജി അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. അതുപോലെ സ്വാതന്ത്ര്യസമരത്തിലും അല്ലാതെയും അദ്ദേഹം നൽകിയ സംഭാവനകൾ അദ്ദേഹത്തിന് ദീനബന്ധു എന്ന പേരും നൽകി കൊടുത്തു.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവപങ്കാളി ആയിരുന്നു. രവീന്ദ്രനാഥ ടാഗോർ, ശ്രീനാരയണഗുരു എന്നിവരുമൊക്കെയായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. അതുപോലെ തന്നെ വൈക്കം സത്യാഗ്രഹത്തിലും അദ്ദേഹം പങ്കെടുത്തു. ഡോ. ബി. ആർ അംബേദ്‍കറുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
മീരാബെൻ: ഇംഗ്ലണ്ടിൽ ഒരു കുലീന കുടുംബത്തിൽ ജനിച്ച മാഡെലിൻ സ്ലെയിഡ് ആണ് പിന്നീട് ഗാന്ധിജിയുടെ ശിഷ്യയായ മീരാബെൻ ആയിത്തീർന്നത്. ഗാന്ധിജി തന്നെയാണ് അവരെ ആദ്യമായി മീരാബെൻ എന്ന് വിളിക്കുന്നതും. ഫ്രഞ്ച് ദാർശനികനായ റൊമൈൻ റോളണ്ടിൽ നിന്നും അവർ ഗാന്ധിജിയെ കുറിച്ച് കേൾക്കുകയും ആ പ്രവർത്തനങ്ങളിൽ ആകൃഷ്ടയാവുകയും ചെയ്തു. പിന്നീട്, ഗാന്ധിജിക്ക്, തന്നെ ശിഷ്യയാക്കണം എന്ന് അഭ്യർത്ഥിച്ച് അവർ കത്തെഴുതുകയായിരുന്നു. ഗാന്ധിജി കുറേ പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. ഒടുവിൽ 1925 -ൽ അവർ ഇന്ത്യയിലെത്തിച്ചേർന്നു.
ആഗാഖാൻ കൊട്ടാരത്തിൽ ഗാന്ധിജിയ്‍ക്കൊപ്പം അവരും സ്വാതന്ത്ര്യസമരകാലത്ത് തടവിലായി. ഗാന്ധിജിയുടെ മരണത്തിന് ശേഷവും 20 വർഷത്തോളം അവർ ഇന്ത്യയിൽ കഴിഞ്ഞു. പിന്നീട് നാട്ടിലേക്ക് മടങ്ങി.
സ്വാമിനി നിവേദിത: ഐറിഷുകാരിയായ സ്വാമിനി നിവേദിത സ്വാമി വിവേകാനന്ദന്റെ ശിഷ്യ ആയിരുന്നു. ഇന്ത്യയിലെത്തിയ ശേഷം അവർ ഇന്ത്യയുടെ സ്വാതന്ത്ര്യപോരാട്ടത്തിൽ പങ്ക് വഹിച്ചു. ആനി ബസന്റിന്റെയും ശ്രീ അരബിന്ദോയുടെയും സുഹൃത്തായിരുന്നു അവർ. ഇന്ത്യയിലെ സ്ത്രീകളുടെ വിദ്യാഭ്യാസത്തിലും അവർ വലിയ പങ്ക് വഹിച്ചു. ജനങ്ങൾക്കിടയിൽ ദേശീയത പ്രോത്സാഹിപ്പിക്കുന്നതിലും സ്വദേശി പ്രസ്ഥാനത്തിന്റെ പ്രവർത്തനത്തിലും അവർ വഹിച്ച പങ്കും അവിസ്മരണീയമാണ്.
വെറിയർ എൽവിൻ, ആൽഫ്രഡ് വെബ് തുടങ്ങി ഇനിയുമുണ്ട് ഇന്ത്യക്കാരല്ലാത്ത ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും വളർച്ചയ്ക്കും വേണ്ടി പ്രവർത്തിച്ച ഒരുപാടുപേർ. നാം മറന്നുകൂടാത്തവർ.