പ്ലസ്‍ടു -വിന് പഠിക്കുമ്പോൾ ആസിഡ് ആക്രമണം, 80 ശതമാനം പൊള്ളൽ, തളരാതെ പ്രതിയെ അഴിക്കുള്ളിലാക്കിയ പോരാട്ടം

By Web TeamFirst Published May 19, 2022, 12:17 PM IST
Highlights

2014 -ഓടെ, അവളുടെ കാലുകളിൽ അണുബാധയുണ്ടായി. അവളുടെ നടക്കാനുള്ള കഴിവ് ഇതോടെ നഷ്ടപ്പെട്ടു. ആറോ ഏഴോ വർഷത്തേയ്ക്ക് അവൾക്ക് നടക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ വിധിച്ചു. അവളുടെ നില വഷളായപ്പോൾ കട്ടക്കിലെ ഒരു സ്വകാര്യ ആശുപത്രിയിൽ അവളെ പ്രവേശിപ്പിച്ചു. ചികിത്സകൾക്കൊടുവിൽ അവൾ വീണ്ടും നടന്ന് തുടങ്ങി. 

പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് പ്രമോദിനി റൗളിന് (Pramodini Roul) നേരെ ആസിഡ് ആക്രമണം നടക്കുന്നത്. അന്ന് സൈനികനായി ജോലി ചെയ്തിരുന്ന സന്തോഷ് വേദാന്ത(Santosh Bedanta)യുടെ വിവാഹാലോചന നിരസിച്ചതായിരുന്നു കാരണം. അവളുടെ ശരീരത്തിന്റെ 80 ശതമാനവും പൊള്ളലേറ്റു, രണ്ട് കണ്ണിന്റെയും കാഴ്ച നഷ്ടപ്പെട്ടു. ഒടുവിൽ ജീവച്ഛവമായ ആ ശരീരത്തിൽ ശ്വാസം മാത്രം ബാക്കിയായി. വർഷങ്ങളോളം അവൾ ആ കിടപ്പ് കിടന്നു. പിന്നീട് നില വഷളായപ്പോൾ ആശുപത്രിയിലേയ്ക്ക് മാറ്റി. ശസ്ത്രക്രിയകൾക്കും, തുടർചികിത്സക്കും ഒടുവിൽ അവൾക്ക് നടക്കാമെന്നായി. 

അതിനിടയിൽ തെളിവില്ലെന്ന് പറഞ്ഞ് പൊലീസ് കേസന്വേഷണം അവസാനിപ്പിച്ചു. ഇതോടെ അവൾ സ്വയം തെളിവ് തേടി ഇറങ്ങി, മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകി. തുടർന്ന്, പൊലീസ് കേസ് പുനരാരംഭിച്ചു. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു. ഇപ്പോൾ സംഭവം നടന്ന് 13 വർഷങ്ങൾക്ക് ശേഷം, പ്രമോദിനി റൗളിന് നീതി ലഭിച്ചിരിക്കുന്നു. ഇന്ത്യൻ കരസേനയിലെ മുൻ ജവാൻ ഉൾപ്പെടെ രണ്ട് പേർക്ക് 14 വർഷത്തെ തടവ് ശിക്ഷ വിധിച്ചിരിക്കയാണ് ഒഡീഷയിലെ ജഗത്സിംഗ്പൂരിലെ (Odisha's Jagatsinghpur) കോടതി.  

2009 ഏപ്രിൽ 18 -നായിരുന്നു ആക്രമണം നടന്നത്. ജഗത്സിംഗ്പൂർ ജില്ലയിലെ ഒരു വിധവയുടെ മൂന്ന് പെൺമക്കളിൽ ഒരാളായിരുന്നു പ്രമോദിനി. അന്ന് അവൾക്ക് 17 വയസ്സായിരുന്നു. അവളുടെ സ്കൂളിനടുത്ത് ഒരു പട്ടാള ക്യാമ്പുണ്ടായിരുന്നു. അന്ന് സൈനികനായി ജോലി ചെയ്തിരുന്ന സന്തോഷ് വേദാന്തയും ഇലക്ഷൻ ഡ്യൂട്ടിയുടെ ഭാഗമായി ക്യാമ്പിലുണ്ടായിരുന്നു. അവിടെ വച്ച് 35 -കാരനായ സന്തോഷ് പ്രമോദിനിയെ കാണുകയും വിവാഹാലോചന നടത്തുകയും ചെയ്തു. അക്കാലത്ത് പ്രമോദിനിയ്ക്ക് പതിനെട്ട് പോലും തികഞ്ഞിട്ടില്ല, വളരെ ചെറുപ്പം. അവൾക്ക് കൂടുതൽ പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നു. അതിനാൽ വീട്ടുകാർ ആ വിവാഹാലോചന നിരസിച്ചു. എന്നാൽ, ഇതിന് ശേഷവും സന്തോഷ് പ്രമോദിനിയെ പിന്നാലെ നടന്ന് ശല്യപ്പെടുത്തുമായിരുന്നു. ഒടുവിൽ 2009 -ൽ സന്തോഷ് പ്രമോദിനിയുടെ മേൽ ആസിഡ് ഒഴിച്ചു. അതിനെ തുടർന്ന്, കാഴ്ച നഷ്ടപ്പെട്ട്, ശരീരം വികൃതമായി, ശവം കണക്കെ അവൾ കിടന്നു. അസഹനീയമായ വേദനയിൽ ഒന്ന് ഉറക്കെ കരയാൻ പോലും അവൾക്ക് സാധിച്ചിരുന്നില്ല. ഒരു നേർത്ത ഞരക്കം മാത്രമായിരുന്നു അവളിൽ നിന്ന് പുറത്ത് വന്നത്.

2014 -ഓടെ, അവളുടെ കാലുകളിൽ അണുബാധയുണ്ടായി. അവളുടെ നടക്കാനുള്ള കഴിവ് ഇതോടെ നഷ്ടപ്പെട്ടു. ആറോ ഏഴോ വർഷത്തേയ്ക്ക് അവൾക്ക് നടക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ വിധിച്ചു. അവളുടെ നില വഷളായപ്പോൾ കട്ടക്കിലെ ഒരു സ്വകാര്യ ആശുപത്രിയിൽ അവളെ പ്രവേശിപ്പിച്ചു. ചികിത്സകൾക്കൊടുവിൽ അവൾ വീണ്ടും നടന്ന് തുടങ്ങി. അതിനിടയിൽ സന്തോഷിനെതിരെ പ്രമോദിനി പൊലീസിൽ പരാതി നൽകി. എന്നാൽ, പൊലീസിന് ഇയാൾക്കെതിരെ ഒരു തുമ്പും ലഭിച്ചില്ല. 2012 -ൽ അന്വേഷണം പൊലീസ് അവസാനിപ്പിച്ചു. എന്നാൽ, പക്ഷേ എല്ലാം അത്ര എളുപ്പത്തിൽ അവസാനിപ്പിക്കാൻ പ്രമോദിനി തയ്യാറായില്ല. ജവാന്റെ സുഹൃത്തുക്കളുമായുള്ള സംഭാഷണങ്ങൾ റെക്കോർഡുചെയ്യുന്നത് ഉൾപ്പെടെ സ്വന്തമായി തെളിവുകൾ ശേഖരിക്കാൻ തുടങ്ങി അവൾ. 2017 -ൽ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിനെ സമീപിച്ച് കേസിൽ പുനഃരന്വേഷണം വേണമെന്ന് അഭ്യർത്ഥിച്ചു. പട്നായിക് സമ്മതിച്ചു.

ജമ്മു കശ്മീരിലെ കുപ്‌വാരയിൽ ഭാര്യയ്ക്കും കുട്ടിക്കുമൊപ്പം താമസിച്ചിരുന്ന സന്തോഷ് 2017 നവംബറിൽ പിടിക്കപ്പെട്ടു. അറസ്റ്റിന് തൊട്ടുപിന്നാലെ സൈന്യം ഇയാളെ പിരിച്ചുവിട്ടു. ആസിഡ് വാങ്ങാൻ സന്തോഷിനെ സഹായിച്ച ബിശ്വജിത്ത് ദൽസിംഗ്‌റെയും ഇതേ സമയത്ത് തന്നെ അറസ്റ്റിലായി. ഇരുവരും ഇപ്പോൾ ജയിലിലാണ്. ഒടുവിൽ ഇപ്പോൾ അവർക്ക് 14 വർഷം തടവും ലഭിച്ചിരിക്കയാണ്. അതിന് പുറമേ 15,000 രൂപ വീതം പിഴയും കോടതി വിധിച്ചു. എന്നാൽ, ഈ വിധിയിൽ താൻ തൃപ്തയല്ലെന്നും ഉത്തരവിനെതിരെ ഒറീസ ഹൈക്കോടതിയെ സമീപിക്കുമെന്നും ഇപ്പോൾ 30 വയസ്സുള്ള പ്രമോദിനി പറഞ്ഞു. 

“എനിക്ക് അയാൾക്ക് വധശിക്ഷ ഒന്നും വാങ്ങി കൊടുക്കേണ്ട. പക്ഷേ, അവനെ ജീവിതകാലം മുഴുവൻ അഴിക്കുള്ളിൽ ഇടണം” അവൾ പറഞ്ഞു. ഏഴ് വർഷത്തെ പ്രണയത്തിന് ശേഷം സരോജ് സാഹൂ എന്ന മെഡിക്കൽ റെപ്രസന്റേറ്റീവിനെ വിവാഹം കഴിച്ചതിന്റെ പേരിൽ കഴിഞ്ഞ വർഷം പ്രമോദിനി വീണ്ടും വാർത്തകളിൽ ഇടം നേടിയിരുന്നു. 2014 -ൽ അവൾ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സമയത്താണ് അവർ ഇരുവരും കണ്ടുമുട്ടുന്നത്.  

click me!